Image

ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ അറസ്റ്റില്‍; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം

Published on 21 March, 2024
ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ അറസ്റ്റില്‍; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടര്‍ന്ന് കേജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരവിന്ദ് കേജ്രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. 

ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കേജ്രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെര്‍ച്ച് വാറന്റുമായി എന്‍ഫോഴ്സ്മെന്റ് സംഘം കേജ്‌രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.  മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക