Image

ഗൂഢാലോചനയില്‍ പങ്കാളി, 100 കോടി എഎപി കൈപ്പറ്റി: കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ ഡി

Published on 22 March, 2024
ഗൂഢാലോചനയില്‍ പങ്കാളി, 100 കോടി എഎപി കൈപ്പറ്റി: കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി  ഇ ഡി

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കേസില്‍ റോസ് അവന്യു കോടതിയില്‍ വാദം തുടരുകയാണ്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് (പി എം എല്‍ എ) പ്രകാരമുള്ള നടപടികള്‍ പാലിച്ചാണ് അറസ്റ്റെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

കെജ്‌രിവാളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ ഡി കോടതിയില്‍ ഉന്നയിക്കുന്നത്.

 മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയത്. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ തുകയാണ് എഎപി കൈപ്പറ്റിയത്. സമന്‍സുകള്‍ ബോധപൂര്‍വം അവഗണിച്ചു. മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരനാണ് കെജ്‌രിവാളെന്ന് ഇ ഡി പറഞ്ഞു.

നയരൂപവത്കരണത്തിലും ലൈസന്‍സിലും കോഴ വാങ്ങി. ഇടനിലക്കാരനായത് മലയാളിയായ വിജയ് നായര്‍ ആണ്. നയരൂപവത്കരണത്തില്‍ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ഇതിന് തെളിവായുണ്ട്. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകള്‍ക്ക് കോഴപ്പണം ഉപയോഗിച്ചു. എം എല്‍ സിയും ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) നോതാവുമായ കെ കവിതക്കായി സഹായങ്ങള്‍ നല്‍കി. നയത്തിനായി രൂപവത്കരിച്ച സമിതി നിഴല്‍ സമിതി മാത്രമായിരുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. അറസ്റ്റിന്റെ അനിവാര്യത ഇ ഡി കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക