Image

വായനശാലകളെ പൂവാടികളാക്കുന്ന പാദ്രെ; എംജിക്കു മറ്റൊരു തൂവല്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 23 March, 2024
വായനശാലകളെ  പൂവാടികളാക്കുന്ന പാദ്രെ; എംജിക്കു മറ്റൊരു തൂവല്‍   (കുര്യന്‍ പാമ്പാടി)

വായിച്ചു വളരുക, വായിക്കാത്തവര്‍ പിണം എന്നൊക്കെ പറയാറുണ്ട്. വരുമാനം കുറവായിട്ടും ഗോളാന്തര സൂചികകളില്‍ മുന്നിലെത്താന്‍  കേരളത്തെ സഹായിച്ചതു  വായിച്ചു  വളര്‍ന്ന തലമുറകളുടെ സുകൃതമാണെന്നു സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍  ഒരുപോലെ  പറയുന്നു. അതിനു സഹായിച്ചതു പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ഉണ്ടായതും അവയെ നയിക്കാന്‍ പാതിരിമാര്‍ വന്നതും. അങ്ങിനെയൊരു ആധുനിക പാദ്രെ യുടെ കഥയാണിത്.

കേരളത്തില്‍ ഒരുകാലത്ത് നൂറുകണക്കിന് ഗ്രാമീണ വായനശാലകള്‍ ഉണ്ടായിരുയിരുന്നുവെന്നാണ് ചരിത്രം. സാക്ഷരത വളര്‍ന്നതോടെ വായനശാലകളില്‍ വന്നു പത്രമാസികകള്‍ വായിക്കുന്നവരുടെയും രാഷ്ട്രീയം പറയുന്നവരുടെയും എണ്ണം കൂടി. ട്രെയിനില്‍ വാളയാര്‍ കടന്നാലുടന്‍ ചായക്കടകളില്‍ പത്രം വായിച്ചു ചര്‍ച്ചചെയ്യുന്നവരുടെ വേറിട്ട നാടായി കേരളം അറിയപെട്ടു. 

അവാര്‍ഡ് നേടിയ ലൈബ്രേറിയന്‍-എസ്ബിയിലെ സാന്ദ്ര സുഗതന്‍ 

ഇരുപത്തൊന്നാം നൂറ്റാണ്ടു പിറന്നപ്പോള്‍ നടത്തിയ ഒരു കണക്കെടുപ്പില്‍ വായിച്ച് വളരുന്നകുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായി ബോധ്യമായി. ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ശ്രമവും തുടങ്ങി. ഉദാഹരണത്തിന് കോട്ടയത്തെ എംജി സര്‍വകലാശാല, പ്രായഭേദമെന്യേ  'എവിടെ പഠിച്ചാലും സാരമില്ല ബിരുദധാരികളയാല്‍ മതി, എല്ലാവര്‍ക്കും സ്വാഗതം' എന്ന നയം സ്വീകരിച്ചു.  വായിക്കാന്‍ എടുത്തുകൊണ്ടുപോകാവുന്ന പുസ്തകങ്ങളുടെ എണ്ണം ഇരട്ടിയാക്കി.

അടുത്ത കാലത്തു സര്‍വകലാശാല, ലൈബ്രറിയുടെ കെട്ടും മട്ടുംപരിഷ്‌ക്കരിച്ചു. പുതിയ കസേരകളും സെറ്റികളും നിരത്തി, സോഫ്റ്റ് ലൈറ്റുകള്‍ പിടിപ്പിച്ചു. മെയിന്‍ ലൈബ്രറിയുടെ ചേര്‍ന്ന് ഗാര്‍ഡന്‍ ലൈബ്രറി ഉണ്ടാക്കി. വായനക്കിടയില്‍ കോഫി വേണ്ടവര്‍ക്ക് കോഫീ മെഷീന്‍ വരെ സ്ഥാപിച്ചു. അഞ്ചു നിലകള്‍ ഉള്ള തൃശൂര്‍  സെന്റ് തോമസ് കോളജ് ലൈബ്രറിയുടെ  മട്ടുപ്പാവില്‍ ഒരു റെസ്റ്റാന്റ് വരെ.

എംജി യൂണിവേഴ്സിറ്റിലൈബ്രറിയുടെ പുതിയ മുഖം

'ലൈബ്രറികള്‍ ഒരു കലാലയത്തിന്റെയോ സര്‍വകലാശാലയുടെയോ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം ആവണം. അത് ഒരു മാള്‍ പോലെ ആകര്‍ഷകമായിരിക്കണം. പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന വെറുമൊരു ഇരുണ്ട  കോണെന്ന സങ്കല്‍പ്പം പാടെ പൊളിച്ചെഴുതണം,' എന്നു വാദിക്കുന്നു കേരളത്തിലെ കലാലയ ലൈബ്രറികളുടെ മുഖശ്രീ മാറ്റിവരക്കാന്‍ നേതൃത്വം കൊടുക്കുന്ന മോഡേണ്‍ പാദ്രെ ജോണ്‍ നീലങ്കാവില്‍.

 

തൃശൂരടുത്ത് നെച്ചിക്കോട്ടുകൊമ്പന്‍ എന്ന ഗജവീരന്റെ ഗ്രാമത്തില്‍ ജനിച്ചു കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സിഎംഐ സന്യസ്തസഭയില്‍ ചേര്‍ന്ന ജോണ്‍ ലൈബ്രറി സയന്‍സില്‍ ബിരുദനയാത്ര ബിരുദവും ലൈബ്രറി രൂപകല്പനയില്‍ ഡോക്ട്രേറ്റും നേടിയ ആളാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ലൈബ്രറികളുടെ രൂപഭാവങ്ങള്‍ സവിസ്തരം പഠിച്ചയാള്‍. ബെംഗളൂരില്‍ ഡിവികെ എന്ന ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്റെ സെന്‍ട്രല്‍ ലൈബ്രറി മേധാവി.

ലൈബ്രറി മേധാവി ലത അരവിന്ദും ഡോ. ജോണ്‍ നീലങ്കാവിലും

ന്യൂ യോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ വിവാഹം നടത്താന്‍ വരെ ഇന്നനുവാദമുണ്ട്. ആളുകളെ ആകര്‍ഷിക്കാന്‍ അവരുടെ ഐഡി കാര്‍ഡില്‍ സ്‌പൈഡര്‍മാന്റെ ചിത്രം ഉള്‍പ്പെടുത്തി. യുഎസില്‍ 600 റീറ്റെയില്‍ ഷോപ്പുകള്‍ ഉള്ള ബാണ്‍സ് ആന്‍ഡ് നോബിള്‍ എന്ന പുസ്തകശാലയുടെ  ഒരു ഷോപ്പില്‍ പോയി കാപ്പി കുടിച്ചാല്‍ ഇന്റര്‍നെറ്റ് ഫ്രീ. ബ്രിട്ടീഷ് ലൈബ്രറിയില്‍ ആളെ കൂട്ടാന്‍ എന്തെല്ലാം പരിപാടികള്‍-വനിതാ ദിനം, കുട്ടികളുടെ ദിനം, പെയിന്റിംഗ് മത്സരം, ഓണ്‍ലൈന്‍ ബൗദ്ധിക ചര്‍ച്ചകള്‍  എന്നിങ്ങനെ.

 

രണ്ടു പതിറ്റാണ്ടു കഴിഞ്ഞു ലൈബ്രറികളുടെ മുഖമുദ്ര മാറ്റി ആകര്‍ഷകമാക്കാനു ള്ള ഡോ. നീലങ്കാവിലിന്റെ അതിരാത്രം തുടങ്ങിയിട്ട്. കൊല്‍ക്കത്ത മുതല്‍  കന്യാകുമാരി വരെ അദ്ദേഹം സഞ്ചരിക്കുന്നു. താന്‍  സേവനം ചെയ്യുന്ന ബംഗളൂരിലെ സെന്‍ട്രല്‍ ലൈബ്രറി പണിയുമ്പോള്‍ ആദ്യം മുതലേ ഭാഗഭാക്കായി. സ്വന്തം ആശയങ്ങള്‍ നടപ്പിലാക്കാന്‍ അങ്ങിനെ ഭാഗ്യമുണ്ടായി.

പൂമുഖത്ത്  സണ്ണി, സുഹൃത്തുക്കള്‍; കാമറക്കണ്ണുമായി ഡോ. സാബു

കേരളത്തില്‍ അദ്ദേഹം ഡിസൈന്‍ ചെയ്തു നടപ്പാക്കിയ  ലൈബ്രറികകള്‍ പലതുണ്ട്. ഏറ്റവും പ്രധാനം കോട്ടയത്തെ എംജി സര്‍വകലാശാലയുടേത്. അതു കൂടി കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം  നാഷണല്‍ അക്രഡിറ്റേഷനില്‍  എപ്ലസ്പ്ലസ്  ഗ്രേഡ് നേടുന്ന സംസ്ഥാനത്തെ ആദ്യ ലൈബ്രറിയായി  എംജി പ്രഖ്യാപിക്കപ്പെട്ടത്. ലോക റാങ്കിങ്ങില്‍ ഉയരത്തക്കവിധം നിരവധി അക്കാദമിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയ സര്‍വകലാശാലകൂടിയാണ് എംജി.

 

സര്‍വകലാശാലയുടെയോ കലാലയങ്ങളുടെയോ  നടുമുറ്റത്തായിരിക്കണം ലൈബ്രറിയെന്ന അഭിജ്ഞമതം 40 വര്‍ഷം മുമ്പ് മഹാത്മജിയുടെ ജന്മദിനത്തില്‍ നിലവില്‍  വന്ന  എം ജി യൂണിവേഴ്‌സിറ്റി യില്‍ പക്ഷെ പാലിക്കപ്പെട്ടില്ല. 110 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസിന്റെ ഒരറ്റത്താണ് ലൈബ്രറി. പ്രധാന ഗേറ്റില്‍ നിന്ന് 750 കിമീ കുന്നുകയറി പോകണം.

ബെങ്കലൂര്‍ ഡിവികെയുടെ ഗാര്‍ഡന്‍ ലൈബ്രറി

മുപ്പതു സ്‌കൂളുകള്‍, ഏഴു  ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്ററുകള്‍, ഏഴു  ഇന്റര്‍  സ്‌കൂള്‍ സെന്ററുകള്‍, 264 അഫിലിയേറ്റഡ് കോളജുകള്‍,  പത്തു ഓട്ടോണോമസ് കോളജുകള്‍ എന്നിവ സര്‍വകലാശാലയുടെ കീഴിലുണ്ട്. 50  വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് പഠനത്തിനും ഡോക്ടറല്‍ ഗവേഷണത്തിനും സൗകര്യമുണ്ട്. നാലായിരത്തോളം പിഎച്ച്ഡി പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

 

ലൈബ്രറിയില്‍ 71,000 പുസ്തകങ്ങള്‍ 600 ജേര്‍ണലുകള്‍, 6058 മെമ്പര്‍മാര്‍, ലൈബ്രറി സയന്‍സില്‍ യോഗ്യതയുള്ള  40 ലൈബ്രേറിയന്മാര്‍.  ഏഴുപേര്‍ പിഎച്ച്ഡി നേടിയവര്‍.

അമലഗിരി ബികെ കോളജ് ലൈബ്രറിയുടെ ചിത്രാലംകൃത ഹാള്‍

മൂന്നു നിലകളുള്ള ലൈബ്രറിയുടെ ഗ്രൗണ്ട് ഫ്‌ലോറിന്റെ  മുഖം മാറ്റാന്‍ മാത്രം ഒന്നേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. അവിടെ പെഡസ്റ്റല്‍ ഫാനുകള്‍ ഉള്‍പ്പെടെ നാല്പതോളം ഫാനുകള്‍. അതിലേറെ ലൈറ്റുകള്‍. കൊടുംവേനലില്‍ എല്ലാ ഫാനുകളും കൂടി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ശബ്ദ ശല്യം ഭീകരമാണ്.

 

ആനയെ വാങ്ങാമെങ്കില്‍ തുടലിനു കൂടി പണം മുടക്കണമല്ലോ. എന്തുകൊണ്ട് ഹാള്‍ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്തു കൂടാ? സന്ദര്‍ശക ഡയറിയില്‍ എഴുതിയ കുറിപ്പില്‍ ആരോ ചോദിച്ചു.   എസി ഓണാക്കു മ്പോള്‍ ഉണ്ടാവുന്ന വൈദ്യുതിച്ചെലവ് നാല്‍പതു ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ കുറവായിരിക്കുമെന്നു വിദഗ്ദ്ധര്‍ പറയുന്നു.  എസി യൂണിറ്റുകള്‍ വാങ്ങി വച്ചിട്ടുണ്ട്. കാര്യക്ഷമത പഠിച്ച ശേഷം നടപ്പാക്കുമെന്നു  വൈസ് ചാന്‍സലര്‍ സി ടി  അരവിന്ദ കുമാര്‍ എന്നോട് പറഞ്ഞു.

എസ്ബി കോളജ് സെന്‍ട്രല്‍ ലൈബ്രറി

ലൈബ്രറി രൂപകല്പനയുമായി ബന്ധപെട്ടു കേരളത്തിലെ അമ്പതിലേറെ ക്യാമ്പസുകളില്‍ നിന്ന് അന്വേഷണം വന്നതായി ഡോ. നീലങ്കാവില്‍ അറിയിച്ചു. വിജയകരമായി നടപ്പാക്കിയ സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനം എംജി സര്‍വകലാശാല തന്നെ. കോഴിക്കോട് ദേവഗിരി, കോഴിക്കോട് പ്രൊവിഡന്‍സ്, തൃശൂര്‍ സെന്റ് തോമസ്, എറണാകുളം രാജഗിരി, ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക് മാന്‍സ്  എന്നിങ്ങനെ.

 

രാജഗിരി ലൈബ്രറിയില്‍ എത്തിയാല്‍ ആദ്യം കാണുന്നത് 26 അടി ഉയരമുള്ള ഒരു പുസ്തക ടവര്‍ ആണ്. ഇന്ത്യന്‍ ഭരണഘടന, ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ് ഗീത തുടങ്ങി 26 പുസ്തകങ്ങള്‍ അടുക്കി ഉയര്‍ത്തിയ ഒരു ടവര്‍. പിന്‍ഡ്രോപ് സൈലന്‍സ്  എന്ന പഴയ വായന ശാലാ സങ്കല്‍പ്പം കാലഹരണപ്പെട്ടു എന്നാണ് ഡോ. നീലങ്കാവിലിന്റെ മതം. കൂടിയിരുന്ന് എന്തും സജീവമായി  സംവദിക്കാനുള്ള ഒരിടമാവണം  ലൈബ്രറികള്‍.

എസ്ബിയിലെ ലൈബ്രറി സയന്‍സ് വിദ്യാര്‍ത്ഥികളോടൊപ്പം  

യുണിവേഴ്സിറ്റിക്കു സമീപമുള്ള ബിഷപ് കുര്യാളശ്ശേരി വിമന്‍സ് കോളജിന്റെ  ലൈബ്രറിക്കും മാറ്റം. ചെറിയ ഹാള്‍ ആയതിനാല്‍ ടാഗോര്‍, രാജാരവിവര്‍മ്മ,  പിക്കാസോ, റെംബ്രാന്റ്, മൈക്കലാഞ്ജലോ തുടങ്ങിയ വിശ്രുത കലാകാരന്‍മാരുടെ പെയിന്റിങ്ങുകളുടെ കോപ്പികള്‍ നിരത്തിയാണ് ആകര്‍ഷകമാക്കിയത്. പുറത്തു ഒരു ഗാര്‍ഡന്‍ ലൈബ്രറിയും സജ്ജമാക്കി.

 

ശതാബ്ദി ആഘോഷിച്ച ചങ്ങനാശ്ശേരി ബെര്‍ക്ക് മാന്‍സിന്റെ  സെന്‍ട്രല്‍ ലൈബ്രറിയില്‍ 1,95,809 പുസ്തകങ്ങള്‍, 20 ലക്ഷം ഇ ബുക്കുകള്‍, 6293 ജേര്‍ണലുകള്‍. കോണ്‍ഫറന്‍സ് ഹാള്‍, ഗാര്‍ഡന്‍ ലൈബ്രറി എന്നിവ പുറമെ.

പ്രകൃതിയോടിണങ്ങിയ വായന:  ബേങ്കളൂര്‍ 

കോളജില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും  നടത്തുന്നു. ഏറ്റവും മികച്ച മാസ്റ്റേഴ്സ്  വിദ്യാര്‍ത്ഥിനി സാന്ദ്ര സുഗതന് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ ഫാ. ജോസ് വിരുപ്പേല്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷകന്‍ ഡോ. നീലങ്കാവില്‍ ആയിരുന്നു. സാന്ദ്രക്കു കോലഞ്ചേരി മെഡിക്കല്‍ കോളജ് ലൈബ്രറിയില്‍ ജോലിയായി.

 

ലൈബ്രറികള്‍ വെറും പുസ്തകശാലകള്‍ ആക്കാതെ ക്യാമ്പസിന്റെ ഏറ്റവും സജീവമായ ഇടം ആക്കണമെന്നു മെന്ന് നീലങ്കാവില്‍ ആഹ്വാനം ചെയ്തു. അവിടെ ഓരോ വ്യക്തിക്കും സ്വന്തമായ ഇടം ഉണ്ടായിരിക്കണം.വകുപ്പ് മേധാവി പിബി യമുനയും സഹാദ്ധ്യാപകരായ  ഷീജാമോള്‍ മാത്യൂവും  ഷെഹിദാ സലിമും ഫാ. ജോണിന്റെ ആശയങ്ങള്‍ നെഞ്ചിലേറ്റുന്നതായി പ്രഖ്യാപിച്ചു.  

കോഴിക്കോട് ദേവഗിരി കോളജ് ലൈബ്രറി

'ദി ഫാദര്‍' ഓഫ്  ലൈബ്രറീസ്' എന്ന് നീലങ്കാവിലിനെ വാഴ്ത്തുന്ന  ബേങ്കലൂര്‍ ന്യൂ ഇന്ത്യന്‍ എക്പ്രസ് ഫീച്ചര്‍ വായിക്കണം. മഹിമ അന്ന ജേക്കബ് ആണ് ലേഖിക.  കേരളത്തിലെലൈബ്രറികള്‍ക്കു ഇനിയുമേറെ മെയ്ക്കോവര്‍ വരാനിരിക്കുന്നു. ഡോ. നീലങ്കാവിലിന്റെ വെബ്സൈറ്റ് www.libraryplanning.in

 

 

 

 

 

 

 

 

Join WhatsApp News
Mary mathew 2024-03-23 18:52:46
Great. We need more libraries in and around .Use less time in social media’s and grow by reading more books .People need good surroundings ,then they get more concentration .When they read good books ,getting more ideas and knowledge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക