Image

തമിഴകത്തിന്റെ പ്രിയ താരം ഡാനിയേല്‍ ബാലാജി വിടവാങ്ങി; വേറിട്ട വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ

Published on 30 March, 2024
തമിഴകത്തിന്റെ പ്രിയ താരം ഡാനിയേല്‍ ബാലാജി വിടവാങ്ങി;  വേറിട്ട വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്കിടെയാണ് അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം.

തമിഴിലെ സൂപ്പർ ഹിറ്റ് സീരിയല്‍ ചിത്തിയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ 'ഏപ്രില്‍ മാസത്തില്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച്‌ തുടക്കം കുറിച്ച ഡാനിയല്‍ ചിത്തി എന്ന സീരിയല്‍ ഹിറ്റായതോടെയാണ് നടനെന്ന നിലയില്‍ ശ്രദ്ധേയനാവുന്നത്. ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ഡാനിയല്‍ എന്നതിനൊപ്പം ബാലാജി കൂടി ചേര്‍ത്തിട്ടാണ് ഡാനിയല്‍ ബാലാജി എന്ന പേരാവുന്നത്. നടന്റെ വിയോഗത്തിന് ശേഷമാണ് അദ്ദേഹം വിവാഹിതനല്ലെന്നതടക്കമുള്ള കഥകള്‍ പുറത്ത് വരുന്നത്. 

ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ആളാണ് ബാലാജി. അതിന് ശേഷമാണ് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നത്. ശേഷം സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച്‌ തുടങ്ങി. മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഫോട്ടോഗ്രാഫര്‍, ഭഗവാന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

നാല്‍പത്തിയെട്ട് വയസായ നടന്‍ ഇപ്പോഴും അവിവാഹിതനായിരുന്നു. വിവാഹ ജീവിതം ഉണ്ടാവാത്തതിനെ കുറിച്ച്‌ മുന്‍പൊരു അഭിമുഖത്തില്‍ ബാലാജി സംസാരിച്ചിരുന്നു. 'വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 24 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

വിവാഹത്തെ കുറിച്ച്‌ അമ്മ ചോദിക്കുമ്ബോള്‍, നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കി, പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് സമയവും അവസരങ്ങളും സാധ്യതകളും ഉണ്ടെന്നുമാണ് ഡാനിയല്‍ ബാലാജി പറഞ്ഞത്.

കമല്‍ഹാസന്റെ 'വേട്ടയാട് വിളയാട്', സൂര്യയുടെ 'കാക്ക കാക്ക', ധനുഷിന്റെ 'വട ചെന്നൈ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാല്‍ നായകനായ 'ഭഗവാൻ', മമ്മൂട്ടി നായകനായ 'ഡാഡി കൂള്‍' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക