Image

'ജയ് ഹോ' ഗാനത്തിന് ഈണമിട്ടത് റഹ്‌മാനല്ലെന്ന് രാം ഗോപാല്‍ വര്‍മ്മ

Published on 20 April, 2024
'ജയ് ഹോ' ഗാനത്തിന് ഈണമിട്ടത് റഹ്‌മാനല്ലെന്ന് രാം ഗോപാല്‍ വര്‍മ്മ

എ.ആര്‍ റഹ്‌മാന് ഓസ്‌കാര്‍ പുരസ്‌കാരമടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സ്‌ളം ഡോഡ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്‌മാനല്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗായകന്‍ സുഖ്വിന്ദര്‍ സിങ്ങാണ് ഗാനം ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍.

സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുഭാഷ് ഗായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ പാട്ടാണ് ജയ് ഹോ എന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. 2008ലാണ് യുവരാജ് പ്രദര്‍ശനത്തിനെത്തിയത്. ഗാനം ചിട്ടപ്പെടുത്താന്‍ സുഖ്വിന്ദര്‍ സിങ്ങിനെ റഹ്‌മാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

''യുവരാജ് എന്ന ചിത്രത്തിനു വേണ്ടിയാണ് ജയ് ഹോ എന്ന ഗാനം ആദ്യം സുഖ്വിന്ദര്‍ സിങ്ങ് ഒരുക്കിയത്.പാട്ടൊരുക്കുന്ന വേളയില്‍ റഹ്‌മാന്‍ ലണ്ടനിലായിരുന്നു. സുഭാഷ് ഗായ് ആകട്ടെ എത്രയും വേഗം പാട്ട്ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഗാനങ്ങള്‍ പെട്ടെന്ന് ചിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുഭാഷ് ഗായ് തിടുക്കം കൂട്ടി. ഒടുവില്‍ നിവൃത്തിയില്ലാതെ റഹ്‌മാന്‍ സുഖ്വിന്ദര്‍ സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു.

റഹ്‌മാനുമായി സുഖ്വിന്ദര്‍ സിങ്ങിന് ദീര്‍ഘനാളത്തെ അടുപ്പമുണ്ട്. കൂടാതെ റങമാന്റെ നിരവധി ഗാനങ്ങള്‍ സുഖ്വിന്ദര്‍ പാടിയിട്ടുമുണ്ട്. റഹ്‌മാന്‍ ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം ജയ് ഹോയ്ക്ക് ഈണമിട്ടത്. എന്നാല്‍ ഈ ഗാനം ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മ്മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തില്‍ നിന്നും ആ പാട്ട് ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടൊരിക്കല്‍ സുഖ്വിന്ദര്‍ സിങ്ങ് ചിട്ടപ്പെടുത്തിയ ഗാനമാണ് തന്റെ ചിത്രത്തിന് നല്‍കിയതെന്നറിഞ്ഞ സുഭാഷ് ഗായ് ദേഷ്യപ്പെടുകയായിരുന്നുവത്രേ. തന്റെ പക്കല്‍ നിന്നും കോടികള്‍ പ്രതിഫലം വാങ്ങിയ ശേഷം എന്തു ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു. എന്നാല്‍ സുഭാഷ് ഗായിക്ക് റഹ്‌മാന്‍ മികച്ച മറുപടിയാണ് നല്‍കിയത്. സര്‍ നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്. എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു പറഞ്ഞാല്‍ അത് എന്റെ പേരില്‍ തന്നെയാകും. താല്‍ എന്ന താങ്കളുടെ സിനിമയിലെ ഗാനങ്ങള്‍ എവിടെ നിന്നാണ് ഞാന്‍ എടുത്തതെന്ന് താങ്കള്‍ക്ക് പറയാനാകുമോ. എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും. ആ ഈണം എന്റെ പേരില്‍ വന്നാല്‍ അത് എന്റേതാകും എന്നായിരുന്നു റഹ്‌മാന്റെ മറുപടിയെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ജീവിതത്തില്‍ ഇത്ര മനോഹരമായ മറുപടി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. 
       

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക