Image

അഞ്ചക്കള്ളകോക്കാന്‍ - പൊറാട്ട് നാടക ശൈലിയില്‍ ഒരു കുറ്റാന്വേഷണ കഥ

Published on 20 March, 2024
അഞ്ചക്കള്ളകോക്കാന്‍ - പൊറാട്ട് നാടക ശൈലിയില്‍ ഒരു കുറ്റാന്വേഷണ കഥ

'അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്' ഇതെന്തു പേരാണെന്ന് അന്തം വിടുന്ന പ്രേക്ഷകര്‍ക്കു മുന്നിലേക്ക് അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം തന്നെ നല്‍കുകയാണ് നടന്‍ ചെമ്പന്‍ വിനോദിന്റെ അനുജന്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ പ്രമേയവും കഥ പറച്ചിലിന്റെ രീതിയുമാണ് പ്രധാന ആകര്‍ഷണം. പക്കാ എന്റര്‍ടെയന്‍ന്റമെന്‍രായി എടുത്ത ചിത്രം പവര്‍ പായ്ക്ക്ഡ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ്. പൊറാട്ട് നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണ കഥ പറയുന്ന ശൈലി പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാവും എന്നതില്‍ സംശയമില്ല. 

മനുഷ്യര്‍ പലരും പുറമേ കാണുന്നതു പോലെയല്ല. അവസരം കിട്ടിയാല്‍ അവന്റെ ഉള്ളിലെ മൃഗീയ വാസനകള്‍ പലതും തുടല്‍ പൊട്ടിച്ചു പുറത്തു ചാടും. കാളഹസ്തി എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥയും അതു പോലെ തന്നെ. കാളഹസ്തിയിലെ മാടമ്പിയാണ് ചാപ്ര. മറ്റുളളവരുമായി പടവെട്ടിയും അടികൂടിയും അടി തിരിച്ചു വാങ്ങിയുമൊക്കെ അയാള്‍ നേടിയെടുത്തതാണ് തന്റെ അപ്രമാദിത്വം. രാത്രിയില്‍ നായാട്ടിനിറങ്ങി കാട്ടുമൃഗങ്ങളുടെ രുചിയുള്ള കാട്ടിറച്ചിയും മദ്യവും നല്‍കി പോലീസുകാരെ സല്‍ക്കരിച്ചു കൊണ്ടാണ് അയാള്‍ നിയമപാലകരെ പോലും തന്റെ സില്‍ബന്ധികളാക്കുന്നു. തന്റെ പണത്തിന്റെയും കൈയ്യൂക്കിന്റെയും പിന്‍ബലത്തില്‍ രാഷ്ട്രീയക്കാരെ പോലും അയാള്‍ തന്റെ വരുതിയിലാക്കുന്നു. അങ്ങനെയിരിക്കേ ഏവരേയും #അമ്പരപ്പിച്ചു കൊണ്ട് ചാപ്ര കൊല്ലപ്പെടുന്നു. ആരാണ് കൊലയാളിയെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. തിരഞ്ഞെടുപ്പ് അടുത്ത സമയം. പ്രമാണിയും തന്റേടിയുമായ ചാപ്രയുടെ കൊലപാതകം രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദനയാകുന്നു.

ഈ സമയത്താണ് കാളഹസ്തിയിലേക്ക് പോലീസുകാരനായി ജോലി കിട്ടി ആദ്യത്തെ അപ്പോയിന്റ്‌മെന്റുമായി വാസുദേവന്‍ കാളഹസ്തിയിലെത്തിയത്. ശരിക്കും ഭയന്നുകൊണ്ടാണ് അയാളുടെ വരവ്. തങ്ങളുടെ അപ്പനെ കൊന്നവനെ കണ്ടെത്തി പ്രതികാരം ചെയ്യാന്‍ പരക്കം പായുകയാണ് ചാപ്രയുടെ മക്കള്‍. കൊലയാളിയെ കണ്ടെത്താന്‍ നാടെങ്ങും അരിച്ചു പെറുക്കി നായാട്ട് നടത്തുന്ന പോലീസുകാര്‍. കാളഹസ്തിയുടെ പ്രത്യേകത അവിടെ  സ്ത്രീകള്‍ പോലും വൈകുന്നേരങ്ങളില്‍ ഷാപ്പില്‍ പോയി അന്തിക്കള്ളടിച്ച് പാട്ടും മേളവുമായി നടക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ കഴിയാന്‍ തുടങ്ങിയതോടെ പണ്ട് വസുദേവന്റെ ഉള്ളില്‍ ചങ്ങലയ്ക്കിട്ടിരുന്ന കോക്കാന്‍ ചങ്ങല പൊട്ടിക്കാന്‍ തുടങ്ങുന്നു.

നടവരമ്പന്‍ പീറ്റര്‍ എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് എന്ന നടന്റെ അത്യുജ്ജ്വല പ്രകടനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചെമ്പന്റെ കരിയറിലെ തന്നെ ഏറ്റവും മീകച്ച വേഷങ്ങളിലൊന്നായി ഈ കഥാപാത്രം മാറുമെന്നുറപ്പാണ്. അതോടൊപ്പം തന്നെ ചാപ്ര എന്ന കഥാപാത്രമായി ശ്രീജിത്ത് രവിയും ഗംഭീര അഭിനയമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഭീരുവായ വാസുദേവന്‍ എന്ന പോലീസുകാരനായി ലുക്ക്മാന്‍ അവറാന്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. താരത്തിന്റെ ഇതിനു മുമ്പുള്ള ചിത്രങ്ങളില്‍ നിന്നും പക്കാ വ്യത്യസ്തമായ കഥാപാത്രമാണ് ഇതിലെ വാസുദേവന്‍. മേഘ തോമസ് അവതരിപ്പിച്ച വാല്യക്കാരി പദ്മിനിയുടെ കഥാപാത്രവും ശ്രദ്ധേയമായി. മണികണ്ഠന്‍ ആചാരി അവതരിപ്പിച്ച ശങ്കരന്‍, മെറിന്‍ ജോസിന്റെ ഗില്ലാപ്പി, സെന്തില്‍ കൃഷ്ണയുടെ കൊള്ളിയാന്‍ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കന്നഡ ചുവയോടെ മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങളും രസകരമാണ്.

ഉല്ലാസ് ചെമ്പന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണിത്. ചിത്രത്തിന്റെ പേരില്‍ തൊട്ട് പുതുമയും കൗതുകവും കൊണ്ടു വരാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാല പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ച് കഥയും കഥാപരിസരവുമൊരുക്കാനും വ്യത്യസ്തമായ രീതിയില്‍ കഥപറയാനും കഴിയുന്ന പുതുതലമുറ സംവിധായകര്‍ക്കൊപ്പം തന്നെ ഇനി ഉല്ലാസ് ചെമ്പന്റെ പേരും ഉണ്ടാകും. കഥയും തിരക്കഥയും ഉല്ലാസ് തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് അത്യധികം പ്രാധാന്യമുള്ള ചിത്രം ചെറുപ്പക്കാരുടെ കൈയ്യടി നേടുമെന്നതില്‍ സംശയമില്ല. മാസ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിലുടനീളം അടിയും ഇടിയും തല്ലുമാല മോഡലില്‍ അരങ്ങേറുന്നുണ്ട്. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും സിനിമയുടെ ആകെയുള്ള മൂഡിനനുസരിച്ചുള്ളതാണ്. തിയേറ്ററുകള്‍ ഇളക്കി മിറക്കാന്‍ പോന്ന വിധത്തിലുള്ള ത്രസിപ്പിക്കുന്ന നൃത്തവും സംഗീതവും പ്രേക്ഷകനെ അടിമുടി ത്രില്ലടിപ്പിക്കുന്നുണ്ട്. മാസ്സ് ആക്ഷന്‍ രംഗങ്ങളും തമാശയും ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ടര മണിക്കൂര്‍ സുഖമായി കണ്ടിരിക്കാവുന്ന ചിത്രമാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക