Image

കോവിഡ് വാക്‌സിനെ എതിർത്ത ഇന്ത്യൻ കനേഡിയൻ ഡോക്ടർക്കു എലൺ മസ്‌കിന്റെ സാമ്പത്തിക സഹായം (പിപിഎം)

Published on 28 March, 2024
കോവിഡ് വാക്‌സിനെ എതിർത്ത ഇന്ത്യൻ കനേഡിയൻ ഡോക്ടർക്കു എലൺ  മസ്‌കിന്റെ സാമ്പത്തിക സഹായം (പിപിഎം)

കോവിഡ് മഹാമാരി സംബന്ധിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിൽ നടപടി നേരിടുന്ന ഇന്ത്യൻ കനേഡിയൻ ഡോക്ടർക്കു നിയമപോരാട്ടത്തിനുള്ള ചെലവ് നൽകുമെന്നു എലൺ മസ്‌കിന്റെ എക്‌സ് പ്രഖ്യാപിച്ചു. ഗവൺമെന്റ് പിൻതുണയോടെ കുൽവീന്ദർ കൗർ ഗില്ലിനെ നിശ്ശബ്ദയാക്കാൻ ശ്രമം നടക്കുന്നുവെന്ന കണ്ടെത്തലാണ് സഹായം നൽകാനുള്ള തീരുമാനത്തിനു പിന്നിലെന്നു എക്സ് പറഞ്ഞു. 

ഒന്റേരിയോയിലെ ബ്രാംപ്ടണിൽ ശിശുചികിത്സാ വിദഗ്‌ധയായ ഗിൽ നടത്തിയ ചില സാമൂഹ്യ മാധ്യമ പോസ്റ്റുകൾ വിവാദം ആയിരുന്നു. കോവിഡ് വാക്‌സിനെ അവർ എതിർക്കുന്നു എന്ന വ്യാഖ്യാനവും ഉണ്ടായി. കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് അവർക്കു  താക്കീതു നൽകിയിരുന്നു. 

നിയമ നടപടികൾ നേരിടാൻ ജനങ്ങളിൽ നിന്നു ഗില്ലിനു സഹായം ലഭിച്ചില്ല. മാർച്ച് 17നു അവർ സാമൂഹ്യ മാധ്യമം വഴി മസ്‌കിനെ ബന്ധപ്പെട്ടു. മസ്‌ക് സഹായം എത്തിക്കാമെന്ന് ഉറപ്പു നൽകി. "വാഹെഗുരു ഇപ്പോഴും അങ്ങയെ അനുഗ്രഹിക്കട്ടെ, എലൺ," ഗിൽ കുറിച്ചു.  

ഒന്നിലധികം പേർക്കെതിരെ കേസ് കൊടുത്ത ഗിൽ അതിൽ ഒന്നിലും വിജയിച്ചില്ല എന്നു മാത്രമല്ല, അവരുടെ എതിരാളികൾക്ക് ഒട്ടേറെ പണം നൽകണമെന്ന കോടതി വിധിയും ഉണ്ടായി. അതിനെതിരായ അപ്പീലുകളിലും അവർ ജയിച്ചിട്ടില്ല. 

അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ അതിന്റെ പേരിൽ പ്രശ്നം നേരിടുന്നവർക്ക്‌ സഹായം എത്തിക്കുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 

Musk to pay legal fee for vaccine denier 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക