അനധികൃതമായി കടന്നു വരുന്ന അഭയാർഥികളെ അറസ്റ്റ് ചെയ്യാൻ നിയമപാലകർക്കു അധികാരം നൽകുന്ന ടെക്സസിന്റെ നിയമം ന്യൂ ഓർലിയൻസിലെ അപ്പീൽ കോടതി ചൊവാഴ്ച രാത്രി സ്റ്റേ ചെയ്തു. നിയമത്തിനു അനുമതി നൽകിയ ശേഷം അതിന്റെ സാധുത നിർണയിക്കാൻ അപ്പീൽ കോടതിയിലേക്കു സുപ്രീം കോടതി അയച്ചു മണിക്കൂറുകൾക്കുള്ളിലാണ് സ്റ്റേ വന്നത്.
ഫിഫ്ത് കോർട്ട് ഓഫ് അപ്പീൽസ് 2-1 വോട്ടിനാണ് സ്റ്റേ നൽകിയത്. സർക്യൂട്ട് ജഡ്ജ് ആൻഡ്രൂ ഓൾധാം സ്റ്റേ നൽകുന്നതിനെ എതിർത്തു. സ്റ്റേ നൽകണമെന്നു ജഡ്ജിമാരായ പ്രിസില്ല റിച്ച്മാൻ, ഇമ കാറിലോ റാമിറെസ് എന്നിവർ നിലപാടെടുത്തു.
മൂന്ന് ജഡ്ജിമാരും ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന വിചാരണയിൽ പങ്കെടുക്കും. ഭരണഘടനാപരമായി ഈ നിയമത്തിനു സാധുതയുണ്ടോ എന്ന് അവർ അടുത്ത മാസം വിലയിരുത്തും. അതിൽ തീരുമാനമാവും വരെ സ്റ്റേ തുടരുമെന്നാണ് നിഗമനം.
കുടിയേറ്റ നിയമം ഫെഡറൽ വിഷയമാണെന്നും ഓരോ സ്റ്റേറ്റും നിയമം കൊണ്ടുവന്നാൽ മൊത്തം ആശയക്കുഴപ്പമാവുമെന്നും ബൈഡൻ ഭരണകൂടം വാദിക്കുന്നു. ബൈഡൻ നടപടി എടുക്കാത്തതിനാൽ സ്വയ രക്ഷയ്കാണ് നിയമം കൊണ്ടുവന്നതെന്നു ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ട് പറയുന്നു.
Appeals court stays Texas immigration law