Image

പ്രത്യാക്രമണം തൽക്കാലം അവസാനിച്ചുവെന്നു ഇറാൻ; ബൈഡൻ ജി7 നേതാക്കളെ വിളിച്ചുകൂട്ടി (പിപിഎം) 

Published on 14 April, 2024
പ്രത്യാക്രമണം തൽക്കാലം അവസാനിച്ചുവെന്നു ഇറാൻ; ബൈഡൻ ജി7 നേതാക്കളെ വിളിച്ചുകൂട്ടി (പിപിഎം) 

ഇസ്രയേലിനെതിരായ പ്രത്യാക്രമണം അവസാനിച്ചുവെന്നു കരുതാമെന്നു ഇറാൻ പ്രഖ്യാപിച്ചതിനിടെ, ഇറാൻ നടത്തിയ വ്യോമാക്രമണത്തെ പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം അപലപിച്ചു. ഇറാന്റെ നഗ്നമായ ആക്രമണത്തിനു പ്രതികരിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഞായറാഴ്ച ജി 7 രാജ്യങ്ങളുടെ നേതാക്കളെ വിളിച്ചു കൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച പറഞ്ഞു. 

ഇസ്രയേൽ നേതാക്കളുമായി യുഎസ് അടുത്തു ബന്ധപ്പെട്ടു കൊണ്ടിരിക്കും. ഡെലവെയറിലെ റഹോബോത് ബീച്ചിൽ പ്രിയപ്പെട്ട വാരാന്ത്യ ഒഴിവുകാലം റദ്ദാക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ബൈഡൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. പിന്നീട് യുഎസ് നാഷനൽ സെക്യൂരിറ്റി ടീമുമായി അദ്ദേഹം ചർച്ച നടത്തി. 

യുഎസിനു നേരെ ആക്രമണം ഉണ്ടായില്ലെങ്കിലും എല്ലാ ഭീഷണികളെയും നേരിടാൻ ഒരുക്കമാണെന്നു ബൈഡൻ പറഞ്ഞു.  

'പ്രത്യാക്രമണം അവസാനിച്ചു'

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇടപെടേണ്ട എന്നു യുഎന്നിലെ ഇറാൻ കാര്യാലയം യുഎസിനോടു പറഞ്ഞു. പ്രത്യാക്രമണം അവസാനിച്ചുവെന്നു കരുതാമെന്നു അവർ പറഞ്ഞു. "എന്നാൽ ഇസ്രയേൽ ഇനിയും തെറ്റു ചെയ്താൽ ഇറാന്റെ പ്രതികരണം ഇതിനേക്കാൾ വളരെ ഗൗരവമേറിയതാവും." 

യുഎൻ ചാർട്ടറിനെ ഇറാൻ ആദരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ പ്രതിരോധത്തെ വെല്ലുവിളിച്ചാൽ അതിനു രൂക്ഷമായി പ്രതികരിക്കും. 

ടെഹ്റാനിൽ ഇറാൻ ജനക്കൂട്ടങ്ങൾ ശനിയാഴ്ച രാത്രി ആഘോഷം നടത്തി. 

കാര്യമായി ഒന്നും നഷ്ടമായില്ല

യുഎസ് സേന ഇറാന്റെ 70 ഡ്രോണുകളും മൂന്നു ബാലിസ്റ്റിക് മിസൈലുകളും വീഴ്ത്തിയതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനു മൂല്യമുള്ള ഒന്നും നഷ്ടമായില്ല.  

ആകാശത്തു ഡ്രോണുകൾ തേടിപ്പിടിച്ചു അടിക്കാൻ കഴിയുന്ന രണ്ടു ഡിസ്ട്രോയറുകൾ യുഎസ് ഇസ്രയേലിനു സമീപത്തു വിന്യസിച്ചിട്ടുണ്ടെന്നു വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. 

ഇസ്രയേലിനെതിരായ ഏതു വ്യോമാക്രമണവും ബ്രിട്ടീഷ് വ്യോമസേന തടയുമെന്നു ലണ്ടനിൽ പ്രതിരോധ വകുപ്പ് പറഞ്ഞു. സംഘർഷം ലഘൂകരിക്കാൻ ബ്രിട്ടൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. 

ബ്രിട്ടീഷ് സേന മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നു പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ഇറാന്റെ അർത്ഥമില്ലാത്ത ആക്രമണത്തെ അപലപിക്കുന്നു. 

Iran says attack halted as Biden summons G7 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക