Image

കേരളത്തിലെത്ര കേരള കോൺഗ്രസ് ഉണ്ട്? സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിവരങ്ങളറിയാം

ദുര്‍ഗ മനോജ്‌ Published on 16 April, 2024
കേരളത്തിലെത്ര കേരള കോൺഗ്രസ് ഉണ്ട്? സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിവരങ്ങളറിയാം

കേരളത്തിൽ ആകെ അമ്പതു പാർട്ടികൾ ഉണ്ട്. അതായത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനിൽ റെജിസ്റ്റർ ചെയ്ത കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്പതു പാർട്ടികൾ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരിക്കുന്നത്. കൂടാതെ ഡൽഹി അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ദേശീയ പാർട്ടി പദവിയുള്ള അഞ്ചു പാർട്ടികളും സംസ്ഥാന പാർട്ടി പദവിയുള്ള നാലു പാർട്ടികളും കേരളത്തിലുണ്ട്.

ഇനി കേരളത്തിൽ വിലാസമുള്ള കേരളത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന പദവിയുള്ള ഒരേ ഒരു പാർട്ടിയേ ഉള്ളു, അത് കേരള കോൺഗ്രസ് എം ആണ്. പേരിലെ ഇത്തിരി വ്യത്യാസങ്ങളുമായി ആകെ ഏഴ് കേരള കോൺഗ്രസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് എം നാണ് കേരള കോൺഗ്രസുകളുടെ കൂട്ടത്തിൽ സംസ്ഥാന പദവിയുടെ പത്രാസുള്ളത്.

ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ് (സ്കറിയ തോമസ് ), കേരള കോൺഗ്രസ് (സെക്കുലർ ) എന്നിവയാണാ ഏഴെണ്ണം. കേരള വികാസ് കോൺഗ്രസ് എന്ന പേരിലും ഒരു റെജിസ്ട്രേഡ് കേരള കോൺഗ്രസുണ്ട്. 

കേരളത്തിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുമ്പോൾ ചില വാക്കുകൾക്ക് ഡിമാൻ്റ് ഏറെയുണ്ട്. വിപ്ലവം, സോഷ്യലിസം, ജനാധിപത്യം എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന ഡിമാൻ്റ്.
കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ( ലെനിനിസ്റ്റ് മാർക്സിസ്റ്റ് ), മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ),റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക് ), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയാണ് വിപ്ലവത്തിൻ്റെ വഴിയെ സഞ്ചരിക്കുന്നവർ.

ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി, ഡെമോക്രാറ്റിക് ലേബർ പാർട്ടി, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിങ്ങനെ ജനാധിപത്യ സംരക്ഷണ പാർട്ടികൾ നീളുന്നു.

കിഴക്കമ്പലത്തെ ട്വൻ്റി 20യും ഒരു റജിസ്റ്റേർഡ് പാർട്ടിയാണ്. പ്രവാസികൾക്കായി പ്രവാസി നിവാസി പാർട്ടിയും, കേരള പ്രവാസി അസോസിയേഷനും പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരമൊക്കെ മറന്നു തുടന്നു തുടങ്ങുമ്പോഴും നേതാജിയുടേയും മഹാത്മാഗാന്ധിയുടെ പേരിലും കേരളം ആസ്ഥാനമാക്കി പാർട്ടികൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നെ ഇതിലൊന്നും പെടാതെ ഭാരതിയ ജവാൻ കിസാൻ പാർട്ടി, ഇക്വാലിറ്റി പാർട്ടി, വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി, വൺ ഇന്ത്യ വൺ പോളിസി പാർട്ടി എന്നിവയും കേരളത്തിലെ പാർട്ടികളാണത്രേ!

സംസ്ഥാനത്തു പ്രവർത്തിക്കുന്ന നാഷണൽ പാർട്ടികൾ ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബി എസ് പി ), ഭാരതീയ ജനതാ പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി പി എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയാണ്.

കേരള കോൺഗ്രസ് എം കൂടാതെ, ജനതാദൾ (എസ്), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, റവല്യൂഷണറി സോഷ്യലിസ് പാർട്ടി (ആർ എസ് പി ) കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയ്ക്കു കേരളത്തിൽ സംസ്ഥാന പദവിയുണ്ട്. മഹാരാഷ്ട്രയിൽ റജിസ്റ്റർ ചെയ്ത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)ക്കും കേരളത്തിൽ സംസ്ഥാന പദവിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക