Image

ഇന്ത്യൻ ബിസിനസ് ഉടമയുടെ $340,000 സംഭാവന ബൈഡൻ കാമ്പയ്ൻ മരവിപ്പിച്ചു; പണത്തിന്റെ  ഉറവിടത്തെപ്പറ്റി ദുരൂഹതകൾ (പിപിഎം) 

Published on 20 March, 2024
ഇന്ത്യൻ ബിസിനസ് ഉടമയുടെ $340,000 സംഭാവന ബൈഡൻ കാമ്പയ്ൻ മരവിപ്പിച്ചു; പണത്തിന്റെ  ഉറവിടത്തെപ്പറ്റി ദുരൂഹതകൾ (പിപിഎം) 

ഇന്ത്യൻ അമേരിക്കൻ ബിസിനസ് ഉടമയിൽ നിന്നുള്ള $340,000 സംഭാവന മരവിപ്പിക്കാൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിയും തീരുമാനിച്ചു. ഗൗരവ് ശ്രീവാസ്തവ നൽകിയ 50,000 ഡോളറിന്റെ സംഭാവനയുടെ ഉറവിടം സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് അതു മരവിപ്പിക്കാൻ ബൈഡൻ വിക്ടറി ഫണ്ടും മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നുള്ള $290,000 മാറ്റി വയ്ക്കാൻ ഡെമോക്രാറ്റിക് കോൺഗ്രെഷനൽ നാഷനൽ കമ്മിറ്റിയും തീരുമാനിച്ചു.  

ലോസ് ആഞ്ജലസിൽ ബിസിനസുള്ള ശ്രീവാസ്തവ അവിടെ നടത്തുന്ന ഗൗരവ് ആൻഡ് ഷാറൺ  ശ്രീവാസ്തവ ചാരിറ്റി വിവാദങ്ങളിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. അറ്റ്ലാന്റിക് കൌൺസിൽ എന്ന തിങ്ക് ടാങ്ക് 2022ൽ അദ്ദേഹത്തിന്റെ $1 മില്യൺ സംഭാവന ലഭിച്ച ശേഷം ബന്ധം വിഛേദിച്ചിരുന്നു. ബാലിയിലെ വേൾഡ് ഫുഡ് സെക്യൂരിറ്റി ഫോറത്തിനുള്ളതായിരുന്നു ആ പണം. 

യുഎസ് തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചു സ്ഥാനാർഥിക്കു ഒരു വ്യക്തി 3,300 ഡോളറിൽ കൂടുതൽ നേരിട്ടു നൽകാൻ പാടില്ല. എന്നാൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന പ്രചാരണ കമ്മിറ്റികൾക്കു നൽകാം. 

ശ്രീവാസ്തവയുടെ വെബ്സൈറ്റിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് ജീവകാരുണ്യ പ്രവർത്തകൻ എന്നാണ്. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും നൽകുന്നില്ല. 

ശ്രീവാസ്തവ ദമ്പതിമാർ അന്താരാഷ്ട്ര സാമൂഹ്യ സേവന പശ്ചാത്തലം ഉള്ളവരാണെന്നു ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്. ലോകമൊട്ടാകെ ഭക്ഷ്യ-ഊർജ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു എന്ന അവകാശവാദവുമുണ്ട്. 

ബൈഡൻ വിക്ടറിക്കു സംഭാവന നൽകിയപ്പോൾ ശ്രീവാസ്തവ AECOM എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്നാണ് അവകാശപ്പെട്ടത്. എന്നാൽ അങ്ങനെയൊരാൾ യുഎസിൽ അവർക്കു വേണ്ടി ജോലി ചെയ്യുന്നില്ലെന്നു കമ്പനി പറയുന്നു. പാർട്ടി കമ്മിറ്റിക്കു സംഭാവന നൽകിയപ്പോൾ താൻ യൂണിറ്റി റിസോഴ്സ് ഗ്രൂപ് എന്ന സ്ഥാപനത്തിന്റെ ഉടമയാണെന്നു അവകാശപ്പെട്ടു. 

ശ്രീവാസ്തവ ഏറെ സ്വാധീനം കൈവരിച്ചിട്ടുണ്ടെന്ന് 'പൊളിറ്റിക്കോ' പറഞ്ഞു. ബൈഡന്റെ കൂടെ അദ്ദേഹം നിൽക്കുന്ന ചിത്രം എൽ എ വീക്ക്ലി പ്രസിദ്ധീകരിച്ചു. ബൈഡൻ സെനറ്റർ ആയിരിക്കെ നിയമോപദേഷ്ടാവ് ആയിരുന്ന അങ്കിത് ദേശായിയുടെ സ്ഥാപനവുമായി ശ്രീവാസ്തവയ്ക്കു ബന്ധം ഉണ്ടായിരുന്നു.  

നേറ്റോ സുപ്രീം കമാൻഡർ ആയിരുന്ന വെസ്‌ലി ക്ലാർക്കിന്റെ സേവനം ശ്രീവാസ്തവ ഉപയോഗിച്ചിരുന്നു. അന്താരാഷ്ട നേതാക്കളുമായി ശ്രീവാസ്തവയെ ബന്ധപ്പെടുത്തിയെന്നു ക്ലാർക് 'പൊളിറ്റിക്കോ'യോട് പറഞ്ഞു. പക്ഷെ ശ്രീവാസ്തവ പ്രതിഫലം നൽകിയില്ല. അതു കൊണ്ട് 10 മാസം കഴിഞ്ഞപ്പോൾ പിരിഞ്ഞു. 
 
രാഷ്ട്രീയ നേതാക്കൾക്ക് വമ്പിച്ച സംഭാവനകൾ നൽകാൻ ശ്രീവാസ്തവയ്ക്കു ആഗ്രഹം ഉണ്ടായിരുന്നുവെന്നും ക്ലാർക് പറയുന്നു. ബൈഡന്റെ പ്രചാരണ മാനേജർ ആയിരുന്ന ഗ്രെഗ് ഷുറ്സിനെ പരിചയപ്പെടുത്തി. 
  
Biden campaign freezes donations from Indian businessman  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക