Image

ഗൂഗിൾ ഓഫിസുകളിൽ പ്രതിഷേധിച്ച  28 ജീവനക്കാരെ പിരിച്ചു വിട്ടു (പിപിഎം)

Published on 19 April, 2024
ഗൂഗിൾ ഓഫിസുകളിൽ പ്രതിഷേധിച്ച   28 ജീവനക്കാരെ പിരിച്ചു വിട്ടു (പിപിഎം)

ഗൂഗിൾ ഓഫിസുകളിൽ ഇസ്രയേലി വിരുദ്ധ പ്രകടനം നടത്തിയ 28 ജീവനക്കാരെ പിരിച്ചുവിട്ടു. ചൊവാഴ്ച ന്യൂ യോർക്കിലെയും കലിഫോർണിയയിലെയും ഓഫിസുകളിൽ 10 മണിക്കൂർ കുത്തിയിരുപ്പ് സമരമാണ് അവർ നടത്തിയത്. 

ഇസ്രയേലുമായി ഗൂഗിൾ ഉണ്ടാക്കിയ $1.2 ബില്യൺ 'പ്രൊജക്റ്റ് നിംബസ്' എന്ന കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രകടനക്കാർ അറബ് തലപ്പാവ് ധരിച്ചിരുന്നു. 

സമഗ്രമായ അന്വേഷണത്തിനു ശേഷമാണു പിരിച്ചുവിടൽ തീരുമാനം എടുത്തതെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് ഓഫ് ഗ്ലോബൽ സെക്യൂരിറ്റി ക്രിസ് റാക്കോ കമ്പനിയിൽ അയച്ച മെമ്മോയിൽ പറയുന്നു. "അവർ നമ്മുടെ ഓഫിസുകൾ കൈയ്യേറി, കമ്പനിയുടെ വസ്തുവകകൾ മലിനമാക്കി, മറ്റു ജീവനക്കാരുടെ ജോലികൾ തടഞ്ഞു. അവരുടെ പെരുമാറ്റം അസ്വീകാര്യമായിരുന്നു. അങ്ങേയറ്റം അലങ്കോലം ആയിരുന്നു. മറ്റു ജീവനക്കാർക്ക് അത് ഭീഷണിയായി." 

ന്യൂ യോർക്കിൽ മൻഹാട്ടനിലെ ചെൽസിയിലുള്ള ഗൂഗിളിന്റെ ഓഫിസുകളിലും സിയാറ്റിലിലെ ഓഫിസിലും പ്രതിഷേധം അരങ്ങേറി. “No Tech for Genocide Day of Action” എന്നായിരുന്നു മുദ്രാവാക്യം. 

"നമ്മുടെ സ്ഥാപനത്തിൽ ഇത്തരം പെരുമാറ്റം അംഗീകരിക്കുന്നില്ല, അത് വച്ച് പൊറുപ്പിക്കാനുമാവില്ല," റാക്കോ കുറിച്ചു. "നമ്മുടെ ജീവനക്കാർ പാലിക്കേണ്ട നിരവധി നയങ്ങളുടെ ലംഘനമാണത്.

"കമ്പനി അത് വളരെ ഗൗരവമായി എടുക്കുന്നു. പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു."

ഗൂഗിളിനു ജീവനക്കാരേക്കാൾ പ്രധാനം വംശഹത്യ നടത്തുന്ന ഇസ്രയേലുമായുള്ള കരാറാണെന്നു പിരിച്ചു വിടപ്പെട്ട ജീവനക്കാരുടെ വക്താവ് ജെയ്ൻ ചുങ് പറഞ്ഞു. "സുന്ദർ പിച്ചായും തോമസ് കുര്യനും വംശഹത്യയുടെ ലാഭം പങ്കു വയ്ക്കുന്നവരാണ്." 

ന്യൂ യോർക്കിൽ 50 പേരും കാലിഫോർണിയയിൽ 80 പേരും സമരത്തിൽ പങ്കെടുത്തുവെന്നാണ് പോലിസിന്റെ കണക്ക്. മൊത്തം 9 ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ പിരിച്ചുവിട്ടുവോ എന്നു വ്യക്തമല്ല. 

Google fires 28 protesting staff 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക