Image

കർത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകൾ (ഇ-മലയാളി നോയമ്പുകാല രചന:സുധീർ പണിക്കവീട്ടിൽ)

Published on 23 March, 2024
കർത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകൾ (ഇ-മലയാളി നോയമ്പുകാല രചന:സുധീർ പണിക്കവീട്ടിൽ)

ഓരോ ആഘോഷങ്ങൾക്കും തയ്യാറെടുപ്പുകൾ ഉണ്ട്.  വൃതാനുഷ്ഠാനങ്ങളിലൂടെ ഈ നോയമ്പുകാലം കഴിച്ചുകൂട്ടുമ്പോൾ മനസ്സിൽ ആത്മീയ നിർവൃതി നിറയുന്നു.  ദുഖവെള്ളിയാഴ്ച്ചയും ഈസ്റ്ററും വീണ്ടും ആഘോഷിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. വിശുദ്ധവേദപുസ്തകം വായിച്ചുകൊണ്ട് പ്രഭാതത്തെ വരവേൽക്കുകയും പിന്നെ വൃതാനുഷ്ഠാനകര്മംങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ സന്ധ്യ വരുന്നത് കൈനിറയെ സമാധാനവും സന്തോഷവുംകൊണ്ടാണ്. ഈ  പുണ്യദിനങ്ങൾ ദൈവത്തെ ധ്യാനിച്ച് കഴിയുന്നതിനായി വിനിയോഗിക്കുക. നിങ്ങളുടെ മുന്നോട്ടുള്ള സമയം  അനുഗ്രഹപ്രദമാകും.

കൊരിന്ത്യർ-1 സുവിശേഷം "19:ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക്  വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20: ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.". പരിശുദ്ധാത്മാവ് താമസിക്കുന്ന അമ്പലമായാണ് നമ്മുടെ ശരീരം കരുതപ്പെടുന്നത്.. അപ്പോൾ അത് ശുദ്ധിയാക്കി വെക്കേണ്ടതാകുന്നു. പ്രാർത്ഥനയിലൂടെ ഉപവാസത്തിലൂടെ നമ്മൾ അതിനെ ശുദ്ധി ചെയ്യുന്നു. മനസ്സും ശരീരവും പവിത്രമാകുമ്പോൾ അവിടെ ഈശ്വരൻ വസിക്കുന്നു. ഉപവസിക്കുമ്പോൾ നമ്മൾ ഈശ്വരന് അടുത്ത് താമസിക്കുന്നു

വൃതാനുഷ്ഠാനങ്ങൾക്ക്  മാഹാത്മ്യം ഏറുന്നത് അങ്ങനെയാണ്. ക്ഷാരബുധനാഴ്ച മുതൽ പെസഹാ വ്യാഴാച്ചവരെയുള്ള നാൽപ്പത് പുണ്യദിവസങ്ങൾ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.  ഉപവസിക്കാം പ്രാർത്ഥിക്കാം. കുരിസ്സുമരണത്തിനു തൊട്ടുമുമ്പുള്ള നാളുകളിൽ ശിഷ്യർക്കായ് കർത്താവ് ഓരോന്നും വിവരിച്ചുകൊടുത്തിരുന്നതായി കാണാം.  മത്തായി സുവിശേഷം അധ്യായം 21 വാക്യം 23: അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.ഇതിന്റെ മറുപടി വാക്യം 27 ൽ കാണുന്നു. 27 :അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: “എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.” യേശുദേവന്റെ വചനങ്ങളിൽ എല്ലാ ഉറച്ച ദൈവവിശ്വാസത്തിലൂടെ നേടിയ ദൃഢനിശ്ചയങ്ങളുടെ നിർഭയത്തിന്റെ ശബ്ദം കേൾക്കാം. ഇന്ന് നമ്മൾക്ക് എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട്. മതപരമായ ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാം അത് ആചരിക്കാം. കർത്താവ് ശിഷ്യന്മാരോട് പറയുന്നത് മത്തായി സുവിശേഷം അദ്ധ്യായം 21 വാക്യം 22 ൽ കാണാം. 22 നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

ഉപവസിക്കുമ്പോൾ നാം ദൈവസന്നിധിയിൽ താഴുന്നു. നമ്മിലെ അഹങ്കാരം ശമിക്കുന്നു.  പ്രാർത്ഥന നമുക്ക് ശക്തി പകരുന്നു. ക്ഷാരബുധനാഴ്‌ച്ച നെറ്റിയിൽ ചാരം പൂശുമ്പോൾ നാം നമ്മളിലെ പോരായ്മകൾ മനസ്സിലാക്കുന്നു.  നമ്മുടെ തെറ്റുകളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നു. പിന്നെയുള്ള നാല്പത് ദിവസങ്ങൾ അതിനുള്ള അവസരം തരുകയാണ്. വൃതം അവസാനിക്കുമ്പോൾ നമ്മുക്കായി കുരിശ്ശിൽ മരിച്ച യേശുദേവനെ നമ്മൾ ഓർക്കുന്നു. പിന്നെ മൂന്നാം നാൾ ഉയർത്തെഴുനേറ്റ മാനവരാശിക്ക് പ്രത്യാശയും സുരക്ഷയും നൽകിയ യേശുദേവനേ നമ്മൾ നമിക്കുന്നു.നല്ല മനസ്സോടെ ദൈവസന്നിധിയിൽ ഏകാഗ്രതയോടെ പ്രാർത്ഥിക്കുമ്പോൾ നമുക്കും ദൈവചൈത്യന്യം ലഭിക്കുന്നു. 

കത്തോലിക്കാ വിശ്വാസികൾ കൊന്ത നമസ്കാരം ചെയ്യുമ്പോൾ ജപമാലയിലെ മണികൾ പ്രാർത്ഥനക്കൊപ്പം വിരൽ തുമ്പാൽ നീക്കുന്നു. വിശുദ്ധനായ ഒരാൾക്ക് ജപമാലയുമായി മാതാവ് പ്രത്യക്ഷപ്പെട്ടതുമുതലത്രേ കാതോലിക്കവിശ്വാസികൾ ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങിയത്. നന്മനിറഞ്ഞ മറിയമേ എന്നാവർത്തിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. മനുഷ്യരുടെ രക്ഷ എന്ന കൃസ്തീയസങ്കല്പം ഉൾകൊള്ളുന്ന ധ്യാനമാണ്   ഈ പ്രാർതഥനയിലൂടെ ഭകതർ നിറവേറ്റുന്നത്.  വ്യത്യസ്ത വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്നവരെല്ലാം അവരുടേതായ പ്രാർത്ഥന രീതികൾ പിന്തുടരുന്നു. എങ്ങനെ പ്രാർത്ഥിക്കുന്നവെന്നതിനേക്കാൾ പ്രാർത്ഥിക്കുക എന്നതാണ്. പ്രധാനം. പ്രത്യേകിച്ച് ഈ നൊയമ്പുകാലം അതിന്റെ പുണ്യവും പേറി നിൽക്കുന്നു.

ജപമാല (rosary) കൊണ്ടുള്ള ധ്യാനത്തിന് പറഞ്ഞിരിക്കുന്ന ഗുണങ്ങളിൽ ചിലത് പാപത്തിൽ നിന്നും നമ്മുടെ ആത്മാവിനെ പവിത്രമാക്കുന്നു. ശത്രുവിന്റെ മേൽ നമുക്ക് വിജയം ലഭിക്കുന്നു. ഗുണങ്ങൾ ശീലമാക്കാൻ സഹായിക്കുന്നു. യേശുദേവനോട് നമുക്കുള്ള സ്നേഹത്തെ അത് വർധിപ്പിക്കുന്നു. അനുഗ്രഹങ്ങളാലും പുണ്യങ്ങളാലും നമ്മെ പോഷിപ്പിക്കുന്നു. നമ്മുടെ കടങ്ങൾ വീട്ടാനുള്ള കഴിവുണ്ടാക്കുന്നു. ദൈവത്തിൽ നിന്നുള്ള എല്ലാ അനുഗ്രഹവും ലഭ്യമാക്കുന്നു.

ശാസ്ത്രം പുരോഗമിക്കുമ്പോൾ മനുഷ്യർക്ക് ദൈവത്തിലുള്ള വിശ്വാസം കുറയാമെന്നു നമ്മൾ മാധ്യമങ്ങളിൽ വായിക്കുന്നുണ്ടെങ്കിലും അത് പൂർണ്ണമായി ശരിയാണെന്നു തോന്നുന്നില്ല. ഇന്ന് നമ്മൾ ഒരു മഹാമാരിയെ ഭയപ്പെട്ടു കഴിയുകയാണ്.  ശാസ്ത്രം പ്രതിരോധങ്ങൾ കണ്ടെത്തെമ്പോഴും ഭൂരിപക്ഷം ജനങ്ങളും അവർ വിശ്വസിച്ചുവന്ന ദൈവത്തിൽ ആശ്രയിക്കുന്നു. പ്രാർത്ഥനയും ഉപവാസവും അവരെ സമാധാനിപ്പിക്കുന്നു. ഈ വർഷത്തെ ഈസ്റ്റർ ഇന്ന് ഭൂമിയിൽ അരങ്ങേറുന്ന യുദ്ധവും, മതവിദ്വേഷങ്ങളും  പൂർണ്ണമായി നശിപ്പിച്ചുകൊണ്ട് വന്നെത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി പ്രാർത്ഥിക്കാം. പ്രാർത്ഥന ഒരിക്കലും വിഫലമായിട്ടില്ല.  

അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മാർക്കോസ് 11 :24)

ശുഭം

Join WhatsApp News
Easow Mathew 2024-03-23 19:35:22
Thank you Sudhir for a well-written article most appropriate for the season of Easter. I like this verse: മനസ്സും ശരീരവും പവിത്രമാകുമ്പോൾ അവിടെ ഈശ്വരൻ വസിക്കുന്നു. Yes; it is true!
joscheripuram 2024-03-23 23:40:45
I am a believer of Christ the only reason I believe in him because he rose from death, there is no one in the history did that, then naturally who else I can trust? But in Bible many times he said peace be with you, do not be afraid, when looking at middle east, where he was born, my trust in him is shake. The most fearful and peaceless place on earth is his birth place. The article was beautiful and Happy Easter to every one.
G. Puthenkurish 2024-03-24 12:22:31
"ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20: ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.". പരിശുദ്ധാത്മാവ് താമസിക്കുന്ന അമ്പലമായാണ് നമ്മുടെ ശരീരം കരുതപ്പെടുന്നത്.. അപ്പോൾ അത് ശുദ്ധിയാക്കി വെക്കേണ്ടതാകുന്നു. " പരിശുദ്ധമായ ഈ ആത്മാവ് വസിക്കുന്ന ശരീരത്തെ ശുദ്ധമായി വയ്ക്കാം. "എത്രയോ പാവനപ്രേമസ്വരൂപിക ളെത്തി ലോകത്തെത്തുടച്ചു നന്നാക്കുവാന്‍, നിര്‍ദ്ദയവഞ്ചനതന്‍കുരിശി ത്തറ ച്ചുദ്ധതമര്‍ത്ത്യനവരെ ഹിംസിക്കയാ ചിന്നിപ്പരന്നൊരു ചെന്നിണം ചേര്‍ത്തിട്ടു മന്നി കളങ്കമിരട്ടിച്ചതെ ഫലം! എന്‍ചെറുകൈപ്പടത്തേപ്പിനാലിത്തരം വന്‍ ചളിയുണ്ടോ മറയുന്നു വല്ലതും! മണ്ണു പുരട്ടിക്കൊടുത്തു കുരുടന്റെ കണ്ണിനു ജീവനരുളിയ ദിവ്യനും, എന്തേ കഴിഞ്ഞീല കണ്ണുപൊട്ടാത്തൊരീ യന്ധജഗത്തിനു കാഴ്ചയുണ്ടാക്കുവാന്‍ അല്ലെങ്കിലെന്നകത്തുള്ളഴുക്കെങ്കിലും തെല്ലൊന്നു കാണുവാന്‍ വയ്യാത്തതെന്തുമേ? * * * * ആവട്ടെ ഭൂവന്നു ശുദ്ധമായ് സൃഷ്ടിച്ച ദേവന്റെ തൃപ്പദം വെച്ചു പൂജിക്കുവാന്‍ എന്മനക്കോവി കഴുകിത്തുടച്ചൊന്നു നിര്‍മ്മലമാക്കി വയ്ക്കട്ടെ ഞാനാദ്യമായ്. (P. R വാര്യർ ) (സമ്പാദകന്‍: ജി. പുത്തന്‍കുരിശ്) (https://emalayalee.com/vartha/287958) ആചാരങ്ങളും വിശ്വാസങ്ങളും കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, ദൈവത്തെ ശരീരമാകുന്ന മന്ദിരത്തിന് വെളിയിൽ അന്വേഷിക്കുന്ന ഈ കാലഘട്ടത്തിൽ, സുധീർ പണിക്കവീട്ടിലും, വിദ്വാൻ പി. അർ വാര്യരും ഒക്കെ നമ്മെ ഓർമിപ്പിക്കുന്നത് " ആവട്ടെ ഭൂവന്നു ശുദ്ധമായ് സൃഷ്ടിച്ചദേവന്റെ തൃപ്പദം വെച്ചു പൂജിക്കുവാന്‍" നമ്മളുടെ മനക്കോവിൽ നിർമ്മലമാക്കി വയ്ക്കാം. അഭിനന്ദനം സുധീർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക