Image

പ്രേമലു; അമ്പതാം ദിവസവും 144 തിയേറ്ററുകളില്‍ പ്രദർശനം

Published on 30 March, 2024
പ്രേമലു; അമ്പതാം ദിവസവും 144 തിയേറ്ററുകളില്‍ പ്രദർശനം

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലു  അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതാം ദിവസം പിന്നിടുകയാണ്. പോസ്റ്റ് കോവിഡ് കാലത്ത് ഒരു സിനിമ ഇങ്ങനെ തീയറ്ററില്‍ ഓടുന്നത് സിനിമാരംഗത്തും അത്ഭുതം. കേരളത്തില്‍ സിനിമ റിലീസ് ചെയിത 140 സെന്ററുകളില്‍ നിന്ന് അമ്പതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കയാണ് ‘പ്രേമലു’. ഈ സെന്ററുകളിലെല്ലാം വന്‍ ജനപങ്കാളിത്തത്തോടെ സിനിമ വിജയകരമായി ജൈത്രയാത്ര തുടരുകയാണ്

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലി, RRR തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡി.എം.കെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തീയറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.

ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസു, തുനിവു, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്. ഉദയനിധിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മാമന്നനില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഫഹദ് ഫാസില്‍ സഹനിര്‍മ്മാതാവായ ചിത്രംകൂടിയാണ് പ്രേമലു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക