Image

കേജരിവാള്‍ ഒരു ഗജഫ്രോഡ് (ലേഖനം: സാം നിലംപള്ളില്‍)

Published on 24 March, 2024
കേജരിവാള്‍ ഒരു ഗജഫ്രോഡ് (ലേഖനം: സാം നിലംപള്ളില്‍)

മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം മന്ത്രിസഭ അഴിമതിയില്‍ മുങ്ങിത്താഴുമ്പോഴാണ് അണ്ണാ ഹസാരെ ലോക്പാല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ ജന്തര്‍മന്ദിരില്‍ സത്യാഗ്രഹം ആരംഭിക്കുന്നത്. സിങ്ങ് അഴിമതിവിരുദ്ധനും സത്യസന്ധനും ആയിരുന്നെങ്കിലും ഘടകകക്ഷികളായ ഡി എം കെയും ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും കിട്ടിയ അവസരം മുതലാക്കി വേണ്ടത്ര സമ്പാദിച്ചു. അങ്ങനെ ശുദ്ധനായ മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസ്സിനെയും അവമതിയിലാക്കി. അന്ന് ജനങ്ങളുടെ വിശ്വാസംനഷ്ടപ്പെട്ട് പടുകുഴിയല്‍വീണ കോണ്‍ഗ്രസ്സ് പിന്നീട് ഉയര്‍ത്തെഴുന്നേറ്റില്ല.

ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്തനായി ജോലിനോക്കുമ്പോളാണ് കേജരിവാള്‍  അഴിമതിവിരുദ്ധ സത്യാഗ്രഹത്തെപറ്റി കേള്‍ക്കുന്നതും ഇതുതന്നെ തന്റെ രാഷ്ട്രീയ മോഹം പൂവണിയാനുള്ള സുവര്‍ണാവസരമാണന്ന് മനസിലാക്കി അണ്ണാഹസാരെയുടെ സത്യാഗ്രസഹ പന്തലില്‍ ഇടംപിടിക്കുന്നതും. അന്നുമുതലാണ് ഈ മനുഷ്യനെപറ്റി ജനങ്ങള്‍ കേള്‍ക്കുന്നത്. തനിക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശമില്ലന്ന് ഹസാരെ പറഞ്ഞത് കേജരിവാളിനെ നിരാശപ്പെടുത്തി. അണ്ണാഹസാരെയുടെ സമരം അഴിമതിക്കും മദ്യനയത്തിനും സമൂഹത്തിലെ അനാചാരങ്ങള്‍ക്കും എതിരെയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ സമരം മന്‍മോഹനെതിരെയാണന്ന് തോന്നിയതിനാല്‍ ഞാനും ഹസാരെക്കെതിരെ ലേഖനം എഴുതിയിട്ടുണ്ട്.

ഹസാരെയുടെ സത്യാഗ്രഹപന്തലില്‍ ഇടംപിടിച്ച കേജരിവാള്‍ നാലുപേരറിയുന്ന ആളായപ്പോള്‍ ആപ്പ് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് കുറ്റിച്ചൂല്‍ ചിഹ്നവുമായി രംഗത്തിറങ്ങി. കഴുത്തില്‍ മഫ്‌ളറുംചുറ്റി നില്‍കുന്ന കേജരിയുടെ അക്കാലത്തെ ചിത്രംകണ്ടിട്ടുള്ളവര്‍ വിചാരിച്ചിട്ടുണ്ടാവാം ഇയാള്‍ക്ക് കഴുത്തിന് എന്തെങ്കിലും അസുഹമുണ്ടെന്ന്. എന്നാല്‍ അതൊരു തറവേലയായിരുന്നു. ഡല്‍ഹിയിലെ റിക്ഷാത്തൊഴിലാളികളുടെ വേഷമായിരുന്നു കഴുത്തിലെ മഫ്‌ളര്‍. താനും അവരില്‍ ഒരാളെപ്പോലായാണന്ന് തോന്നിപ്പിക്കാനുള്ള അടവായിരുന്നെന്ന് പിന്നീടാണ് ജനങ്ങള്‍ മനസിലാക്കിയത്. മറ്റൊരു അടവായിരുന്നു വള്ളിച്ചരുപ്പും ഇട്ടുകൊണ്ടുള്ള നടപ്പ്. കഴുത്തിലെ അസുഹം മാറയപ്പോള്‍ മഫ്‌ളര്‍ വലിച്ചെറിഞ്ഞു. വള്ളിച്ചരുപ്പും ഉപേക്ഷിച്ച് മാന്യന്മാരെപ്പോലെ വിലയുള്ള ഷൂസും ധരിച്ചു. താമസിക്കുന്ന വീട് റീമോഡല്‍ ചെയ്യാന്‍ നാല്‍പത്തഞ്ചുകോടി രൂപാ അനുവദിച്ചതിനെപറ്റി അടുത്തകാലത്ത് പത്രങ്ങളില്‍ വായിച്ചു.

ഡല്‍ഹി നിവാസികളുടെ വോട്ടനേടാന്‍ എണ്ണത്തില്‍ ചുരുക്കമുള്ള സമ്പന്നന്‍മാരെഴികെ ബാക്കിയുള്ളവര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമാക്കി. സര്‍ക്കാര്‍ വണ്ടികളല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. സ്വന്തം കുടുംബസ്വത്തില്‍നിന്നല്ല ഇതിനുള്ള ചിലവ് വഹിക്കുന്നത്, സര്‍ക്കാരിന്റെ ഖജനാവില്‍നിന്നാകുമ്പോള്‍ കേജരിക്ക് എന്താചേതം. സര്‍ക്കാര്‍ ചിലവില്‍ വോട്ടുനേടി ഭരിക്കാം. കേജരിയുടെ ഇതേനയംതന്നെയാണ് കര്‍ണാടകയിലും വോട്ടുനേടാന്‍ കോണ്‍ഗ്രസ്സും സ്വീകരിച്ചത്. ചെടിയുടെ കതിരിന്മേല്‍ വളംവയെക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യപുരോഗതിയെയാണ് തടസപ്പെടുത്തുന്നത്. ജീവിക്കാനുള്ളതെല്ലാം സൗജന്യമായി കിട്ടുമ്പോള്‍ ജനങ്ങള്‍ അലസരായിത്തീരും. ജോലിക്കുപോകാതെ വീട്ടിലിരുന്ന മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്തക്കാന്മാരെ വീട്ടമ്മമാര്‍ ശകാരിക്കുന്നത് തമാശയായിട്ടാണങ്കിലും കോമഡിക്കാര്‍ അവതരിപ്പിക്കാറുണ്ട്.

ഇത്തരം രാഷട്രീയ ജാഡകള്‍കാട്ടി ഡല്‍ഹിയിലെ പാവങ്ങളെ പറ്റിച്ചാണ് കേജരിവാള്‍ അവരെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയുംനാള്‍ ഈ മനുഷ്യന്റെ വഞ്ചന നിശബ്ദമായി നോക്കികൊണ്ടിരുന്ന അണ്ണാഹസാരെ കഴിഞ്ഞദിവസം ആത്മരോഷംകൊണ്ട് പൊട്ടത്തെറിക്കുന്ന കാഴ്ച്ചകണ്ടു. ഇയാള്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ഹസാരെ പറഞ്ഞത്. മദ്യത്തിനെതിരായി സമരംചെയ്ത അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നോക്കുകുത്തിയാക്കി കേജരി മദ്യംവിറ്റ് കാശാക്കി. ഡല്‍ഹിലുടനീളം്യബാറുകള്‍ അനുവദിക്കാന്‍ മദ്യവ്യാപാരികളില്‍നിന്ന് കോടികള്‍ കോഴവാങ്ങിയതിനാണ് ഇപ്പോള്‍ അകത്തായിരിക്കുന്നത്. കൂട്ടുപ്രതികള്‍ മാസങ്ങളായി ജയിലില്‍തന്നെയുണ്ട്. സുപ്രീംകോടതി ജാമ്യംനിഷേധിച്ചതിനാലാണ് സി ബി ഐ ഇയാളെ അറസ്റ്റുചെയ്തത്. സമൂഹത്തിനുവേണ്ടി സേവനംചെയ്യാന്‍ തന്നെ അനുവദിക്കണ—മെന്നാണ് ജാമ്യഹര്‍ജിയില്‍ കേജരി കോടതിയോട് അപേക്ഷച്ചത്. ജനങ്ങളെ വഞ്ചിക്കയല്ലാതെ മറ്റെന്ത് സേവനമാണ് ഇയാള്‍ ഇത്രനാളും ചെയ്തതെന്ന് അവര്‍തന്നെ ചോദിക്കുന്നു.

കേജരിവാള്‍ അഴിമതിക്കാരനാണന്നും ഇയാള്‍ രാജിവെയക്കണമെന്നും അടുത്തകാലംവരെ  പ്രസംഗിച്ചുനടന്ന രാഹുല്‍ഗന്ധി  ഇപ്പോള്‍ മലക്കമറിയുന്ന കാഴ്ച്ച കൗതുകം ഉളവാക്കുന്നതാണ്. ഇക്കഴഞ്ഞ തെലുങ്കാന ഇലക്ഷന്‍ പ്രചരണത്തിനിടയിലും രാഹുല്‍ കേജരിയെ അധിക്ഷേപിച്ചിരുന്നു. ഇന്‍ഡി മുന്നണിയുടെ ഭാഗമായപ്പോള്‍ കേജരിവാള്‍ പുണ്യവാളനായി. ഇത് ഇരട്ടത്താപ്പല്ലതെ മറ്റെന്താണ് പപ്പുക്കുട്ടാ. 


samnilampallil@gmmail.com 

Join WhatsApp News
സാം 2024-03-24 03:58:24
കയ്യിലുള്ളപ്പോൾ ഉണ്ടാകുന്ന ഒരുതരം ഏകാധിപത്യ ചിന്താഗതിയിൽ ആണു ഭരണാധികാരികൾ. ഇന്നു കേജരിവാള്‍ നാളെ സാമും ഞാനും ഒക്കെ ആകാം. പിന്നെ അഴിമതിക്കെതിരെയാണെങ്കിൽ ഇന്നു ഭരിക്കുന്നവർ ഉൾപ്പെടെ എത്ര പേർ ജയിലിൽ കിടക്കണം.ചിന്തിക്കൂ .
കഷ്ടം 2024-03-24 04:23:14
കേജരിവാൾ ഗുമസ്ഥനായിരുന്നില്ല, ഒന്നാന്തരം IRS officer ആയിരുന്നു. എഴുതിപ്പിടിപ്പിക്കും മുൻപ് അല്പം റിസേർച്ച് നടത്തുക.
Mathai Chattan 2024-03-24 08:12:37
ഞാൻ മത്തായി ചേട്ടൻ, മുകളിലെ ലേഖനത്തിലെ ആശയങ്ങളോടും, ലേഖകനോടും ഞാൻ സ്നേഹബഹുമാനങ്ങളോടെ ഏതാണ്ട് പൂർണ്ണമായും വിയോജിക്കുന്നു. കുറച്ചുനാളായി രാഹുൽ ഗാന്ധിയെ, അതുപോലെ ആ കുടുംബത്തെ പപ്പു എന്നും മറ്റും അധിക്ഷേപിക്കുന്നു. ഇന്ത്യയിൽ, ഇപ്പോൾ സ്വേച്ഛാധിപത്യം ഫാസിസം അഴിമതി ഭരണം ആണ് നടക്കുന്നത്. മോഡിയെയും കേന്ദ്രഭരണത്തെയും പൊക്കിപ്പുകഴ്ത്തി ഓശാന പാടി കൊണ്ടിരിക്കണം. അതാണ് ലേഖനത്തിൽ സദാ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്താൽ, ബിജെപിയിൽ ചേർന്നാൽ, ബിജെപിക്കാരുടെ കാലുകൾ കഴുകിയാൽ, മാത്രമേ ഇന്ത്യയിൽ നിലനിൽപ്പുള്ളൂ എന്നായി. ഈ ഡിഎ വിട്ട്, ഭരണത്തിലെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് എതിർ ശബ്ദങ്ങൾ എതിർ പാർട്ടികളെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്ന ഒരു തത്വതീക്ഷയില്ലാത്ത വ്യക്തിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത് ഒട്ടും ശരിയായില്ല. അതി തീവ്രമായ കുറ്റങ്ങൾ ചെയ്തവർ ഭരണാധികാരികൾ, ഒരു കുറ്റവും ചെയ്യാത്തവരെ, അല്ലെങ്കിൽ നിസ്സാരകുറ്റം ചെയ്തവരെ അകത്താക്കുന്നു. ഇത് എവിടെത്തെ നീതിയാണ്. 99 വയസ്സായ ഈ മത്തായി ചേട്ടൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരു വ്യക്തിയാണ്. വീണ്ടും ഒരു നിരായുദ്ധ സ്വാതന്ത്ര്യസമരം ഈ ഫാസിസത്തിനെതിരായി നമ്മൾ നടത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ വളരെയധികം സിമ്പിൾ ആയ, ഹംപിളായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ഭരണം കൈവരണം. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് അത് സാധ്യമാക്കണം. ഈ ലേഖകൻ എത്രയും വേഗം കണ്ണു തുറക്കേണ്ടിയിരിക്കുന്നു. അതിനായി ഈ മത്തായി ചേട്ടൻ ഈ ഓശാന ദിനത്തിൽ പ്രാർത്ഥിക്കുകയാണ്. എന്നും മത്തായി ചേട്ടൻ സത്യത്തിനും നീതിക്കും വേണ്ടി മരണം വരെ നിലകൊള്ളും. എനിക്ക് ഭരണവും വേണ്ട, നേതാവും ആകണ്ട. എന്നാൽ ലോകം സമസ്ത സുഖിനോ ഭവന്തു എന്നതായിരിക്കും ഈ എളിയ വയസ്സന്റെ മനസ്സിലെ മുദ്രാവാക്യം.
Nehru 2024-03-24 16:56:42
Can you point out one corruption against Modi government? Even Rahul Gandhi couldn't do that. He was scolded by the Supreme Court for making baseless accusation against Modi.
Vayanakkaran 2024-03-24 19:41:25
എന്തൊക്കെയാ ഈ ലേഖനത്തിൽ തട്ടി വിട്ടിരിക്കുന്നത്? കെജെരിവാൾ ഓഫീസിൽ ഗുമസ്തനായിരുന്നത്രെ!ഡൽഹിയിലെ ജനങ്ങൾക്ക് ഫ്രീ ആയി വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും സ്ത്രീകൾക്ക് ബസ് യാത്രയും എല്ലാം ഫ്രീ ആയി നൽകിയത് ഉടായിപ്പാണത്രേ! അയാൾ 100 കോടി കൈക്കൂലി വാങ്ങിയത്രേ! ആറായിരത്തില്പരം കോടി ഇലക്ടറൽ ബോണ്ട് വാങ്ങി കീശയിലിട്ട ബിജെപി സർക്കാരാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാതെ ജയിലിലടച്ചത്. കേരളത്തിൽ ഇത്രയധികം തട്ടിപ്പു നടത്തി കോടികൾ മുക്കിയിട്ടും ഈ അന്വേഷണ ഏജൻസികൾ മതിലിനു പുറത്തു കിടന്നു കുരയ്ക്കുന്നതല്ലാതെ അകത്തു കടക്കാനുള്ള ധൈര്യം ഇതുവരെ കാണിച്ചിട്ടില്ല. കർണാടകയിലെ ബിജെപി അംഗങ്ങൾ കോടികൾ അഴിമതി നടത്തി സമ്പാദിച്ചതായി കണ്ടുപിടിച്ചിട്ടും എന്തേ അറസ്റ്റ് ചെയ്യാത്തത്? അപ്പോൾ ഇതൊക്കെ തെരഞ്ഞെടുപ്പിൽ എതിരാളി ഇല്ലാതിരിക്കാനുള്ള ഒരു സ്വേച്ഛാധിപതിയുടെ ചെയ്തികൾ മാത്രമാണ്. റഷ്യയിലെ പുടിനെ പോലെ. ദയവു ചെയ്തു കാര്യങ്ങൾ സത്യസന്ധമായി എഴുതാൻ ശ്രമിക്കൂ. അതിനുള്ള ധൈര്യം ഇല്ലെങ്കിൽ ഈ പണിക്കു പോകാതിരിക്കുക.
ജോസ് കാവിൽ 2024-03-25 14:50:21
പലതും തെറ്റാണ് വായിൽ തോന്നുന്നത് എഴുതി വായന ക്കാരെ പെറുപ്പിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക