Image

ഗബ്രിയേലിന്റെ കിണർ : പി. സീമ

Published on 23 March, 2024
ഗബ്രിയേലിന്റെ  കിണർ : പി. സീമ

കുന്നിന് മുകളിൽ നിന്നാൽ  ഭൂമിക്കു കുട പിടിച്ചത് പോലെ കാണാവുന്ന ആകാശവിശാലതയും, പച്ച നിറമുള്ള താഴ്‌വരകളും, രാവിൽ പെയ്തിറങ്ങുന്ന നിലാവും ഗബ്രിയേലിന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു.

ജലമാകെ വറ്റി പുഴ ഒരു വരണ്ട നീർച്ചാലായി ഒഴുകാൻ തുടങ്ങിയിട്ടും ആ പ്രദേശം വിട്ടു പോകാൻ സാധാരണക്കാരായ ചില കൃഷിക്കാർക്ക് കഴിഞ്ഞിരുന്നില്ല. കൃഷി ഒന്നും സ്വന്തമായി ഇല്ലെങ്കിലും താഴ് വരയിൽ ഒരു കിണർ കുഴിക്കണം എന്ന അഭിപ്രായം ആദ്യം മുന്നോട്ട് വെച്ചത് ഗബ്രിയേൽ ആയിരുന്നു. കുന്നിന് മുകളിൽ കൃഷിയും മറ്റാവശ്യങ്ങളും ഇല്ലായിരുന്നു എങ്കിലും മറ്റുള്ളവരുടെ വിളവുകൾ കരിഞ്ഞു പോകുന്നത് അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.പകലന്തിയോളം കിണർ കുഴിച്ചു കുന്നു കയറി അയാൾ കിതച്ചു വരുമ്പോൾ ത്രേസ്യ മുഖം ചുളിക്കും.

"നിങ്ങൾക്ക്  നട്ടപ്രാന്തു തന്നെയാ. താണ നിലത്തേ നീരോടു എന്നറിയില്ലേ.കിണറ്റിൽ വെള്ളം കണ്ടാലും നമുക്ക് പ്രയോജനം ഇല്ലെന്നു മറക്കണ്ട "

കൂജയിൽ നിന്നും തണുത്ത വെള്ളം പകർന്നു കുടിക്കുമ്പോൾ ഗബ്രിയേൽ കിതപ്പാറ്റി നെഞ്ച് തടവും.

"മണ്ണിനോടും വിളവിനോടും ഉള്ള സ്നേഹം കൊണ്ടാ.. മണ്ണും മരവും ഇല്ലേൽ നമ്മളുണ്ടോ.എത്ര പേരുടെ കൃഷി നശിച്ചു പോയി.കാണുമ്പോൾ വല്ലാത്ത ഒരു അസഹ്യത.കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് കടം കേറി മുടിഞ്ഞു ആത്മഹത്യക്കു ഒരുങ്ങുന്നവരുടെ മുഖങ്ങളാ...എന്നെ കൊണ്ടു ആകുന്ന സഹായം ഇതല്ലേ ഉള്ളു."

തന്റെ പ്രവൃത്തിക്കു അയാൾക്ക്‌ ന്യായീകരണമുണ്ടായിരുന്നു.ഓരോ ദിവസവും അയാൾ കിണർ കുഴിച്ചു കൊണ്ടേയിരുന്നു.ചിലരൊക്കെ കൂടെ ചേർന്നെങ്കിലും നിരാശയോടെ പിൻവാങ്ങി.  പക്ഷെ ഗബ്രിയേൽ പിന്മാറിയില്ല. ഒടുവിൽ  പ്രതീക്ഷ ആകെ നശിച്ച നേരത്താണ്   ഓർക്കാപ്പുറത്തു കിണറിൽ നേരിയ ഒരു ഉറവ കാണാൻ കഴിഞ്ഞത്.അന്ന് പാതിരാവോളം നാട്ടുകാർ കുന്നിൻചെ രിവിൽ ഒത്തു കൂടി.

പിന്നെ ഒരാഘോഷമായിരുന്നു. ഇടയ്ക്കിടെ വിളവ് നശിപ്പിക്കാൻ വന്നു കൊണ്ടിരുന്ന കാട്ടാനയും വനാതിർത്തിയിൽ വന്നിട്ട് തിരികെ പോയി.കിണറ്റിൽ സമൃദ്ധമായി ജലം വന്നു നിറഞ്ഞതോടെ മോട്ടോർ വാങ്ങി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഗബ്രിയേൽ തന്നെ ആണ് ഒരുക്കിയത്. ഈർപ്പം നിറഞ്ഞ മണ്ണിൽ വിളവുകൾ പുതു ജീവൻ വീണ്ടെടുത്തു. കുറച്ചു നാളുകൾ ക്കുള്ളിൽ ഓരോ കൃഷിക്കാരന്റെയും ഉള്ളു കുളിർത്തു.  വിളവുകൾ ചന്തയിലെത്തിച്ചു വിറ്റു സാമ്പത്തികലാഭം നേടിയവർ വീട്ടുമുറ്റത്തു ടാങ്കുകൾ വാങ്ങി വെച്ചു വെള്ളം പമ്പ് ചെയ്തു നിറച്ചു.  വേണ്ടുന്ന സമയത്തൊക്കെ വിളവുകൾ ആവുന്നത്ര നനച്ചു.

ഒറ്റയ്ക്കൊരു കിണർ കുഴിക്കാൻ മുൻകൈയെടുത്ത ഗബ്രിയേലിനെ ഒരു സമ്മേളനത്തിൽ വെച്ചു മന്ത്രി പൊന്നാട അണിയിച്ച്‌ ആദരിച്ചു. ഗബ്രിയേലിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്. പിറ്റേന്ന് നഗരത്തിൽ പോയി ഒരു  ടാങ്ക് വാങ്ങി വെച്ചപ്പോഴാണ് മുറ്റത്തെ വറ്റി തുടങ്ങിയ കിണറ്റിലെ വെള്ളം ഉയരത്തിലേക്ക്  കയറില്ലെന്നു അയാൾക്ക്‌ മനസ്സിലായത്.

"സാരല്യ എല്ലാരും എടുത്തു കഴിഞ്ഞു രാത്രിയിൽ എപ്പോഴെങ്കിലും വെള്ളം ആകുമ്പോ  മുകളിലേക്ക് വെള്ളം കയറാൻ മോട്ടോർ ഇടാല്ലോ "

"അതാണല്ലോ നിങ്ങളുടെ തിരുവചനം.നമ്മള് ഏറ്റവും പിറകിൽ മതീല്ലോ എന്തിനും... ആദ്യം ഇരിക്കാൻ സ്വന്തം ഇരിപ്പിടം ഉണ്ടാക്കു എന്നിട്ട് മറ്റുള്ളോർക്കു സിംഹാസനം ഉണ്ടാക്കിയാൽ മതി.മുറ്റത്തു കിണറ്റിൽ ഉണ്ടായിരുന്ന വെള്ളം മുഴുവൻ വറ്റിപോയത് കണ്ടോ?"

അപ്പോഴാണ് തന്റെ കിണറ്റിലെ വെള്ളം മുഴുവൻ വറ്റിപ്പോയത് ഗബ്രിയേൽ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞത്. ഉറവ താഴ് വരയിലേക്ക് വഴി മാറിയോ.? മണ്ണിനടിയിൽ ജലസ്രോതസ്സുകൾ വഴി തേടുന്നത് മനുഷ്യന് നിയന്ത്രിക്കാൻ ആകില്ലല്ലോ.  കാഴ്ചപ്പുറത്തല്ലേ മനുഷ്യരുടെ കൈ എത്തു.

ഒരു പരാജിതനെ പോലെ അയാൾ അടുക്കളപ്പുറത്തു കുന്തിച്ചിരുന്നു. ടാങ്കിലേക്ക് വെള്ളം കയറാൻ ഇനിയും കാത്തിരിക്കണം. കിണറിനു അടിവശത്തു പാറയിൽ വെള്ളം കോരുന്ന തൊട്ടി ചെന്ന് മുട്ടി ശബ്ദമുണ്ടാക്കി.  കലത്തിൽ അവശേഷിച്ച ഇത്തിരി വെള്ളത്തിനു കലങ്ങിയ  മണ്ണിന്റെ നിറം..നിരാശയോടെ അയാൾ പിന്തിരിഞ്ഞു. ഉറക്കം  എങ്ങോട്ടോ ഇറങ്ങിപ്പോയിരിക്കുന്നു.

തൊണ്ട വറ്റി വരണ്ടു തുടങ്ങിയപ്പോഴാണ്  അല്പം ചോർച്ചയുള്ള കൂജ തുറന്നു നോക്കിയത്. ഒരിറക്കു വെള്ളം പോലും അതിൽ ബാക്കിയില്ല. നെഞ്ചിനുള്ളിൽ തീ പടരും പോലെ.. അയാൾ വരണ്ട നാവോടെ മുറ്റത്തിറങ്ങി വേച്ചു വേച്ചു നടന്നു. എല്ലാം അറിഞ്ഞ ത്രേസ്യ   പ്രതിഷേധിച്ചു കൊണ്ടു ഒരു അലുമിനിയക്കുടവുമായി കുന്നിറങ്ങി.

"ഇങ്ങനെ പോയാൽ ഇറ്റ് വെള്ളം കുടിച്ചു കണ്ണ് അടയൂല്ല കേട്ടോ.."

പിറു പിറുത്തു കൊണ്ടു ത്രേസ്യ പോയ വഴിയിൽ നിലാവ് മായുന്നത് നോക്കി കിടന്നപ്പോൾ ഉള്ളിൽ കൂരിരുട്ടു വന്നു നിറയും പോലെ അയാൾക്ക്‌ തോന്നി. നെഞ്ചിനു കുറുകെ  വേദനയുടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോകുന്നു. പൊടുന്നനെ ആണ് താഴ് വരയിൽ നിന്നും ഒരു ചിന്നം വിളി കേട്ടത്. നിലാവ് മാഞ്ഞൂ .കാഴ്ചകൾ പൂർണ്ണമായും ഇരുട്ട് കൊണ്ടെഴുതിയ ചിത്രങ്ങൾ പോലെ അവ്യക്തമാകുന്നു.

ത്രേസ്യയെ തേടി ഇറങ്ങാനുള്ള കരുത്തു നഷ്ടപ്പെട്ടു തളർന്ന് അയാൾ കർത്താവിന്റെ തിരുരൂപം നോക്കി കുരിശു വരച്ചു. മിഴികൾ താനേ ചേർന്നടഞ്ഞു കാഴ്ചകൾ ഒന്നൊന്നായി മങ്ങി പോകുന്നു. രാവ് വളർന്നത് അയാൾ അറിഞ്ഞില്ല.കുന്നിന് മീതെ രാത്രിയിലെ കാറ്റ് നിലവിളിച്ചു കൊണ്ടു പാഞ്ഞു നടന്നു.രാപ്പക്ഷികൾ പേടിച്ചുണർന്നു ചിറകടിച്ചു പറന്നു.

പിറ്റേന്ന് പുലരിക്കാറ്റിനോടൊപ്പം കുന്നു കയറി വന്ന ചാത്തു ഉച്ചത്തിൽ നിലവിളിച്ചു.

"കൊമ്പൻ ചതിച്ചല്ലോ ഗബ്രിയേലച്ചായാ .."

ഗബ്രിയേൽ   അപ്പോഴും ഉണർന്നില്ല. ആര് വിളിച്ചിട്ടും ഉണരാതെ ത്രേസ്യയുടെ വരവും കാത്തു കിടന്ന അയാളുടെ വരണ്ട ചുണ്ടുകൾ ഒരിറ്റു വെള്ളത്തിനായി  അപ്പോഴും പാതി തുറന്നിരുന്നു. എങ്കിലും മറ്റാർക്കൊക്കെ വേണ്ടിയോ ജീവിച്ചു തീർത്ത ജീവിതത്തിന്റെ സംതൃപ്തി ആ മുഖത്തുണ്ടായിരുന്നു.

Join WhatsApp News
Sudhir Panikkaveetil 2024-03-24 07:14:35
കാരൂർ നീലകണ്ഠപിള്ളയുടെ "ഉതുപ്പാന്റെ കിണർ" എന്ന കഥയോട് ചെറിയ സാദൃശ്യം തോന്നാം. പതിനഞ്ച് ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിലേ plagiarism ആയി കരുതുകയുള്ളു ഇത് അതിൽ കുറവാണു. ആ കഥ പ്രചോദനം നൽകി കാണുമായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക