Image

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

ഡോ. കല ഷഹി, ജനറല്‍ സെക്രട്ടറി ഫൊക്കാന Published on 04 April, 2024
 അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട. തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എയും ചേര്‍ന്ന് കഴിഞ്ഞ ദിവസം അതുല്യയ്ക്കും കുടുംബത്തിനും പുതിയ വീടിന്റെ താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും എന്നേക്കുമായുള്ള മോചനത്തിന്റെ നിമിഷമായിരുന്നു അത്. കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എയാണ് ഈ കുടുംബത്തെക്കുറിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് ഫൊക്കാന ഭവന പദ്ധതിയില്‍ അതുല്യയ്ക്ക് വീടൊരുങ്ങിയത്. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്യ.

ജീവിതത്തില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാനയുടെ ഭവന പദ്ധതിയില്‍ അതുല്യയ്ക്കും വീടൊരുക്കാന്‍ സാധിച്ചതില്‍ ഏറ്റവും വലിയ സന്തോഷമായെന്നും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഫൊക്കാന ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു ലോക മാതൃക തന്നെയാണെന്ന് മുന്‍മന്ത്രിയും കഴക്കൂട്ടം എം. എല്‍. യുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. താക്കോല്‍ കൈമാറ്റ ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് എസ്. എസ് നായര്‍, കൗണ്‍സിലര്‍ എല്‍ എസ് കവിത സി.പി. എം ലോക്കല്‍ സെക്രട്ടറി ആര്‍. ശ്രീകുമാര്‍, എസ് .പ്രശാന്ത്, സതീശന്‍, ഷാജി മോന്‍, സജു ലജീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

 

 

 അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക