Image

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി

Published on 27 March, 2024
 സിദ്ധാര്‍ത്ഥന്റെ മരണം:  സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി

തിരുവനന്തപുരം : പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി.

പ്രൊഫോമ റിപ്പോര്‍ട്ട് പേഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിച്ചു.

സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. സിബിഐയ്ക്ക് അന്വേഷണം കൈമാറുന്നതിന് അടിമുടി സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വീഴ്ചകള്‍ തിരിച്ചറിഞ്ഞതോടെ അടിയന്തര ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിരുന്നത്.

പെര്‍ഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവയാണ് നേരിട്ട് കൈമാറിയത്. ഇന്നലെ ഇ-മെയില്‍ മുഖാന്തരം രേഖകള്‍ അയച്ചിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു.

സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ്  സി.ബി.ഐ കേസ് പരിഗണിക്കുക.സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക