Image

സൂര്യഗ്രഹണം  (കവിത:  ഡോ. ഇ. എം. പൂമൊട്ടില്‍)

Published on 14 April, 2024
സൂര്യഗ്രഹണം  (കവിത:  ഡോ. ഇ. എം. പൂമൊട്ടില്‍)

സൂര്യശോഭയതു മാഞ്ഞു പകലിതില്‍  
ഇരുളിന്‍ മറ വിടര്‍ന്നു നഭസില്‍   
എന്തിനൊരല്പ നേരത്തേയ്ക്കതെങ്കിലും  
എന്നില്‍നിന്നെന്‍ പ്രിയനെ നീ മറച്ചു 
ഇല്ല, സഹിക്കുവനാവില്ലെനിക്കിത് 
തെല്ലും പ്രിയതമന്‍ മായുന്ന നേരം  
ഏറിയ സന്താപ  ഭാവമോടെ ഏവം 
മേദിനി അമ്പിളിയോടുരച്ചു ! 

ഇന്നുമെന്‍ സഖിയായ്‌ നടന്നോള്‍, തിങ്കളേ 
ഇതു നീ ചെയ്തീടുമെന്നോര്‍ത്തില്ല ഞാന്‍
നിര്‍മ്മ‍ലന്‍ പകലോനെന്‍  വല്ലഭനെ നീ 
ധര്‍മ്മം മറന്നിന്നു ചുംബിച്ചുവോ 
ആലിംഗനത്താല്‍  അതിശയിപ്പിച്ചുവോ
ആരും ഇതറിയില്ലയെന്നോര്‍ത്തുവോ! 

ഖിന്നതയേറെയതുള്ളില്‍ നിറയവെ 
പിന്നെയും ശാന്തമായ് ചൊല്ലി വസുംധര
ഇന്നു നീ എന്നോടു ചെയ്തോരപരാധം 
നിര്‍ണ്ണയം ഞാന്‍ പൊറുക്കുന്നുവെന്നാലും
ദീര്‍ഘകാലം സൂര്യഗ്രഹണമീ സംഭവം 
തീരാത്ത തേങ്ങലായ് നില്‍ക്കുമെന്‍ ഉളളില്‍  ! !
             

Join WhatsApp News
Sudhir Panikkaveetil 2024-04-15 14:29:11
സൂര്യഗ്രഹണത്തിൽ ഭൂമിയിൽ നിന്നും സൂര്യനെ മറയ്ക്കുന്നു ചന്ദ്രൻ. ചന്ദ്രന്റെ വലുപ്പം സൂര്യനേക്കാളും ചെറുതാണെങ്കിലും ഭൂമിയിൽ നിന്നുള്ള അതിന്റെ ദൂരം ആധാരമാക്കി അതിനു സൂര്യനെ മറയ്ക്കാം. ഭൂമിയുടെ കാമുകനായ സൂര്യനെ ചന്ദ്രൻ മറച്ചതിൽ ഭൂമി ഖിന്നയായി അത് ചന്ദ്രനെ അറിയിക്കുന്നു. തന്റെ പ്രിയതമനെ സൂര്യഗ്രഹണസമയത് ചന്ദ്രൻ പൂർണമായി മറയ്ക്കുന്നത് ഒരു രഹസ്യബന്ധത്തിന്റെ പ്രതീതിയാണ് കവി കാണുകയാണ്. ശാസ്ത്രഞ്ഞനായ കവിയുടെ ഭാവനയിൽ വിരിഞ്ഞ ഈ കവിത ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ വായനക്കാർക്ക് അവരുടെ അഭിരുചിയനുസരിച് ആസ്വദിക്കാം. ഡോകറ്റ പൂമൊട്ടിൽ ഇത്തരം വിഷയങ്ങൾ വളരെ സൂക്ഷ്മമായി കാണുന്നു, വിവരിക്കുന്നു.
Easow Mathew 2024-04-18 19:01:56
Thank you, Sudhir for the appreciative words about my poem Sooryagrahanam. Your encouraging comments are always greater motivation to the writers! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക