Image

സത്യഭാമയും, സത്യവും (ഡോ. ഖാദർ മാങ്ങാട്)

Published on 23 March, 2024
സത്യഭാമയും, സത്യവും (ഡോ. ഖാദർ മാങ്ങാട്)

രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ‘കൊളോണിയൽ ഹാങ്ങോവർ’ ഇനിയും നമ്മളിൽ നിന്നും വിട്ടുമാറിയിട്ടില്ല. നർത്തകി സത്യഭാമ വിളിച്ചു പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരിക്കുന്നു. കറുപ്പും, വെളുപ്പും എന്ന 'ഡൈകോട്ടമി'(dichotamy) ഇതോടെ നമ്മുടെ സ്വത്വത്തെ നിർണയിക്കുന്ന ഘടകമായി മാറി. നമ്മുടെ നാട്ടിൽ മോഹിനിയാട്ടത്തിലായാലും, മറ്റേതു കലാരൂപത്തിലായാലും വെളുപ്പിനാണ് അപ്രമാദിത്തം എന്ന് വന്നു. ‘മോഹനന്മാർ’ മറ്റു മേഖലകളിലേക്ക് പൊയ്ക്കോട്ടേ എന്നതാണ് ഭാമയുടെ ഭാഷ്യം.
വെളുപ്പ് നന്മയുടെ പ്രതീകവും, കറുപ്പ് തിന്മയുടെയും.  
വെളുപ്പ് ആധിപത്യത്തിന്റെയും,കറുപ്പ് അടിമത്തത്തിന്റെയും..
വെളുപ്പ് സൗന്ദര്യവും, കറുപ്പ് അസൗന്ദര്യവും.

ഈ ‘ഡൈകോട്ടമി’ രണ്ടു നൂറ്റാണ്ടുകൾ കൊണ്ട് ഇംഗ്ലീഷുകാർ നമ്മളുടെ മനസ്സിൽ രൂഢമൂലമാക്കിയ വിശ്വാസമാണ്. ഹിറ്റ്ലർ വിശ്വസിച്ചതും, പ്രചരിപ്പിച്ചതും വെളുത്തവർ ലോകത്തെ ഭരിക്കട്ടെ എന്നാണല്ലോ. ബുദ്ധി ശക്തിയിലും, ശരീര ശക്തിയിലും വെളുത്തവർ മുന്നിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസത്തെ deconstruct (അപനിർമ്മിതി ) ചെയ്യാൻ കാര്യമായ ശ്രമം നടന്നില്ലെന്ന് മാത്രമല്ല നമ്മൾ മനസ്സ് കൊണ്ടു അത് അംഗീകരിക്കുകയും ചെയ്തു. വെളുപ്പിന്റെ മേൽകൈ ചർച്ച ചെയ്യപ്പെടുമ്പോൾ വെള്ളക്കാരൻ  നമ്മുടെ മനസ്സിൽ സൃഷ്‌ടിച്ച സൗന്ദര്യ ബോധവും, അതിന്റെ അർത്ഥനിർമിതിയും എത്ര മാത്രം ആഴത്തിൽ ഉള്ളതാണ് എന്ന് പരിശോധിക്കപ്പെടെണ്ടതുണ്ട്.
 ഏതാണ് സത്യം, എന്താണ് സൗന്ദര്യം?

‘ഫെയർ ആൻഡ് ലവ്‌ലി’ എന്ന ഉത്പന്നം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേതു. ചർമത്തിന്  വെളുത്ത നിറം ലഭിക്കാൻ വേണ്ടിയാണല്ലോ ഇത് ഉപയോഗിക്കുന്നത്. സൗന്ദര്യത്തിന്റെ ഒന്നാമത്തെ ചേരുവ  വെളുത്ത ചർമ്മമാണെന്നുള്ള വിശ്വാസത്തിന്റെ ഭാഗമാണിത്. ഇന്ത്യൻ സിനിമകളിലെ നായകന്മാർ വെളുത്തവരാണ്. കലാഭവൻ മണിയും, രജനി കാന്തും അപവാദങ്ങൾ. ഇതുവരെ വെളുത്ത നടന്മാരെ മെയ്ക് അപ്പ് കലാകാരൻമാർ കറുപ്പിച്ചു കണ്ടിട്ടില്ല, പ്രത്യേക കഥാപാത്രങ്ങൾക്ക് വേണ്ടി അങ്ങിനെ ചെയ്യാറുണ്ടെങ്കിലും. മെയ്ക് അപ്പ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തന്നെ നടീനടന്മാരെ രാസപദാർത്ഥങ്ങൾ അടങ്ങിയ വസ്തുക്കൾ കൊണ്ട് വെളുപ്പിക്കലാണ്. കറുത്തവരാണെങ്കിൽ പ്രത്യേകിച്ചും. വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പല വസ്തുക്കളും ഇന്ന് മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. ഇതിനു വേണ്ടി എത്ര പണം ചിലവാക്കാനും ആളുകൾ തയാർ.

മനുഷ്യർ പൊതുവിൽ കറുത്തവരും, വെളുത്തവരുമാണ്. ചൂട് കാലാവസ്ഥയുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ കറുത്തും , തണുപ്പ് രാജ്യങ്ങളിലുള്ളവർ വെളുത്തും കാണപ്പെടുന്നു. തൊലിക്ക് കറുത്ത നിറം ഉണ്ടാകുന്നതു 'മെലാനിൻ' എന്ന രാസപദാർത്ഥം ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ്. കടുത്ത സൂര്യ രശ്മികൾ പ്രസരിപ്പിക്കുന്ന അൾട്രാവയലെറ്റ് രശ്മികളെ തടഞ്ഞു കാൻസർ പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും ഒരു കുട പോലെ നമ്മെ രക്ഷിക്കുക എന്നതാണ് മെലാനിൻ എന്ന രാസപദാർത്ഥത്തിന്റെ ധർമം. ഇത് ദൈവം നമുക്ക് തരുന്ന വരദാനം. വെളുത്തവർക്ക്  ഈ കുടയുടെ സംരക്ഷണം ലഭിക്കില്ല. അവർക്കു ചൂട് കാലത്തു പ്രതിരോധ ശക്തി കുറഞ്ഞിരിക്കും. രോഗം പിടികൂടാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണം കൊണ്ടാണ് വെള്ളക്കാർ ചൂടിൽ നിന്നും, അത് പോലെ മാരക രോഗത്തിൽ നിന്നും രക്ഷ നേടാൻ ഊട്ടി പോലുള്ള തണുത്ത പ്രദേശങ്ങളിലേക്ക് പ്രയാണം ചെയ്യുന്നത്. കറുത്തവർക്ക് മാത്രം ദൈവം തന്ന ഈ സൗഭാഗ്യത്തെ മാർക്കറ്റിൽ ലഭിക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് നമ്മൾ നശിപ്പിച്ചു കളയുന്നു. ആഫ്രിക്കൻ വർഗ്ഗക്കാരായ നീഗ്രോകളും, ഇന്ത്യയിലെ ദ്രാവിഡന്മാരും ഇക്കാരണങ്ങൾ കൊണ്ട് ഇത്തരം രോഗങ്ങളിൽ നിന്ന് സംരക്ഷിതരും കൂടുതൽ ശക്തരുമാണ്. കറുപ്പിന്റെ സുരക്ഷിത വലയത്തെയാണ് സൗന്ദര്യത്തിന്റെ പേരിൽ നമ്മൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.  

സൗന്ദര്യം എന്നത് ആപേക്ഷികമായ അവസ്ഥ. ആഫ്രിക്കയിലെ ലോകസുന്ദരിയായി അവർ തെരഞ്ഞെടുക്കുന്നത് കരിവീട്ടിക്കറുപ്പുള്ള,അല്ലെങ്കിൽ ‘കാക്കക്കറുപ്പുള്ള’, ചുരുണ്ട മുടിയും , തടിച്ചു മലർന്ന ചുണ്ടും വിടർന്ന മൂക്കും ഉള്ള സ്ത്രീകളെയാണ്. അവിടെ ഇന്ത്യൻ സുന്ദരിയും യൂറോപ്യൻ സുന്ദരികളും പിന്തള്ളപ്പെടും. ജപ്പാനിലെ സുന്ദരിക്കു കണ്ണിന്റെ സ്ഥാനത്തു ഒരു വര മാത്രമേ കാണു. വടക്കേ ഇന്ത്യൻ സുന്ദരിമാർ കാറ്റടിച്ചാൽ വീഴുന്ന തോളെല്ലുന്തിയ വരായിരിക്കും. തെക്കേ ഇന്ത്യയിൽ അല്പം തടിയില്ലെങ്കിൽ അത് അയോഗ്യതയും. വെളുപ്പും, ശരീര പ്രകൃതിയും സൗന്ദര്യത്തിന്റെ അളവുകോലാക്കാൻ സാധിക്കില്ല. ദൈവത്തിന്റെ സമ്മാനമായ കറുപ്പിനെ മോശമായിക്കാണുന്നതിനു പകരം, അഭിമാനമായി ആഘോഷിക്കുകയാണ് വേണ്ടത്. കറുപ്പ് നേട്ടവും , വെളുപ്പ് ഇല്ലായ്മയുമാണ്. കറുപ്പ് ശക്തിയും, പ്രതിരോധവുമാണ്. ഇനിയെങ്കിലും നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റവുണ്ടാകട്ടെ. (ലേഖകൻ കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ആണ് )

Join WhatsApp News
josecheripuram 2024-03-24 01:09:09
What ever you say, White is right, Black stay back, Brown stick around. We have a white Phobia, black have seven beauty, the rest 97 goes to white. I have heard in my young age when some one a marriage proposal, the first question the mother of the groom ask "is the girl White"? even in Matrimony in in America "girl is Fair". Do you think Jesus was the way he is portrayed, he was not at all handsome, in middle east a carpenter can't be that good looking. He became handsome only by his teaching and lived accordingly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക