Image

നീ വായിക്കുക - നാഥൻ്റെ നാമത്തിൽ (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 23 March, 2024
നീ വായിക്കുക - നാഥൻ്റെ നാമത്തിൽ (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

"എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് കേരള സംസ്ഥാന മുസ്ലിം അനാഥാലയ ഏകോപന സമിതി സംഘടിപ്പിച്ച സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ എനിക്ക് വിജയിയാകാനായത്. പാരിതോഷികമായി ലഭിച്ച മടക്കുകുട എന്നെ കാണാൻ എത്തിയ ഉമ്മയെ ഞാൻ ഏൽപ്പിച്ചു. കരച്ചിൽ പുറത്തു കാണിച്ചില്ലെങ്കിലും ഉമ്മയുടെ മനസ്സ് വായിക്കാൻ എനിക്ക് കഴിഞ്ഞു. ദീർഘദൃഷ്ടിയോടെ ആസൂത്രണം ചെയ്തതായിരുന്നില്ല എങ്കിലും ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണ്  എന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. അനാഥശാലയിലെ ആരംഭകാലത്ത് എനിക്ക് പഠനേതര വിഷയങ്ങളിലൊന്നും ശോഭിക്കാനായില്ല. 

മുക്കത്തെ ആദ്യമാസങ്ങളിൽ എന്നെ കാണാനെത്തിയ കുഞ്ഞാനാണ് ആദ്യമായി ഒരു പുസ്തകം സമ്മാനമായി തന്നത്. കറുത്ത ചട്ടയുള്ള ഇംഗ്ലീഷ് മലയാളം വ്യാകരണ പഠന സഹായി വിലപ്പെട്ടതാണെന്ന് കരുതി പെട്ടിയുടെ അടിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചു. അനാഥാലയത്തിലെ ഒറ്റപ്പെടലും അലസതയും മറികടക്കാനുള്ള എൻറെ ഉദ്യമങ്ങൾക്ക് വഴിച്ചൂട്ടായി അധ്യാപകരും ഉണ്ടായിരുന്നു. സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളരാൻ വായന സഹായിച്ചു. ചരിത്രത്തോടുള്ള എൻ്റെ അഭിരുചി വർധിക്കുന്നത് അവിടെ അധ്യാപകനായിരുന്ന റഷീദ് സാറുമായുള്ള സമ്പർക്കത്തിലൂടെയാണ്. 

യത്തീംഖാനയിൽ നിന്ന് അവധിക്ക് വീട്ടിലെത്തുന്ന ഞങ്ങളോട് കുഞ്ഞാനും കുഞ്ഞാളും അവരുടെ ജീവിതാനുഭവങ്ങൾ വിവരിക്കും. വാക്കുകളുടെ അർത്ഥം തേടി അയൽ വീടുകളെ ആശ്രയിച്ചിരുന്നതും  മറന്നുപോകാതിരിക്കാനായി അതുച്ചത്തിലുരുവിട്ട് തിരികെ നടന്നതും കുഞ്ഞാൻ പറഞ്ഞു. കലാലയ പഠനകാലത്ത് അവൻറെ വാസ സ്ഥലത്തെ ആഹാരം കണ്ട് വ്യസനത്തോടെ തിരികെ പോകുന്ന വായിച്ചിയുടെ നിസ്സഹായതയും അയൽ വീട്ടിൽ നിന്നു മണ്ണെണ്ണയടുപ്പ്  ചുമന്ന് താമസസ്ഥലത്തേക്ക് പോയ വിവരവും ഇങ്ങനെ പങ്കുവെക്കപ്പെട്ടതാണ്. അനാഥാലയത്തോട് വിമുഖത കാണിച്ച ഞങ്ങളെ ആശ്വസിപ്പിക്കുകയും ജീവിതം ധൈര്യത്തോടെ നേരിടാൻ തയ്യാറാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം."  

(വിരലറ്റം - ഒരു യുവ ഐ എ എസുകാരൻ്റെ ജീവിതം. - മുഹമ്മദലി ശിഹാബ് ഐ എ എസ്) 

മുകളിലെ വരികൾ ഏതെങ്കിലും നോവലിൽ നിന്നും എടുത്തിട്ടുള്ള ഭാഗമല്ല. എന്നാൽ കഥയുമായി ഇതിന്  വളരെയേറെ ബന്ധമുണ്ട്.  സത്യത്തിൽ പച്ചയായ  മനുഷ്യൻറെ  കുടുംബത്തിൻറെ ജീവിതയാഥാർത്ഥ്യങ്ങളാണ് വിവരിക്കുന്നത്. ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളായാൽ ഇല്ലായ്മകളുടെ (സമ്പത്തും സൗകര്യങ്ങളും വിദ്യാഭ്യാസവും) എല്ലാം വഴിമാറി നിലകൊള്ളുന്ന സാഹചര്യത്തിൽ കഠിനാധ്വാനത്തിലൂടെ അവയെല്ലാം സ്വായത്തമാക്കി സമൂഹത്തിന്റെ ഏറ്റവും പിന്നാക്ക അവസ്ഥയിൽ നിന്നും ഏറ്റവും മുന്നോട്ടുള്ള ഒരു കുതിക്കലിന്റെ കഥയാണ് അത് പറയുന്നത്. ക്ഷമയും കഠിനാധ്വാനവും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പഠിക്കാനുള്ള സമ്പത്തിൻ്റെയോ സൗകര്യത്തിൻ്റെയോ നല്ല സാഹചര്യം ഇല്ലാത്തതിനാൽ അനാഥശാലയിൽ എത്തി ആ പ്രതിസന്ധിയെ മറികടന്ന് കഷ്ടപ്പാടുകൾ സഹിച്ച് പഠനത്തിലൂടെ മെല്ലെ മെല്ലെ മുൻ നിരയിലേക്ക് എത്തിനോക്കിയ ഒരു ചെറുപ്പക്കാരൻ്റെ കഥ. 


ചാലിയാർ നദിയിൽ മീൻ പിടിച്ചും പന്ത് കളിച്ചും കൂട്ടുകാരുമൊത്ത് രസിച്ചു കളിച്ചു നടന്നിരുന്ന ഏറ്റവും പിൻബെഞ്ചിലെ വിദ്യാർത്ഥി കഠിനാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും വിജയത്തിൻറെ സ്വപ്നങ്ങൾ കണക്കുകൂട്ടി ചെറിയ ചെറിയ ശ്രമങ്ങളിലൂടെ മുന്നിലെത്തുകയും പിന്നീട് മുൻനിരയിൽ ഏറ്റവും സമർത്ഥനായ  സമർത്ഥനായ മനുഷ്യനായും  ഇരിപ്പുറപ്പിക്കുന്നതിന്റെയും കഥയാണിത്. വിദ്യാർത്ഥികൾ അവരുടെ പഠന കാലഘട്ടത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായി വായിക്കുകയും കൂട്ടുകാരോട് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയും ചെയ്യേണ്ട ഒരു പുസ്തകമാണിത്. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്കൂളിലോ അല്ലെങ്കിൽ കോളേജിലേയോ  സിലബസിന്റെ ഭാഗമായി എന്നോ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വരേണ്ട ഒരു കൃതിയാണിത്.  

അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ   അദ്ദേഹത്തിൻറെ ആത്മകഥയിൽ ഒരു ബ്ലൂ ബ്ലാക്ക് സ്പെല്ലിംഗ് ബുക്കിനെ കുറിച്ച് പറയുന്നുണ്ട്. എങ്ങനെയോ കഷ്ടപ്പെട്ട് അവരുടെ അമ്മ തരപ്പെടുത്തി കൊണ്ടുവന്നതാണ് ഈ ബുക്ക്. ഈ പുസ്തകം ഉപയോഗിച്ചാണ് കുട്ടിയായ എബ്രഹാം ലിങ്കൺ സ്പെല്ലിങ്ങുകൾ പഠിച്ചെടുക്കുന്നത് അക്ഷരാഭ്യാസത്തിലൂടെ അതുവഴി വായനയിലൂടെ അതുവഴി ചിന്തയിലൂടെ അതുവഴി  സമൂഹത്തിൻറെ മുൻനിരയിലത്തുകയും ഒരുപാട് നന്മകൾ ചെയ്തുതീർക്കുകയും അടിമത്തത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത കഥ നമുക്കറിയാം.

ഒരുപക്ഷേ മുഹമ്മദലി ശിഹാബിന്റെ സഹോദരങ്ങളായ കുഞ്ഞാനും കുഞ്ഞാളുമായിരിക്കും ജീവിതത്തിലെ പഠനത്തിൻറെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ അവരെ ശരിയായ ദിശയിലേക്ക് തിരിച്ചു വിട്ടിട്ടുണ്ടാവുക. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും അതിലൂടെയുള്ള ചിന്തകൾക്കും മനുഷ്യൻറെ ജീവിതവിജയത്തിൽ എത്ര വലിയ പ്രാധാന്യമുണ്ട് എന്ന് മുകളിലെ വരികൾ വായിച്ചാൽ കൃത്യമായി മനസ്സിലാകും. പരന്ന വായനയുള്ളവർക്ക് ഉൾവെളിച്ചം ലഭിക്കാനും അതുവഴി ഉൾക്കണ്ണ് നഷ്ടപ്പെടാതെ ജീവിതത്തിൽ മുന്നോട്ടു നടക്കാനും സാധിക്കുന്നു. 

വിശുദ്ധ ഖുർആനിലെ ഒന്നാമത്തെ സൂക്തം തന്നെ "നീ വായിക്കുക നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തിൽ എന്നാണ്". ദൈവനാമത്തിൽ വായിക്കുക എന്നതിൻറെ വിവക്ഷ നല്ലതു വായിക്കുക എന്ന് കൂടിയാണ്. ഇസ്ലാമിൻറെ പ്രവാചക കാലഘട്ടത്തിൽ ഏതൊക്കെയോ യുദ്ധങ്ങളിൽ തടവുകാരാക്കപ്പെട്ട എതിർപക്ഷത്തെ സൈന്യങ്ങളെ വിട്ടുകൊടുക്കാൻ മോചന ദ്രവ്യമായി പ്രവാചകൻ്റെ സൈന്യം ആവശ്യപ്പെട്ടിരുന്നത്  എഴുത്തും വായനയും പഠിപ്പിച്ചു തരുക എന്നതായിരുന്നു. വിജ്ഞാനം അറിവ് തേടി ഇറങ്ങിയവൻ സ്വർഗ്ഗത്തിന്റെ പാതയിലാണ് എന്ന് വിശുദ്ധ വചനങ്ങളിൽ കാണാൻ സാധിക്കും. സത്യവിശ്വാസികൾക്ക് മരണത്തെ കുറിച്ച് ആലോചിക്കൽ സുന്നത്താണ്. എന്നാൽ വിദ്യാർത്ഥികൾക്ക് മരണത്തെക്കുറിച്ച് ആലോചിക്കൽ സുന്നത്തില്ല എന്ന് കാണാം.

മധ്യകാലഘട്ടത്തിൽ വിജ്ഞാന നിർമിതികൾ ഒന്നും നടക്കാതെ ലോകം ഇരുട്ടിലായിരുന്നു. പൗരോഹിത്യത്തിന്റെ അതിപ്രസരമായിരുന്നു ഇതിന് കാരണം എന്ന് പറയുന്നു. പിന്നീട് ഗ്രീക്ക് ഹെല്ലനിസ്റ്റിക് ദാർശനികതയെ അൽതപ്പമെങ്കിലും സ്വീകരിച്ചത് ഇസ്ലാമാണ്. യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും. ശാസ്ത്രത്തിന്റെ ഏതെങ്കിലും മേഖലയിൽ അറബികൾ തുടങ്ങി വെക്കാത്ത എന്തെങ്കിലും  പടിഞ്ഞാറിന് പൂർത്തീകരിക്കേണ്ടി വന്നിട്ടില്ല. 

കേരളത്തിലെ മുസ്ലിം സമുദായം അക്ഷരങ്ങളോട് പുറംതിരിഞ്ഞിരുന്ന കാലത്ത് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുത്തും രാഷ്ട്രീയ അധികാരത്തിലൂടെ തൻ്റെ മുഴുവൻ ശക്തിയും സമുദായത്തിന് വിദ്യാഭ്യാസ നേട്ടമുണ്ടാവാൻ വേണ്ടി പ്രയത്നിച്ചത് കേരളത്തിൻറെ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ എന്ന അത്തോളിക്കാരനായ മഹാ പുരുഷനായിരുന്നു.

ടൂണിസിലെ അസ്സയ്തൂന സര്‍വ്വകലാശാലയും കെയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയും സ്‌പെയ്‌നിലെ കൊര്‍ഡോവ സര്‍വ്വകലാശാലയും മുസ്ലിം ജ്ഞാനികളുടെ ഉയിർപ്പിൻ്റെ ഭാഗമായി രൂപപ്പെട്ടതാണ്. കൊർദോവ സർവ്വകലാശാലയിലെ ഗ്രന്ഥപ്പുരകളിലെ പുസ്തകങ്ങൾ എണ്ണമറ്റതും വിഷയ വൈജാത്യങ്ങളാൽ ജ്വലിച്ചു നിൽക്കുന്നവയുമായിരുന്നു. അതിനെല്ലാറ്റിനും നിതാനമായത് "നീ വായിക്കുക നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ" എന്ന സൂക്തവും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക