Image

ഭക്ഷണവും മരുന്നും ഇല്ലാത്തതിനാൽ ബന്ദി  മരിച്ചെന്നു ഹമാസ്; ചർച്ചകൾ വഴിമുട്ടി (പിപിഎം) 

Published on 24 March, 2024
ഭക്ഷണവും മരുന്നും ഇല്ലാത്തതിനാൽ ബന്ദി  മരിച്ചെന്നു ഹമാസ്; ചർച്ചകൾ വഴിമുട്ടി (പിപിഎം) 

ഹമാസിന്റെ പിടിയിലുള്ള ഒരു ഇസ്രയേലി ബന്ദി മരുന്നും ഭക്ഷണവും കിട്ടാതെ വന്നതിനാൽ മരണപ്പെട്ടുവെന്നു ഭീകരരുടെ സൈനിക വിഭാഗമായ അൽ ഖസം ബ്രിഗേഡ്‌സ് പറഞ്ഞു. മരിച്ചത് യിഗേവ് ബുഖത്താബ് എന്ന 34കാരൻ ആണെന്ന് അവർ അറിയിച്ചു. 

ഗാസയിൽ പലസ്തീൻകാർ നേരിടുന്ന ഭക്ഷണ-ഔഷധ ക്ഷാമം ബന്ദികളെയും ബാധിക്കുന്നുണ്ടെന്ന അവരുടെ പ്രസ്താവന ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു തലവേദനയാവാം. ബന്ദികൾ ദുരിതം അനുഭവിക്കുന്നു എന്ന വിവരം ഇസ്രയേലിലെ ജനങ്ങളെ രോഷം കൊള്ളിക്കും. 

മരിച്ച ബന്ദിയുടെ മൃതദേഹം കാണിക്കുന്ന വിഡിയോയും ബ്രിഗേഡ്‌സ് പുറത്തു വിട്ടു. 

വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി 

ഗാസയിൽ വെടിനിർത്തലിനു വേണ്ടി ദോഹയിൽ നടക്കുന്ന ചർച്ചകൾ ഇസ്രയേലിന്റെ നിലപാടുകൾ മൂലം വഴിമുട്ടി നിൽപ്പാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉടൻ യുദ്ധവിരാമം നടപ്പാക്കാനുളള ശ്രമങ്ങളുമായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിലും ഇസ്രയേലിലുമൊക്കെ ചുറ്റിയടിച്ചെങ്കിലും ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. 

ഹമാസ് ആവശ്യപ്പെട്ട പലസ്തീൻ തടവുകാരെ വിട്ടയക്കില്ല എന്നാണ് ഇസ്രയേലിന്റെ നിലപാട്. ഓരോ ബന്ദിക്കും പകരം 30 തടവുകാരെ വിടണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. എന്നാൽ കൊലക്കുറ്റവും മറ്റും ചുമത്തപ്പെട്ടവരെ വിടില്ലെന്നു ഇസ്രയേൽ നിഷ്‌കർഷിക്കുന്നു. 

നാലു ബറ്റാലിയൻ ഹമാസ് പോരാളികൾ മാത്രമേ ബാക്കിയുള്ളു എന്നാണ് അവരുടെ വിലയിരുത്തൽ. അതു കൊണ്ട് ഹമാസിനെ തീർക്കുക എളുപ്പമാണ്. ആറാഴ്ചത്തെ വെടിനിർത്തലിന് ഇസ്രയേൽ തയാറാണ്. എന്നാൽ സ്ഥിരമായ വെടിനിർത്തൽ വേണം എന്നാണ് ഹമാസിന്റെ ആവശ്യം. 

ഗാസ സിറ്റിയിലെ അൽ ഷിഫാ ആശുപത്രി വളഞ്ഞ ഇസ്രയേലി സേന അതിനിടെ ആശുപത്രിയിൽ കഴിയുന്ന അഭയാർഥികളെയും രോഗികളെയും കണക്കിലെടുക്കാതെ കെട്ടിടം തകർക്കുമെന്നു ഭീഷണി മുഴക്കി. ഗാസ ആരോഗ്യ വകുപ്പാണ് അൽ ഷിഫയിൽ കഴിയുന്നവരെ ഉദ്ധരിച്ചു ഇക്കാര്യം പറഞ്ഞത്.  

Hamas says hostage died for lack of food or medicine 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക