Image

തിരിച്ചടികൾ പഴങ്കഥ; നോഹയും നയനയും ഫോം വീണ്ടെടുക്കുന്നു (സനിൽ പി.തോമസ്)

Published on 21 March, 2024
തിരിച്ചടികൾ പഴങ്കഥ; നോഹയും നയനയും ഫോം വീണ്ടെടുക്കുന്നു (സനിൽ പി.തോമസ്)

പാരിസ് ഒളിംപിക്സ് ജൂലൈയിൽ തുടങ്ങാനിരിക്കെ ട്രാക്കിലും ഫീൽഡിലും ഇന്ത്യൻ താരങ്ങൾ സജീവമാകുന്നു. ടോക്കിയോയിൽ നീരജ് ചോപ്ര നേടിയ സ്വർണവും പുരുഷ റിലേ ടീമിൻ്റെ പ്രകടനവും ഒക്കെ ഇതര താരങ്ങളിലും ആത്മവിശ്വാസം ഉണർത്തുന്നു. മറ്റ് ഇനങ്ങളിലെ താരങ്ങൾക്കു പിന്നാലെ അത്ലിറ്റുകളും  പരിശീലനത്തിനും മത്സര പരിചയത്തിനുമായി വിദേശയാത്രയ്ക്ക്   ഒരുങ്ങുന്നു.തിരുവനന്തപുരത്ത് നടന്ന ഓപ്പൺ 400 മീറ്റർ മത്സരങ്ങളിലും ബെംഗളുരുവിൽ നടന്ന ഓപ്പൺ ജംപ്സ് ഇനങ്ങളിലും വമ്പൻ കുതിപ്പൊന്നും കണ്ടില്ല.പക്ഷേ, രണ്ടു മലയാളി താരങ്ങളുടെ തിരിച്ചുവരവ് ശ്രദ്ധേയമായി. 400 മീറ്ററിൽ നോഹ നിർമൽ ടോമും ലോങ് ജംപിൽ നയന ജയിംസും.

ഇന്ത്യൻ ഓപ്പൺ ജംപ്സ് മൂന്നാം പതിപ്പിൽ നയന ജയിംസ് ലോങ് ജംപിൽ   തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചാട്ടത്തോടെയാണ്  സ്വർണം നേടിയത് (6.67 മീറ്റർ). ബെംഗളുരുവിൽ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെൻററിലാണ് ജംപ്സ് മത്സരങ്ങൾ എന്നു പറഞ്ഞ് റോബർട് ബോബി ജോർജ് രണ്ടു ദിവസം മുമ്പ് ക്ഷണിച്ചപ്പോൾ പെട്ടെന്ന് യാത്ര സാധിക്കില്ലല്ലോയെന്ന് മറുപടി പറഞ്ഞതാണ്. നല്ലൊരു മത്സരം നഷ്ടമായി. ബോബിയുടെ ശിഷ്യ ഷൈലി സിങ് 6.40 മീറ്ററുമായി വെള്ളി നേടി.ഇരുപതുകാരി ഷൈലിക്ക് വർഷങ്ങൾ ഏറെ ബാക്കിയുണ്ട്.

ടോക്കിയോ ഒളിംപിക്സിൽ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡോടെ (3:00.25)  ഹീറ്റ്സിൽ നാലാമതും ആകെക്കൂടി ഒൻപതാമതുമായി ഫിനിഷ് ചെയ്ത ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികൾ ആയിരുന്നു.മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്.

രണ്ടു വർഷത്തിനു ശേഷം ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഹീറ്റ്സിൽ മത്സരിച്ചവർ ഉൾപ്പെടെ ടീമിൽ അഞ്ചു പേർ മലയാളികൾ. പക്ഷേ, അതിൽ നോഹ നിർമൽ ടോം ഇല്ലായിരുന്നു. നോഹ പരുക്കിൽ നിന്നു  മോചിതനായിട്ടില്ലായിരുന്നു.

ഭുവനേശ്വർ ഏഷ്യൻ അത്ലറ്റിക്സിൽ (2017 )വനിതകളുടെ ലോങ് ജംപിൽ വെങ്കലം നേടിയ നയന ജെയിംസ് തൊട്ടടുത്ത വർഷം ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പക്ഷേ, പോയ വർഷം ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ നയന യെ പിൻതള്ളി ,ഷൈലി സിങ്ങിനൊപ്പം ആൻസി സോജൻ ടീമിലെത്തുകയും വെള്ളി നേടുകയും ചെയ്തു. നയന ഫോം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു.
ഇപ്പോൾ ഇതാ ഇരുവരും ഫോം വീണ്ടെടുത്ത് ഉജ്വല തിരിച്ചുവരവ് നടത്തിയിരിക്കുന്നു.തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഓപ്പൺ 400 മീറ്ററിൽ മുഹമ്മദ് അനസ് യഹിയ വെള്ളിയും മുഹമ്മദ് അജ്മൽ വെങ്കലവും നേടി.

ടോക്കിയോ ഒളിംപിക്സിനു ശേഷം 45.8 സെ .സമയം കുറിച്ച് ഫോമിൽ തുടരുമ്പോഴാണ് നോഹ നിർമൽ ടോം പരുക്കിൻ്റെ പിടിയിൽ ആയത്.കോമൺവെൽത്ത് ഗെയിംസും ലോക ചാംപ്യൻഷിപ്പും നഷ്ടപ്പെട്ടു.2023 ൽ ചണ്ഡീഗഡ് ഗ്രാൻ പ്രീയിൽ വെള്ളി നേടിയെങ്കിലും വീണ്ടും പരുക്കേറ്റു.കഴിഞ്ഞ സെപ്റ്റംബറിൽ സർവീസസ് മീറ്റിൽ 45.99 സെക്കൻഡിൽ ഒരു ലാപ് ഓടി ഫോം അറിയിച്ചു.അതിനു ശേഷം ഇപ്പോഴാണ് മത്സര രംഗത്ത് സജീവമായത്. കോഴിക്കോട് പുഴിത്തോട് ടോമിച്ചൻ്റെയും ആലീസിലിയുടെയും പുത്രൻ നോഹ സർവീസസിൽ ആണ്. ഭാര്യ റൂത്ത് .ഈ ഇരുപത്തൊൻപതുകാരന് പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടുമെന്നു പ്രതീക്ഷിക്കാം.
കോഴിക്കോട് ചാക്കിട്ടുപാറ മാളിയേക്കൽ എം.സി.ജെയിംസിൻ്റെയും ജെസിയുടെയും പുത്രി നയന എന്ന ഇരുപത്തെട്ടുകാരിയുടെയും  ലക്ഷ്യം പാരിസ് ഒളിംപിക്സ് തന്നെ. ക്രിക്കറ്റ് താരം കെവിൻ പീറ്റർ ഓസ്കർ ആണ് ഭർത്താവ്.

 നയനയുടെ പ്രത്യേകത, സഹതാരങ്ങൾ മുന്നിലെത്തുമ്പോഴും ആത്മവിശ്വാസം കൈവിടാതെ പരിശീലനം തുടരുന്നു എന്നതാണ്. തന്നെ പിൻതള്ളുന്നവരാടും തികഞ്ഞ സൗഹൃദം. നഷ്ടപ്പെടുന്ന അവസരങ്ങൾ ഓർക്കാതെ ഭാവിയിലെ അവസരങ്ങളെക്കുറിച്ച് ചിന്തിക്കുന്ന താരം.ഹാങ്ചോയിൽ നയന കാണുമെന്നു കരുതിയെന്നു പറഞ്ഞപ്പോൾ 2024 നെക്കുറിച്ച് സംസാരിച്ചു ചിരിച്ച നയനയെ ഓർക്കുന്നു. നോഹയും തിരിച്ചടികളിൽ പതറാതെ തിരിച്ചു വന്നു.
പുരുഷ ലോങ് ജംപ് വിജയിച്ച മുഹമ്മദ് അനീസിനും (7.94 മീ) ട്രിപ്പിൾ ജംപ് ജേതാവ് അബ്ദുല്ല അബൂബക്കറിനും ( 16.76 മീറ്റർ)  ഹൈജംപ് സ്വർണം നേടിയ ആതിര സോമരാജിനും ( 1.76 മീ.) പ്രകടനം മെച്ചപ്പെടുത്താൻ കഴിയട്ടെ.കോമൺവെൽത്ത് സ്വർണമെഡൽ ജേതാവ് എൽദോസ് പോളും ( ട്രിപ്പിൾ ജംപ് ) ഫോമിലേക്കുയരേണ്ടതുണ്ട്.

പി.ടി.ഉഷയുടെ ശിഷ്യ മയൂഖ വിനോദ് അണ്ടർ 18 വിഭാഗം 400 മീറ്റർ വിജയിച്ചു. ഭാവി വാഗ്ദാനമായി കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക