Image

മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം : ആര്‍.എന്‍. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 21 March, 2024
മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന്  പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം : ആര്‍.എന്‍. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. മുതിര്‍ന്ന ഡി.എം.കെ. നേതാവ് പൊന്മുടിയെ മന്ത്രിയാക്കാന്‍ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയില്‍ പിന്നീട് മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും ചോദിച്ചു.

പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന തമിഴ്‌നാട് ഗവര്‍ണറുടെ നിലപാടിനെ അതീവ ഗൗരത്തോടെയാണ് കാണുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി അറ്റോര്‍ണി ജനറലിനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. എന്താണ് ഗവര്‍ണ്ണര്‍ അവിടെ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നാളെ വരെ സമയം നല്‍കി. വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നല്‍കി.

ഒരാളെ മന്ത്രിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചാല്‍ ജനാധിപത്യ നടപടി പ്രകാരം ഗവര്‍ണര്‍ അതു ചെയ്യണമെന്നും ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക