Image

അഡ്വാന്‍സ് ബുക്കിങ്ങിലും 'ആട് ജീവിതം' മുന്നില്‍

Published on 13 April, 2024
അഡ്വാന്‍സ് ബുക്കിങ്ങിലും 'ആട് ജീവിതം' മുന്നില്‍

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച 'ആട് ജീവിതം' മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ വിധ കളക്ഷന്‍ റെക്കോഡുകളെയും പിന്നിലാക്കി കുതിപ്പു തുടരുകയാണ്. ഈദ്-വിഷു ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് റിലീസിനെത്തുന്ന ഹിന്ദി, മലയാളം ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിങ്ങിനേക്കാള്‍ കൂടുതലാണ് ഇപ്പോഴും ആട് ജീവിതത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ്. ടിക്കറ്റ് ബുക്കിന്റെ ഔദ്യോഗിക ആപ്പായ ബുക്ക് മൈ ഷോ പുറത്തു വിട്ട ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള കണക്കാണിത്. ഏറ്റവും വേഗത്തില്‍ നൂറു കോടി ക്‌ളബ്ബിലെത്തുന്ന മലയാള ചിത്രമെന്ന റെക്കോഡ് ആട് ജീവിതം നേടിയിരുന്നു. ഹിന്ദി, തമിഴ്, തെലങ്ക്, കന്നഡ ഭാഷകളിലായി 2024 മാര്‍ച്ച് എട്ടിനാണ് ആട് ജീവിതം തിയേറ്ററുകളിലെത്തിയത്.

ബെന്യാമിന്റെ 'ആട് ജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ബ്‌ളെസ്സി സംവിധാനം ചെയ്ത ചിത്രമാണ് 'ആട് ജീവിതം'. ഒന്നും രണ്ടുമല്ല, നീണ്ട പതിനാറു വര്‍ഷങ്ങളാണ് ഈ ചിത്രത്തിനായി പൃഥ്വിരാജും ബ്‌ളെസ്സിയും കഷ്ടപ്പെട്ടത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് ശാരീരികമായും മാനസികമായും സ്വീകരിച്ച തയ്യാറെടുപ്പുകള്‍ സിനിമയുടെ റിലീസിനു മുമ്പു തന്നെ ചര്‍ച്ചയായിരുന്നു. നജീബ് എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് പൃഥ്വിരാജ് ആട് ജീവിതത്തില്‍ അവതരിപ്പിച്ചത്. വര്ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ നജീബ് എന്ന ഗ്രാമീണ യുവാവ് അവിടെ ഒരറബിയാല്‍ തട്ടിയെടുക്കപ്പെട്ട് പിന്നീട് മണലാരണ്യത്തില്‍ അതികഠിനമായ കഷ്ടതകളിലൂടെയും യാതനകളിലൂടെയും കടന്നു പോവുകയും ഒടുവില്‍ അവിടെ നിന്ന് രക്ഷപെടുകയും ചെയ്യുന്ന സര്‍വൈവല്‍ സ്റ്റോറിയാണ് 'ആട്ജീവിതം.'. വര്‍ഷങ്ങളെടുത്ത് പല പ്രതസന്ധികളെയും തരണം ചെയ്തു നിര്‍മ്മിച്ച ഈ അതിജീവന കഥ ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളം സിനിമ ഇന്‍ഡസ്ട്രി ലോകോത്തര നിലവാരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. അമലാ പോളാണ് നായിക. ഹോളിവുഡ് നടനായ ജിമ്മി ജീന്‍ ലൂയിസ് അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി, കൂടാതെ കെ.ആര്‍ ഗോകുല്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക