Image

സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ പൊലീസുകാരൻ തന്നോടും മോശമായി പെരുമാറി; അരവിന്ദ് കെജ്‌രിവാള്‍

Published on 23 March, 2024
സിസോദിയയെ  കഴുത്തിന് പിടിച്ച് തള്ളിയ  പൊലീസുകാരൻ തന്നോടും മോശമായി പെരുമാറി; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അറസ്റ്റിലായ മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി വളപ്പില്‍ വച്ച്‌ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ തന്നോടും മോശമായി പെരുമാറിയെന്ന് അരവിന്ദ് കെജ്‌രിവാള്‍.

തന്റെ സുരക്ഷാ വലയത്തില്‍ നിന്നും ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കെജ്‌രിവാള്‍ സമർപ്പിച്ച അപേക്ഷയിലൂടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

റിമാൻഡ് അപേക്ഷയില്‍ വാദം കേള്‍ക്കാനായി കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷനർ എ കെ സിങ് തന്നോട് മോശമായി പെരുമാറിയതെന്ന് കെജ്‌രിവാള്‍ കുറിച്ചു. ഏത് രീതിയിലാണ് കെജ്‌രിവാളിനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതെന്ന് അപേക്ഷയില്‍ വിവരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം മനീഷ് സിസോദിയയോട് ഇതേ കോടതിവളപ്പില്‍ വച്ച്‌ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചപ്പോള്‍, സിസോദിയയുടെ കഴുത്തിന് പിടിച്ച്‌ തള്ളി എന്ന ആരോപണം നേരിട്ട പൊലീസുകാരനാണ് എ കെ സിങ്. സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങളുടെ പിന്തുണയോടെ സിസോദിയ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതി മാധ്യമങ്ങള്‍ക്ക് മൊഴി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയാനാണ് ശ്രമിച്ചതെന്നുമായിരുന്നു അന്ന് പൊലീസ് മറുപടി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക