Image

ചിരിയുടെ, സൗഹൃദങ്ങളുടെ പുത്തന്‍രസതന്ത്രവുമായി 'വര്‍ഷങ്ങള്‍ക്ക് ശേഷം'

Published on 13 April, 2024
ചിരിയുടെ, സൗഹൃദങ്ങളുടെ പുത്തന്‍രസതന്ത്രവുമായി 'വര്‍ഷങ്ങള്‍ക്ക് ശേഷം'

നിവിന്‍ പോളിയുടെ മരണ മാസ്സ് തിരിച്ചു വരവ്. പ്രണവ് മോഹന്‍ലാലിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും ഗംഭീര കെമിസ്ട്രി. എല്ലാത്തിനും മീതെ സൗഹൃദത്തിന്റെ കഥ പറയുന്ന നിറപ്പകിട്ടാര്‍ന്ന ലോകത്തെ സ്‌നേഹവും തമാശകളുമൊക്കെയായി കളം നിറഞ്ഞാടുകയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. അതേ നീണ്ട കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് അടിപൊളിയാക്കുകയാണ് ഈ അവധിക്കാലം.

കൂത്തുപറമ്പ് എന്ന ഗ്രാമത്തിലെ നാടകമെഴുത്തുകാരനും യുവാവുമായ വേണുവും അവിടെയൊരു മാളികയില്‍ മെഹഫില്‍ പാടാനെത്തുന്ന മുരളിയെന്ന പാട്ടുകാരനും സൂഹൃത്തുക്കളാകുന്നു. അവരുടെ സൗഹൃദത്തില്‍ നിന്നാണ് കഥ വിടരുന്നത്. നാട്ടിന്‍പുറത്തെ സൗഹൃദക്കാഴ്ചകളുമായി സിനിമയുടെ ആദ്യപകുതി രസകരമായി മുന്നേറുന്നു. പണ്ട് മോഹന്‍ലാല്‍, ശ്രീനിവാസന്‍ പിന്നീട് നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരെല്ലാം തകര്‍ത്താടിയ നാട്ടിന്‍പുറത്തെ സ്‌നേഹസൗഹൃദങ്ങളും പ്രണയവും കൗണ്ടറുകളും കോമഡി ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തു ചിരിക്കാറുണ്ട്. അതേ ട്രാക്കില്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്റെ ആദ്യ പകുതി നീങ്ങുന്നത്. അവിടെ നിന്നും ഇരുവരുടെയും ചിന്തകളും സ്വപ്നങ്ങളും മെല്ലെ ട്രാക്ക് മാറി മദിരാശി എന്ന സിനിമാ സ്വപ്നലോകത്ത് എത്തുന്നു. നാട്ടിന്‍പുറത്തു നിന്നും ക്യാമറ മെല്ലെ മദിരാശിയിലെ സ്വാമീസ് ലോഡ്ജിലേക്ക് സൂം ചെയ്യുന്നു. സിനിമയില്‍ ഒരു കൈ നോക്കാനുള്ള തത്രപ്പാടിലാണ് പിന്നീടവര്‍. ഒരാള്‍ക്ക് തിരക്കഥാകൃത്തും സംവിധായകനും ആകണം. മറ്റേആ സംഗീത സംവിധായകനാകാന്‍ ശ്രമിക്കുന്നു. ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി ഇരുവരും നടത്തുന്ന ശ്രമങ്ങളും അതിലെ വിജയ പരാജയങ്ങളും തമാശകളും കൊച്ചു കൊച്ചു പിണക്കങ്ങളുമൊക്കെയായി ആദിയ പകുതി ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട് വിനീത് ശ്രീനിവാസന്‍

രണ്ടാം പകുതിയിലാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം' കഥയിലേക്ക് സംവിധായകന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ആദ്യപകുതിയില്‍ തികച്ചും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് രണ്ടാം പകുതിയില്‍ വിനീത് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, ബേസില്‍ ജോസഫ് എന്നിവരെല്ലാം കൂടി ചേരുമ്പോള്‍ കമ്പപ്പുരയ്ക്ക് തീപിടിച്ച മട്ടിലാണ് പിന്നീട് കഥയുടെ പോക്ക്. കോമഡി ഉത്സവം തന്നെയാണ് തിയേറ്ററില്‍ അരങ്ങേറുന്നത്. ഒടുവില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെയുള്ള പര്യവസാനവും കഥയ്ക്ക് നല്‍കുന്നതിലൂടെ തന്റെ ഇഷ്ടപ്പെട്ട ഏരിയയില്‍ വിനീത് ശ്രീനിവാസന്‍ ഒരിക്കല്‍ കൂടി വെന്നിക്കൊടി പാറിച്ചു എന്നു പറയാം.

കഴിഞ്ഞ ഒന്നു രണ്ടു വര്ഷങ്ങളായി തിയേറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന നിവിന്‍ പോളിക്ക് ഗംഭീരതിരിച്ചു വരവിന് കളമൊരുക്കാന്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു. കള്‍ട്ട് എന്നൊരു കോട്ടുമിട്ട് ഇരമ്പിയാര്‍ക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവിലൂടെ അയാള്‍ വന്നു കയറുന്നത് പ്രേക്ഷക മനസിലേക്കാണ്. പരാജയപ്പെട്ട സിനിമകളുടെ പേരില്‍ സോഷ്ല്‍മീഡിയയില്‍ നിരന്തര വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നിവിന്‍ പോളി അതിഗംഭീരമായ പ്രകടനത്തിലൂടെ അവയ്‌ക്കൊക്കെയും മറുപടി പറയുന്നുണ്ട്. കഥ മുന്നേറുന്ന പല അവസരങ്ങളിലും നിവിന്‍ പോളിയുടെ കഥാപാത്രം പ്രേക്ഷകരുടെ കൈയ്യടി നേടുന്നുമുണ്ട്. സംഗീത സംവിധായകനായ ഷാന്‍ റഹ്‌മാന്‍ പഴയകാല സൂപ്പര്‍താരമായി ചിത്രത്തിലെത്തുന്നു. താരത്തിന്റെ ഗെററപ്പ് പ്രേക്ഷകരെ അമ്പരപ്പിച്ചു കളയും. ഇതാദ്യാമായാണ് ഷാന്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനേതാവായി എത്തുന്നത്. നീത പിള്ള, കല്യാണി എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ധ്യാന്‍ ശ്രീനിവാസന്‍-പ്രണവ് ജോഡി മലയാള സിനിമയ്ക്ക് ഒരു പുതിയ ഹിറ്റ് ജോഡിയെ നല്‍കുന്നു. ഇവരുടെകോമ്പിനേഷന്‍ സീനുകള്‍ കാണുമ്പോള്‍ പലപ്പോഴും മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചുള്ള കോമഡി രംഗങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തു പോകും. രസകരമായ തഗ്ഗുകള്‍ കൊണ്ട് അഭിമുഖങ്ങളില്‍ നിറഞ്ഞാടുന്ന ധ്യാന്‍ ശ്രിനിവാസനെ കഥാപാത്രമായി ഫുള്‍ കണ്‍ട്രോളില് കൊണ്ടുപോകാന്‍ വിനീത് എന്ന സംവിധായകന് കഴിഞ്ഞു.''പുതുമുഖ സംഗീത സംവിധായകനായ അമൃത് രാം നാഥ് ഈണം നല്‍കിയ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. 'മധു പകരു നീ താരകേ' എന്ന ഗാനം ഇതില്‍ മുന്നിലാണ്. 'ന്യാബകം' എന്ന തമിഴ് ട്രാക്ക് സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ഛായാഗ്രാഹകന്‍ വിശ്വജിത്തും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമും മികച്ചൊരു സിനിമാ ശില്‍പ്പം നല്‍കുന്നതില്‍ വിജയിച്ചു.

കുടുംബത്തിനൊപ്പമോ, കുട്ടികള്‍ക്കൊപ്പമോ, സുഹൃത്തുക്കളുമായോ പോയി കണ്ട് ചിരിച്ചാസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. ധൈര്യമായി ടിക്കറ്റെടുക്കാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക