Image

കണ്ണൂരിലും വടകരയിലും പോരാട്ടം കടുക്കും (കേരളം തിരഞ്ഞെടുപ്പ് ചൂടിൽ - 1:രാഷ്ട്രീയ ലേഖകൻ)

Published on 18 April, 2024
   കണ്ണൂരിലും വടകരയിലും പോരാട്ടം കടുക്കും (കേരളം തിരഞ്ഞെടുപ്പ് ചൂടിൽ - 1:രാഷ്ട്രീയ ലേഖകൻ)

കേരളത്തിൻ്റെ വടക്കേയറ്റത്തു നിന്നു തുടങ്ങിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോടും കോഴിക്കോടും കോൺഗ്രസ് ,അഥവാ യു.ഡി.എഫ് നിലനിർത്തുമെന്നും കണ്ണൂരിലും വടകരയിലും കനത്ത മത്സരമാണു നടക്കുന്നതെന്നുമാണ് പറച്ചിൽ.ഗൾഫിലുള്ളവരോട് ചോദിച്ചാൽ വടകരയിൽ ഷാഫി പറമ്പിൽ നല്ല ഭൂരിപക്ഷം നേടുമെന്നു പറയും.ആരോഗ്യ മന്ത്രിയെന്ന നിലയിൽ തിളങ്ങിയ കെ.കെ.ശൈലജയ്ക്ക് പഴയ തിളക്കം ഇപ്പോൾ ഇല്ലെന്നു വാദിക്കുന്നവരുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യനായ ഷാഫി ഉമ്മൻ ചാണ്ടിയെപ്പോലെ എല്ലാ വർക്കും സ്വീകാര്യനാണ്.കെ.മുരളീധരൻ പി.ജയരാജനുമേൽ  നേടിയതു പോലൊരു വിജയം ഷാഫിക്ക് ശൈലജയ്‌ക്കെതിരെ  സാധ്യമാകാതില്ല.
ടി.പി.ചന്ദ്രശേഖരുടെ ശരീരത്തിൽ പതിഞ്ഞ 51 വെട്ടുകൾ വടകരയിൽ സി.പി.എമ്മിൻ്റെ അടിത്തറയിളക്കിയെന്ന കാര്യത്തിൽ സംശയം വേണ്ട. സമീപകാലത്തെ ഹൈക്കോടതി വിധി പ്രതികൾക്കു മാത്രമല്ല പാർട്ടിക്കും കനത്ത അഘാതമായി. ശൈലജയുടെ വ്യക്തിപ്രഭാവം കൊണ്ട് ഇത് മറികടക്കാമെന്നിരിക്കെയാണ് പാനൂരിലെ ബോംബ് സ്ഫോടനം ഇടിത്തീയായത്. അതും കടന്ന് ഇപ്പോൾ സൈബർ പോരാട്ടത്തിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ.ശൈലജയും ഷാഫിയും നിലവിൽ എം. എൽ.എമാരാണ് എന്ന പ്രത്യേകതയും ഉണ്ട്. റോഡ് ഷോയിൽ ടി.പി.ചന്ദ്രശേഖരൻ്റെ ഭാര്യ കെ.കെ.രമയും ഉമ്മൻ ചാണ്ടിയുടെ പുത്രി അച്ചു ഉമ്മനും ഷാഫിക്കൊപ്പം അണി നിരന്നത് ശ്രദ്ധേയമായി.  സി.ആർ. പ്രഫുൽ കൃഷ്ണനാണ് എൻ.ഡി.എ. സ്ഥാനാർഥി.
കണ്ണൂരിൽ കെ.സുധാകരന് കരുത്തനായ എതിരാളിയെയാണ് കിട്ടിയിരിക്കുന്നത്. എം.വി.ജയരാജൻ.

അർധ മനസ്സോടെയാണ് സുധാകരൻ ഇക്കുറി മത്സരത്തിന് ഇറങ്ങിയത്.നിലവിലെ എം.പിമാർക്കെല്ലാം കോൺഗ്രസ് പച്ചക്കൊടി കാട്ടിയപ്പോൾ മാറിനിൽക്കാമെന്നു രണ്ടു പേർ മാത്രം പറഞ്ഞു.കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും. പക്ഷേ, കണ്ണൂരിൽ സുധാകരനു പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചില്ല.സതീശൻ പാച്ചേനിയെപ്പോലെ ഒരാളില്ലാതെ പോയി.2009ലും 2019 ലും കണ്ണൂരിൽ നിന്ന് ജയിച്ചയാളാണ്
 സുധാകരൻ.ന്യൂനപക്ഷത്തിന് സ്വീകാര്യനാണ് സുധാകരൻ. എം.വി. ജയരാജന് പാർട്ടിയുടെ സംഘടനാ ശക്തി തുണയാണെങ്കിലും സി.പി.എം. നിയന്ത്രണത്തിലുള്ള ചില സഹകരണ സംഘങ്ങളിലെ നിക്ഷേപകർ എതിരാണെന്ന് കേൾക്കുന്നു. എൻ.ഡി.എയുടെ സി.രഘുനാഥ് മുൻപ് കോൺഗ്രസുകാരനായി നിയമസഭയിലേക്ക് മത്സരിച്ചയാളാണ്.
കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ സീറ്റ് നിലനിർത്തുമെന്നാണ് പൊതു സംസാരം. യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത് സി.പി.എം നേതൃത്വത്തിൻ്റെ അറിവോടെയാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്.പാർട്ടി വോട്ടുകൾ പോലും ഉണ്ണിത്താൻ 2019 ൽ മാത്രമല്ല ഇക്കുറിയും സ്വന്തമാക്കിയേക്കും. റിയാസ് മൗലവി വധവും പ്രതികളെ കോടതി വിട്ടയച്ചതും  ചർച്ചകളിൽ സജീവമാണ്. എം.വി.ബാലകൃഷ്ണനാണ് സി.പി.എം. സ്ഥാനാർഥി.എം.എൽ.അശ്വിനി ബി.ജെ.പിക്കായി രംഗത്തുണ്ട്.കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ ശക്തി ചോർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കോഴിക്കോട്ട് കോൺഗ്രസിൻ്റെ എം.കെ. രാഘവൻ കഴിഞ്ഞ മൂന്നു തവണ ജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ്.2004 ൽ എം.പി.വീരേന്ദ്രകുമാർ ജയിച്ച ശേഷം കോഴിക്കോട് എൽ.ഡി.എഫിനെ കൈവിട്ടിരിക്കുകയാണ്. റിയാസും എ.വിജയരാഘവനും എ.പ്രദീപ് കുമാറിനും സാധിക്കാത്ത വിജയം എളമരം കരീമിന് സാധിക്കുമോ? എളമരം ഇപ്പോൾ രാജ്യസഭാംഗമാണ്. മുൻ  വ്യവസായ മന്ത്രിയാണ്.  സി.ഐ.ടി.യു. ദേശീയ നേതാവും.രാഘവനെയും എളമരത്തെയുംകാൾ 20 വയസിനു ചെറുപ്പമായ എം ടി രമേശ് ആണ് ബി.ജെ.പി. സ്ഥാനാർഥി. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് രമേശ്.പുറമേ കാണുന്ന തിരകൾക്കപ്പുറം പലയിടത്തും അടിയൊഴുക്കുകൾ ശക്തമാണ്. അട്ടിമറി തള്ളിക്കളയാനാവില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക