Image

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായി, മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വൃക്ക വില്‍ക്കുമെന്ന് സന്ദേശം

Published on 20 March, 2024
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായി, മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വൃക്ക വില്‍ക്കുമെന്ന് സന്ദേശം

ഒഹായോവിലെ ക്ലീവ് ലാന്റില്‍ യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിയായ ഇന്ത്യന്‍ സ്വദേശിയെ കാണാതായി വാര്‍ത്ത. ഹൈദരാബാദ് സ്വദേശി അബ്ദുള്‍ മുഹമ്മദ് (25) എന്നയാളെയാണ് കാണാതായിരിക്കുന്നത്. മകനെ വിട്ടുകിട്ടാന്‍ 1,200 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) മോചനദ്രവ്യം ചോദിച്ചുവെന്നും കൊടുത്തില്ലെങ്കില്‍ വൃക്ക എടുത്ത വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ പറയുന്നു.

ഒഹായോയിലെ ക്ലീവ്ലാന്‍ഡ് യുണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദമെടുക്കാനാണ് അബ്ദുള്‍ മുഹമ്മദ് കഴിഞ്ഞ മേയില്‍ യു.എസിലേക്ക് പോയത്. മാര്‍ച്ച് ഏഴ് മുതല്‍ മകനുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച അജ്ഞാത നമ്പറില്‍ നിന്ന് വിളി വന്നു. മകനെ ക്ലീവ്ലാന്‍ഡിലെ ലഹരി വില്‍പ്പനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് അറിയിച്ചതായും പിതാവ് മുഹമ്മദ് സലീം പറയുന്നു. 1200 ഡോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എങ്ങനെയാണ് പണം അയക്കേണ്ടതെന്ന് വ്യക്തമാക്കിയില്ല. പണം നല്‍കിയില്ലെങ്കില്‍ മകന്റെ ഒരു വൃക്ക മാഫിയയ്ക്ക് വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.

മുഹമ്മദ് സലീം അറിയിച്ചതനുസരിച്ച് യു.എസിലുള്ള ബന്ധുക്കള്‍ ക്ലീവ്ലാന്‍ഡ് പോലീസില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലിലും പരാതി നല്‍കിയിട്ടുണ്ട്. കാണാതാകുമ്പോള്‍ യുവാവ് വെളുത്ത ടിഷര്‍ട്ടും ചുവന്ന ജാക്കറ്റും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി യു.എസില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. ഈ വര്‍ഷം മാത്രം ഒമ്പത് കുട്ടികളാണ് മരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക