Image

കൊടുംചൂടിനൊപ്പം തീരം തകര്‍ക്കും തിരമാലയും: വേനലില്‍ വരണ്ട്  കേരളം(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 02 April, 2024
കൊടുംചൂടിനൊപ്പം തീരം തകര്‍ക്കും തിരമാലയും: വേനലില്‍ വരണ്ട്  കേരളം(ദുര്‍ഗ മനോജ് )

ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം കടലാക്രമണവും ഒന്നിച്ചാണ് കേരളത്തെ ആക്രമിക്കുന്നതിപ്പോള്‍. അതിനിടയില്‍ വേനല്‍മഴയെക്കുറിച്ചു പറയുമ്പോഴും മഴ കഴിഞ്ഞുയരുന്ന കൊടും ചൂടിനെ ഓര്‍ക്കുമ്പോള്‍ ഇടമഴയും ഒരു ആഘാതമാവുകയാണിപ്പോള്‍.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ടു ജില്ലകളിലാണ് വേനല്‍ മഴയ്ക്കു സാധ്യതയുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്കു സാധ്യതയില്ല. സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഏപ്രില്‍ അഞ്ചുവരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ കോഴിക്കോട് പത്തനംതിട്ട, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന ചൂട് 37 ഡിഗ്രിവരേയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെന്റി ഗ്രേഡ് വരേയും താപനില ഉയരുമെന്നാണു കണക്കാക്കുന്നത്. ഇത് സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ ഉയര്‍ന്നതാണ്. ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവിന്റെ സാന്നിധ്യവുമാണ് ചൂട് കടുപ്പിക്കുന്നത്.

അതോടൊപ്പമാണ് കള്ളക്കടല്‍ പ്രതിഭാസവും ഒത്തുചേരുന്നത്. കടലില്‍ ഇറങ്ങിയുള്ള എല്ലാ വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. വിദൂരദേശത്ത് എവിടെയെങ്കിലും ഉണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തിരമാലകള്‍ കടലിലൂടെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി മറ്റൊരു ദേശത്ത് അതിശക്തമായ കടലാക്രമണം ഉണ്ടാക്കുന്നതിനെയാണ് കള്ളക്കടല്‍ എന്നു വിളിക്കുന്നത്. നിലവില്‍ കേരള തീരത്ത് കൊടുങ്കാറ്റോ ന്യൂനമര്‍ദ്ദമോ ഇല്ലാതിരിക്കുമ്പോഴും, തിരമാലകള്‍ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന് കരയിലേക്ക് അതിശക്തമായി അടിച്ചു കയറുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഉണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ചൂടിനൊപ്പം പകര്‍ച്ചപ്പനിയും പലവിധ ശാരീരിക അസ്വസ്ഥകളും നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുള്ളവരും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക