Image

ഡോ. ജെയിംസ് കോട്ടൂർ ഇനി ഓർമ്മയിൽ (ചാക്കോ കളരിക്കൽ)

Published on 29 March, 2024
ഡോ. ജെയിംസ് കോട്ടൂർ ഇനി ഓർമ്മയിൽ (ചാക്കോ കളരിക്കൽ)

അഗാധ പണ്ഡിതനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമെല്ലാമായ ഡോ. ജെയിംസ് കോട്ടൂർ (89) മാർച്ച് 27, ന്  തമ്മനത്ത് (എർണാകുളം) നിര്യാതനായ വിവരം വളരെ വേദനയോടെയാണ് അറിയാൻ സാധിച്ചത്. 1934 -ൽ കോട്ടയം ജില്ലയിൽ ജനിച്ച അദ്ദേഹം ഭാര്യ ആഗ്നെസിനോടൊപ്പം എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന് നാലു മക്കളാണുള്ളത്.

അദ്ദേഹം 1964-ൽ റോമിലെ ഉർബാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ഇൻറ്റർനാഷണൽ സോഷ്യൽ ഇൻസ്റ്റിട്യൂഷനിൽനിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമയും 1966-ൽ അമേരിക്കയിലുള്ള മർക്കെറ്റ് (Marquette) യൂണിവേഴ്സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ (Journalism) ഡിഗ്രിയും കരസ്ഥമാക്കിയശേഷം മിഷിഗൺ, ഒഹായോ, കൊളറാഡോ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1975 വരെ ചെന്നയിൽനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന   ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ന്യൂ ലീഡർ (New Leader)-ൻറെ പത്രാധിപരായിരുന്നു. കൂടാതെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്ത്യൻ കറൻറ്സ് (Indian Currents)-ൻറെ അസ്സോസിയേറ്റ് എഡിറ്ററുമായിരുന്നിട്ടുണ്ട്. ജർമ്മനി, സ്കോട്ലൻഡ്, ഹോംഗ് കോങ്ങ് മുതലായ രാജ്യങ്ങളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ക്ഷണിതാവും പ്രബന്ധാഅവതാരകനുമായി പങ്കെടുത്തിട്ടുണ്ട്.
 
ശ്രീ ജെയിംസ് കോട്ടൂർ ഒരു സ്വതന്ത്രചിന്തകനായിരുന്നു. അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്‌ഛാശക്തിയുമുണ്ടായിരുന്ന അദ്ദേഹം യേശുവിൻറെ മുത്തിരിത്തോട്ടം തകർത്തുകൊണ്ടിരിക്കുന്ന സ്നേഹശൂന്യരായ, കാരുണ്യശൂന്യരായ, പണക്കൊതിയന്മാരായ സഭാധികാരികൾക്കെതിരായ  കടുത്ത  വിമർശകനായിരുന്നു. സഭാനവീകരണമായിരുന്നു ലക്ഷ്യം. അധികാരത്തിൽനിന്നും അജപാലനത്തിലേക്കുള്ള മാറ്റത്തിൻറെ ഒരു പോരാട്ടമായിരുന്നത്. "നിങ്ങളിൽ പ്രധാനിയാകണം എന്ന് ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാകണം" എന്ന യേശുവിൻറെ ഉപദേശത്തെയും പരസ്പര സ്നേഹ, സേവന കൂട്ടായ്മയേയുമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ആചാരാനുഷ്ഠാനങ്ങൾകൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തിൽറെ ലക്ഷ്യം. മറിച്ച്, ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കുകയാണ് യേശുവിൻറെ സന്ദേശമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

അവസാന നാളുകൾവരെ 'Church Citizens Voice' എന്ന വെബ്സൈറ്റായിരുന്നു, അദ്ദേഹത്തിൻറെ നാവ്. പ്രശസ്തി കാംക്ഷിക്കാതെ, ആർഭാടവങ്ങളെ ഒഴിവാക്കി, ലളിത ജീവിതത്തിന് പ്രാധാന്യം നല്കി ജീവിച്ച അദ്ദേഹം വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രമിച്ചത്. ലേഖനങ്ങൾ വഴിയും പുസ്തകങ്ങൾ വഴിയും സംവാദങ്ങൾവഴിയും   അദ്ദേഹം അവതരിപ്പിച്ച ഉദാത്ത ദൗത്യത്തെയാണ് നാം ഈ അവസരത്തിൽ തിരിച്ചറിയേണ്ടത്.

കോട്ടയം അതിരൂപതയിൽ വംശശുദ്ധിയുടെ പേരിൽ നടത്തുന്ന പുറത്താക്കൽ നടപടിയെ ശ്രീ കോട്ടൂർ  നിശിതമായി വിമർശിച്ചിരുന്നു. കേരളത്തിലേയ്ക്കുള്ള കുടിയേറ്റകാലം മുതൽ വർഗസങ്കരത്തിന് ഇടം കൊടുക്കാതെ തെക്കുംഭാഗർ യഹൂദ വംശശുദ്ധി നിലനിർത്തിരുന്നുവെന്ന് അവകാശപ്പെടുന്നു. സഭ ഒരിടത്തും ഒരുകാലത്തും ജാതീയ സമുദായമായിരുന്നിട്ടില്ല. സഭ ഒരു വിശ്വാസ സമൂഹമാണ്. കോട്ടയം രൂപത കത്തോലിക്ക സഭയിലെ ഒരു രൂപതയാണ്. അത് ക്നാനായ സമുദായ കൂട്ടായ്മയല്ല. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ "സഭ ആധുനിക ലോകത്തിൽ" എന്ന ഡിക്രിയിലെ 58-മത്തെ ആർട്ടിക്കിളിൽ പറഞ്ഞിരിക്കുന്നത് കാണുക: "എക്കാലവും എല്ലായിടത്തുമുള്ള എല്ലാ ജനതകൾക്കുമായി അയക്കപ്പെട്ടിരിക്കുന്ന സഭ ഏതെങ്കിലും വംശത്തോടോ രാഷ്ട്രത്തോടോ, ഏതെങ്കിലും പ്രത്യേക ജീവിതരീതിയോടോ, ആചാരാധിഷ്‌ഠിതമായ ജിവിതസമ്പ്രദായത്തോടോ, അത് പ്രാചീനമോ ആധുനീകമോ ആയിക്കൊള്ളട്ടെ, അതിനോടുമാത്രമായോ അതിനെ വിട്ടുപിരിയാൻ പാടില്ലാത്ത വിധമോ ബന്ധിതമല്ല." കൗൺസിൽ സംസാരിക്കുന്നത് സഭയെപ്പറ്റിയാണ്; സമുദായത്തെ സംബന്ധിച്ചല്ല. ഡോ. ജെയിംസ് കോട്ടൂരിൻറെ സൂഷ്മവും ക്രൈസ്തവവുമായ നിലപാടിനെയാണ് നാം ഈ അവസരത്തിൽ സ്മരിക്കേണ്ടത്.

ഏകദേശം ഒരു വർഷത്തിനുമുമ്പ് തമ്മനത്തുള്ള അദ്ദേഹത്തിൻറെ വസതിയിൽപോയി കാണുവാനും ദീർഘസമയം സംസാരിക്കുവാനും ആതിഥ്യം സ്വീകരിവാനും സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു.

കെസിആർഎം നോർത്ത് അമേരിക്ക എന്ന സംഘടനയുടെ സഹപ്രവർത്തകനായിരുന്ന ഡോ. ജെയിംസ് കോട്ടൂരിൻറെ വേർപാടിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അുംഗങ്ങൾ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. കൂടാതെ, എൻറെയും എൻറെ കുടുംബത്തിൻറെയും സ്നേഹപൂർവ്വമായ ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക