Image

പാലക്കാട് പിടിക്കാൻ എൽ.ഡി.എഫ് (കേരളം രാഷ്ട്രീയ ചൂടിൽ - 2:രാഷ്ട്രീയ ലേഖകൻ)

Published on 19 April, 2024
പാലക്കാട് പിടിക്കാൻ എൽ.ഡി.എഫ് (കേരളം രാഷ്ട്രീയ ചൂടിൽ - 2:രാഷ്ട്രീയ ലേഖകൻ)

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതാണ് 2009ൽ കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകാൻ കാരണമെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സി.പി.എം. ഇത്തവണയും രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെ വിമർശിക്കുന്നു.

എന്തായാലും വയനാട്, പാലക്കാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ എടുത്താൽ ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷയത്രയും പാലക്കാട്ടാണ്.
 ഇടതുപക്ഷം ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കെ രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്നാണ് ഇടത് ആവശ്യം. പക്ഷേ, കേരളത്തിൽ ഇടതു പക്ഷം, പ്രത്യേകിച്ച്  സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും രാപകൽ വിമർശിക്കുന്നത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയുമാണ്. പിണറായിയും രാഹുലും നേർക്കുനേർ വിമർശിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്.
കേരളത്തിൽ ഇടതു തരംഗമാണ്, യഥാർഥ കേരള സ്റ്റോറി "നമ്പർ വൺ കേരളം" ആണ് 20ൽ 20 സീറ്റും ഇടതുപക്ഷം നേടും എന്നൊക്കെ നേതാക്കൾ  അവകാശവാദം ഉന്നയിക്കുമ്പോഴും വയനാട്ടിൽ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്  സാധാരണ സി.പി.എം കാരനും അറിയാം.

സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ വിജയിക്കില്ലെന്നും അറിയാം.ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെത്തന്നെ വയനാട്ടിൽ മത്സരിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട് .ഏഴു തവണ തിരഞ്ഞെടുപ്പിൽ നിന്ന സുരേന്ദ്രൻ ഏഴു തവണയും തോറ്റു.(പക്ഷേ, ഒരിക്കൽ നിയമ സഭയിലേക്ക് ജയിക്കേണ്ടതായിരുന്നു എന്നും ഓർക്കണം ).
പാലക്കാട് സിറ്റിങ്ങ് എം.പി.  കോൺഗ്രസിൻ്റെ വി.കെ.ശ്രീകണ്ഠനെതിരെ സി.പി.എമ്മിൻ്റെ എ .വിജയരാഘവൻ മത്സരിക്കുന്നു. സി. കൃഷ്ണ കുമാറാണ് എൻ.ഡി.എ.സ്ഥാനാർഥി.എൽ.ഡി.എഫ്. കൺവീനർ ആയിരിക്കെ 2019 ൽ വിജയരാഘവൻ ,കോൺഗ്രസിൻ്റെ രമ്യ ഹരിദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഏറെ വിവാദമായി. ഇക്കുറി സൂക്ഷിച്ചാണത്രെ അദ്ദേഹം സംസാരിക്കുന്നത്.
വികസനക്കുതിപ്പാണ് കൃഷ്ണ കുമാറിൻ്റെ വാഗ്ദാനം. എതിരാളികളെ ബഹുമാനിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. കേരളത്തിൽ സി.പി.എം. ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് പാലക്കാട്.
മലപ്പുറവും പൊന്നാനിയും മിക്ക തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. ആദ്യം എണ്ണുന്ന മണ്ഡലങ്ങളാണ്.നിലവിലെ എം.പി.മാരെ പരസ്പരം മാറ്റി, ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തും എം.പി.അബ്ദുസമദ് സമദാനിയെ പൊന്നാനിയിലുമാണ് ഇത്തവണ മുസ്ലിം ലീഗ് പരീക്ഷിക്കുന്നത്.

പൊന്നാനിയിൽ കെ.എസ്. ഹംസയാണ് ഇടതു സ്ഥാനാർഥി. നിവേദിത സുബ്രഹ്മണ്യൻ എൻ.ഡഎയ്ക്കായി മത്സരിക്കുന്നു .മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. പാർട്ടി ചിഹ്നത്തിലാണ് ഹംസ മത്സരിക്കുന്നത്.

മലപ്പുറത്ത് മുഹമ്മദ് ബഷീറിനെ എതിരിടാൻ ഇടതിൻ്റെ വി.വസീഫും എൻ.ഡി.എയുടെ എം.അബ്ദുൽ സലാമും രംഗത്തുണ്ട്.പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ സലാമിന് ജിപ്പിൽ സ്ഥാനം നൽകിയില്ലെന്ന ആരോപണം ഉയർന്നിരുന്നു.
ഇ.ടി.മുഹമ്മദ് ബഷീർ തൻ്റെ ഗ്രാമത്തിൽ വോട്ട് തേടുന്നത് ആദ്യമാണ്. 2009 മുതൽ അദ്ദേഹം പൊന്നാനിയിൽ നിന്ന് എം.പി.യാണ്. സി.എ.എയുടെ പേരിൽ ആണ് വസീഫ് യു.ഡി.എഫിനെ വിമർശിക്കുന്നത് .പക്ഷേ, മുസ്ലിം ലീഗിനെ ഇടയ്ക്കിടെ പുകഴ്ത്തിപ്പറയുകയും ഇടതുപാളയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സി.പി.എം. മുസ്ലിം ലീഗിനെ വിട്ട് കോൺഗ്രസിനെയാണ് ആക്രമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക