Image

ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാകാന്‍ വിജയ്

Published on 03 April, 2024
ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാകാന്‍ വിജയ്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് വിടവാങ്ങുന്നു എന്ന് തമിഴ് നടന്‍ വിജയ് വ്യക്തമാക്കിയത്. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും പിന്നീടുള്ള സമയം മുഴുവന്‍ രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പറഞ്ഞു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയിക്ക് നല്‍കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിക്ക് സ്വന്തമാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയുടെ രാഷ്ട്രീയ പ്രവേശം ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന പ്രഖ്യാപനം കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങള്‍ തന്നെയാണ്.

‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുന്‍ഗാമികളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ മുഴുകും’, എന്നാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക