Image

 ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി രചന നാരായണന്‍കുട്ടി

Published on 22 March, 2024
 ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി രചന നാരായണന്‍കുട്ടി

നിറത്തിന്റെ പേരില്‍ വിവാദപരമായ പരാമര്‍ശമുയര്‍ത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. നൃത്ത രംഗത്തു തന്നെയുള്ള നിരവധി പ്രമുഖര്‍ ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണ നല്‍കുന്നതോടൊപ്പം സത്യഭാമയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ഇവര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആര്‍.എല്‍.വി രാമകൃഷ്ണനു പിന്തുണയുമായി നടിയും നര്‍ത്തകിയുമായി രചന നാരായണന്‍കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ലോകമെമ്പാടും നിലനില്‍ക്കുന്ന വര്‍ണവെറികളെ ബന്ധപ്പെടുത്തിയാണ് സമൂഹ മാധ്യമത്തിലൂടെ നടിയുടെ പ്രതികരണം. തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ അവരെ മറ്റു പല രീതിയിലും ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് രചന പറയുന്നു.

'നിറങ്ങളോട് നിറഞ്ഞ സ്‌നേഹം. കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം സംബന്ധിച്ച് അമേരിക്കയില്‍ ആയതു കൊണ്ടും പല ആവശ്യങ്ങള്‍ക്കായി പുറത്തു പോയി പല ആളുകളെയും കാണുന്നതു കൊണ്ടും പല കാര്യങ്ങളും ഇവിടെയുള്ള സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുന്നതു കൊണ്ടും പൊതുവേ നിറം മങ്ങിയവരോടുള്ള (മങ്ങിയ ചിന്തകളുള്ള ചിലരുടെ മാത്രം) ഇവിടുത്തുകാരുടെ അവജ്ഞ കാണാനും കേള്‍ക്കാനും ഇടയാകുന്നുണ്ട്.

ഇപ്പോഴും ഈ വര്‍ണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്. കേരളക്കരയില്‍, അതു കലാകാരന്‍മാരുടെ ഇടയില്‍, ഇപ്പോള്‍ ഇങ്ങനെ ഒന്നു പുകയുന്നത് കാണുമ്പോള്‍ വല്ലാത്ത നിരാശ തോന്നുന്നു. ജാതി, വര്‍ണ്ണ, വര്‍ഗ്ഗ വെറികളില്‍ നിന്നൊരു മോചനവും അതില്‍ നിന്നും മറ്റു പല സാഹചര്യങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തമോഗുണങ്ങളെ അകറ്റുക എന്നതാണ് കല കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നിനെയും ആരെയും പ്രോത്‌സാഹിപ്പിച്ചു കൂടാ. ഇതൊരു തരം ഇന്‍സെക്യൂരിറ്റി ആണ്. തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ അവരെ മറ്റു പല രീതിയിലും ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുക. പ്രിയപ്പെട്ട രാമകൃഷ്ണന്‍ മാഷിന്റെ കലയോടുള്ള ആത്മാര്‍പ്പണവും അദ്ദേഹത്തിന്റെ കഴിവിനെ ഈ ഇടിച്ചു താഴ്ത്തലിനെ എപ്പോഴും മറി കടക്കുന്ന ഒന്നാണ്. കല നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഈ പരുഷമായ വാക്കുകളും അലങ്കാരമായി, സൗന്ദര്യശാസ്ത്രമായി മാറും. അദ്ദേഹം മാറ്റും. മാഷിനോട് നിറഞ്ഞ സ്‌നേഹം, ബഹുമാനം എന്നും കൂടെ.

ഇതൊരു പഠനം ആണ്. എങ്ങനെ ആകരുതെന്നുള്ള പഠനം. എപ്പോഴും പറയുന്ന പോലെ ആദ്യം ഒരു സ്‌നേഹനിധിയായ മനുഷ്യന്‍ ആകണം. എന്നാലേ കലാകാരനായി ഇരിക്കാന്‍ സാധിക്കൂ. കാരണം നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കലയിലും പ്രതിഫലിക്കൂ. എല്ലാ നിറങ്ങളോടും സ്‌നേഹം. കാലസംകര്‍ഷിണിയുടെ കറുപ്പിനോട് കുറച്ച് കൂടുതല്‍ സ്‌നേഹം. രചന നാരായണന്‍ കുട്ടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക