Image

ആട് ജീവിതം; പ്രേക്ഷക മനസിലെ പൊള്ളുന്ന മരുഭൂമി

സ്വന്തം ലേഖകന്‍ Published on 03 April, 2024
ആട് ജീവിതം; പ്രേക്ഷക മനസിലെ പൊള്ളുന്ന മരുഭൂമി
 
തീക്കനല്‍ പോലെ ചുട്ടുപഴുത്ത മരുഭൂമിയുടെ നടുവിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥ. ആട് ജീവിതം എന്ന സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും അനുഭവിക്കുന്നത് ഈ പൊള്ളലും നീററലുമാണ്. ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായകന്‍ ആദ്യമായിട്ടാകും നീണ്ട 16 വര്‍ഷങ്ങള്‍ ഒരു ചിത്രം ചെയ്യാനായി ഇത്ര വര്‍ഷങ്ങളുടെ ദൂരം സഞ്ചരിക്കുന്നത്. മനസില്‍ പതിഞ്ഞ കഥാപാത്രത്തെ യാഥാര്‍ത്ഥ്യമാക്കുകയെന്ന അഭിലാഷം മനസിന്റെ ആലയിലിട്ടുരുക്കി ഒരു നടന്‍ കടന്നു പോയ 16 വര്‍ഷങ്ങള്‍.  ബ്‌ളസ്സി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും കാത്തിരിപ്പുകള്‍ക്കും കഠിന കഠോര തപസ്സിനുമാണ് ഇപ്പോള്‍ പരിസമാപ്തിയായിരിക്കുന്നത്. 
 
ബെന്യാമിന്‍ എന്ന കഥാകാരന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി സംവിധായകന്‍ ബ്‌ളെസ്സി ഒരുക്കിയ ചിത്രമാണ് ആട്ജീവിതം. ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, ഇതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോഡുകളും ഭേദിച്ചു മുന്നേറുകയാണ് ചിത്രം. ആട് ജീവിതമെന്ന നോവല്‍ എല്ലാവരും വായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ദൃശ്യപരിഭാഷയില്‍ മൂലകഥയില്‍ നിന്നും വ്യത്യസ്തമായ വഴികള്‍ സംവിധായകന്‍ സ്വീകരിച്ചിട്ടുണ്ട്. അത് ചിത്രത്തിന് ഏറെ മികവ് പകരുന്നു. 
 
 നാട്ടിലെ പുഴയില്‍ നിന്നും മണല്‍വാരി ജീവിക്കുന്ന തൊഴിലാളിയാണ് നജീബ്. നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് അയാള്‍ ഗള്‍ഫില്‍ പോകുന്നത്. അവിടെ വിമാനമിറങ്ങുന്ന നജീബില്‍ നിന്നാണ് കഥ തുടങ്ങുന്നത്. കൂടെ കൂട്ടുകാരന്‍ ഹക്കീമും ഉണ്ട്. കമ്പനി വിസയുമായാണ് ഇരുവരും ഗള്‍ഫിലെത്തുന്നത്. ഇരുവര്‍ക്കും അവിടുത്തെ കാര്യങ്ങളൊന്നുമറിയില്ല. പരിഭ്രമിച്ചു നിന്ന ഇരുവരെയും ഒരു അറബി വന്ന് തന്റെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നു. മണിക്കൂറുകളോളം യാത്ര ചെയ്ത് ഒടുവില്‍ ഒരു മരുഭൂമിയില്‍ ആടുകളെ മേയ്ക്കാന്‍ വേണ്ടി അയാള്‍ നജീബിനെ അവിടെ തളച്ചിടുന്നു. തന്റെ കാര്യങ്ങളും വിഷമതകളും പറയാന്‍ അയാള്‍ക്ക് ഭാഷ പോലുമറിയില്ല. ഉമ്മയ്ക്കും പ്രിയപ്പെട്ട ഭാര്യ സൈനുവിനുമൊപ്പം കഴിഞ്ഞ കുളിര്‍മ്മയുള്ള ജീവിതത്തില്‍ നിന്നും ദുരിത ജീവിതത്തിന്റെ മണലാരണ്യത്തിലേക്കാണ് അയാള്‍ വീഴുന്നത്. പട്ടിണിയും നരകയാതനയും അര്‍ബാബില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന ശാരീരിക പീഡകളും ചേര്‍ന്ന് അയാളെ ശ്വാസംമുട്ടിക്കുന്നു. സുമുഖനായ ഒരു യുവാവില്‍ നിന്നും ദുരിതപര്‍വം പൂണ്ട നാളുകള്‍ക്കൊപ്പം അയാളുടെ രൂപവും മാറുകയാണ്. ശരീരം മെലിഞ്ഞുണങ്ങി, മുടിയും താടിയും വളര്‍ന്ന് ജട കെട്ടി, അഴുക്കു പുരണ്ട വസ്ത്രങ്ങളും കുഴിയിലാണ്ട കണ്ണുകളും എല്ലുന്തിയ കവിളും. ആരും സംസാരിക്കാനില്ലാത്ത ആ മരുഭൂമിയില്‍ ചെമ്മരിയാടുകള്‍ക്കിടയില്‍ അയാളുടെ ജീവിതവും ഒരാടിന്റേതിനു സമാനമായി മാറുന്നു. നാട്ടില്‍ കഴിയുന്ന തന്റെ ഉമ്മയേയും സൈനുവിനേയും കുറിച്ചുള്ള ഓര്‍മ്മകളുടെ നനവ് നല്‍കിയ ഊര്‍ജ്ജത്തില്‍ ഉമ്മ കൊടുത്തയച്ച മാങ്ങാ അച്ചാറിന്റെ അവസാനത്തെ കഷ്ണം കഴിച്ചു കൊണ്ട് പൊള്ളിയടര്‍ന്ന കാലുകളുമായി   ആ നരകതുല്യമായ മരുഭൂമിയില്‍ നിന്നും അയാള്‍ രക്ഷപെട്ടോടുകയാണ്.   
 
ലോകോത്തര സിനിമകളുടെ മേക്കിങ്ങിനോട് കിടപിടിക്കുന്ന രീതിയില്‍ സൃഷ്ടിച്ച ആട് ജീവിതം പ്രമേയത്തിലും അവതരണത്തിലും പുലര്‍ത്തിയ ആഗോള മികവാണ് ചിത്രത്തെ മികച്ചൊരു ദൃശ്യാനുഭവമക്കി തീര്‍ക്കുന്നത്. സിനിമ കഴിഞ്ഞിറങ്ങിയാലും കാണികളുടെ നെഞ്ചില്‍ കുടിയിരിക്കുന്ന സിനിമകളാണ് മികച്ച സിനിമകള്‍ എന്നു പറയുന്നത്.അങ്ങനെ നോക്കിയാല്‍ ബ്‌ളെസ്സിയുടെ ആട് ജീവിതം പ്രേക്ഷകരുടെ മനസ്സില്‍ കൂടിയിരിക്കുക മാത്രമല്ല, സ്വസ്ഥമായി ഉറങ്ങാന്‍ വിടാതെസദാ ചുട്ടുപൊള്ളുന്ന നീറ്റല്‍ സമ്മാനിക്കുന്ന ഒരു കാഴ്ചാനുഭവമാണ്. മരുഭൂമിയിലെ മണല്‍ക്കാറ്റുപോലെ അത് ഹൃദയത്തെയാകെ ചുഴറ്റിയടിക്കുന്നു, നജീബ് എന്ന കഥാപാത്രം ചവിട്ടിക്കടന്നു പോകുന്ന ഓരോ പഴുത്ത മണല്‍ത്തരിയും പ്രേക്ഷകരുടെ കണ്ണിലും നെഞ്ചിലും കൂര്‍ത്ത കുപ്പിച്ചില്ലുകണക്കെ കുത്തിക്കയറുകയാണ്. 
 
 
നോവല്‍ അതേ പടി സിനിമയാക്കുകയല്ല ബ്‌ളെസ്സി ചെയ്തിരിക്കുന്നത്. അതിന്റെ ആത്മാംശം ഉള്‍ക്കൊണ്ടു കൊണ്ട് അന്ത്യന്താപേക്ഷിതമായ മാറ്റങ്ങള്‍ മാത്രം വരുത്തി ചെത്തിമിനുക്കിയെടുത്തിരിക്കുകയാണ് ഓ#ോ രംഗവും. ആദ്യ പകുതിയില്‍ നജീബും അയാളുടെ നാടും ഉമ്മയും ഭാര്യയുമടങ്ങിയ കുടുംബവും പുഴയും നാടുമെല്ലാം ഉള്‍പ്പെടുന്ന പശ്ചാത്തലവും അതിനു ശേഷം അയാള്‍ ഗള്‍ഫില്‍ എത്തിപ്പെടുന്ന സാഹചര്യവുമെല്ലാം വളരെ വിശദമായി പറഞ്ഞു കൊണ്ട് കഥയ്ക്ക് ശക്തമായ ഒരടിത്തറയിടുന്നണ്ട് സംവിധായകന്‍. കഥയുടെ രണ്ടാം പകുതി മുതല്‍ നജീബിന്റെ ആട്ജീവിതത്തിന്റെ ദുരിതവഴികളിലൂടെ പ്രേക്ഷകരും സഞ്ചരിക്കുന്നു.  നോവല്‍ പലവുരു വായിച്ച് ഹൃദിസ്ഥമാക്കിയവര്‍ക്കും പുതിയൊരു സിനിമ കാണുന്ന അനുഭവമാണ് ആട് ജീവിതം സമ്മാനിക്കുക. 
 
ആട്ജീവിതത്തിലൂടെ അഭിനയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന പൃഥ്വിരാജിന്റെ അത്യൂജ്ജ്വല പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി മനസും ശരീരവും ആത്മാവും ഒന്നര പതിറ്രാണ്ടിലേറെ സമര്‍പ്പിച്ച നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാണ് എന്നു പറയാം. നജീബിന്റെ യാതനകള്‍ പ്രേക്ഷകരുടെ ഹൃദയത്തെ ചുട്ടുനീറ്റും വിധം അഭ്രപാളിയിലെത്തിക്കാന്‍ പൃഥ്വിരാജ് അത്രമാത്രം ആത്മത്യാഗം ചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പമുള്ള നീണ്ട ജീവിതം അയാല്‍ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്. ഭാഷയും വാക്കുകളും പോലും മറന്നു പോകുന്ന ഒടുവില്‍ സ്വന്തം ശബ്ദം പോലും മറന്ന് ആടിന്റേതു പോലുള്ള ശബ്ദവുമായി അയാള്‍ മരിച്ചതിന് തുല്യമായി ജീവിക്കുന്നു. ആരോഗ്യനില പോലും അപകടത്തിന്റെ വക്കില്‍ എത്തപ്പെട്ടിട്ടും ശാരീരികമായി ഒരുപാട് ക്‌ളേശങ്ങള്‍ സഹിച്ചാണ് ഈ നടന്‍ നജീബായി പരകായ പ്രവേശം നടത്തിയത്. രാജ്യാന്തര അംഗീകാരങ്ങള്‍ നേടാന്‍ എന്തു കൊണ്ടും അര്‍ഹമായ, ശരീരം കൊണ്ടുപോലും പ്രതിഭയുടെ മിന്നല്‍പ്പിണരുകള്‍ ഉതിര്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ പൃഥ്വിരാജ് എന്ന നടന് അഭിമാനിക്കാം. ഇതിലും ശക്തമായ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഇനി അത്രവേഗത്തിലൊന്നും ലഭിക്കാനിടയില്ല. 
 
മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടുകയും നെഞ്ചില്‍ ഒരു മുറിവായി അവശേഷിക്കുകയുംചെയ്യുന്ന കഥാപാത്രമാണ് പുതുമുഖം ഗോകുല്‍ അവതരിപ്പിച്ച ഹക്കീം. നജീബ് കടന്നു പോകുന്ന അതേ ജീവിതക്‌ളേശങ്ങളിലൂടെ തന്നെയാണ് ഹക്കീമും കടന്നു പോകുന്നത്. ചുട്ടുപൊള്ളുന്ന സൂര്യനും മരുഭൂമിക്കും ഇടയിലൂടെ ഒരു തുള്ളി വെളളം പോലും കുടിക്കാനില്ലാതെ അവസാന ശ്വാസം വരെ ഓടിത്തളര്‍ന്ന് തൊണ്ട പൊട്ടി പിടഞ്ഞു മരിച്ചു വീഴുന്ന ഹക്കീമിനെ ഗോകുല്‍ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു. ഹക്കീമാകാന്‍ 64 കിലോയില്‍ നിന്നും 20 കിലോയാണ് ഗോകുല്‍ കുറച്ചത്. ഇബ്രാഹിം ഖാദിരിയായി എത്തിയ ജിമ്മി ജീന്‍ ലൂയിസും  തന്റെ കഥാപാത്രത്തെ അനായാസ ശൈലിയിലുള്ള അഭിനയത്തിലൂട  ശഗംഭീരമാക്കി.  അമലാ പോള്‍ അവതരിപ്പിച്ച സൈനു, ശോഭാ മോഹന്റെ ഉമ്മ എന്നീ കഥാപാത്രങ്ങളും മികച്ചതായി. 
 
ആട്ജീവിതത്തിന്റെ ദൃശ്യാനുഭവത്തിന് മിഴിവേകിയ സംഗീതവും പശ്ചാത്തലവുമൊരുക്കിയ നല്‍കിയ എ.ആര്‍.റഹ്‌മാന്‍, മികച്ച ദൃശ്യങ്ങളിലൂടെ അസാധാരണമായ കാഴ്ചാനുഭവം സമ്മാനിച്ച ഛായാഗ്രാഹകന്‍ സുനില്‍.കെ.എസ് എന്നിവരും ആട്ജീവിതമെന്ന ചലച്ചിത്രത്തെ ചരിത്രത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്തിയതില്‍ ബ്‌ളെസ്സിക്കൊപ്പം സഞ്ചരിച്ചത്. മലയാള സിനിമയില്‍ ഇനി ആട് ജീവിതമെന്ന സിനിമ ഒരു നാഴികക്കല്ലായി മാറുമെന്നത് തീര്‍ച്ചയാണ്. ഈ ദൃശ്യാനുഭവം തിയേറ്ററില്‍ തന്നെ കണ്ടിരിക്കണം ഓരോ പ്രേക്ഷകനും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക