Image

അസ്ഥികൂടം ഗൂഗിൾ എർത്ത് ഉപയോഗിച്ച് കണ്ടെത്തി

ദുര്‍ഗ മനോജ് Published on 21 April, 2024
അസ്ഥികൂടം   ഗൂഗിൾ എർത്ത് ഉപയോഗിച്ച് കണ്ടെത്തി

2024 ഏപ്രിലിൽ, റെഡിറ്റ്-ലെ ഒരു പോസ്റ്റാണ് വാർത്തയ്ക്കാധാരം. 
2019 ഓഗസ്റ്റിൽ, ഫ്ലോറിഡയിലെ വെല്ലിംഗ്ടണിലെ ഗ്രാൻഡ് ഐൽസിൻ്റെ സമീപത്തെ ഒരു മുൻ താമസക്കാരൻ, ഗൂഗിൾ എർത്തിൽ തൻ്റെ പഴയ താമസ സ്ഥലം പരിശോധിക്കുമ്പോൾ, അവിടെ ഒരു വീടിനോടു ചേർന്നുള്ള കുളത്തിൽ പൊന്തിക്കിടക്കുന്ന വെളുത്ത രൂപം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാളാദൃശ്യത്തിൻ്റെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് ഇപ്പോഴും അവിടെ താമസിക്കുന്ന തൻ്റെ മുൻ ഭാര്യക്ക് അയച്ചുകൊടുത്തു. അവർ അതു തൻ്റെ അയൽവാസിയായ ബാരി ഫേയുടെ വീടും അതിനു പിന്നിലുള്ള കുളവുമാണെന്നു തിരിച്ചറിഞ്ഞു. എന്നിട്ട് ആ കുളത്തിൽ  എന്തെങ്കിലും പ്രത്യേകിച്ചു കാണാൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് അവൾ ചിത്രങ്ങൾ അയാൾക്ക് കൈമാറി.

സ്‌ക്രീൻ ഷോട്ടുകളിൽ ഒരു കാർ പോലെ തോന്നിക്കുന്ന ഒരു രൂപം അയാൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നെങ്കിലും അത് ഉറപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. തുടർന്ന്, കുളത്തിനു മുകളിലെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ ഡ്രോൺ ഉടമയായ മറ്റൊരു അയൽക്കാരനെ അദ്ദേഹം ഏർപ്പാടു ചെയ്തു. ആ ചിത്രങ്ങളിൽ കുളത്തിൻ്റെ ഉപരിതലത്തിൽ ഒരു കാർ പൊന്തിക്കിടക്കുന്നതു വ്യക്തമായി കാണിച്ചു.

അതോടെ അയൽവാസികൾ അധികൃതരെ വിവരം ധരിപ്പിക്കുകയും രാത്രിയോടെ കാർ കുളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. അപ്പോഴാണവർ അതു കണ്ടെത്തിയത്, കാറിനുള്ളിൽ ഒരു മനുഷ്യൻ്റെ അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ! തുടർന്നു നടത്തിയ അന്വേഷണത്തിൽ അത് 1997-ൽ രാത്രിയിൽ കാണാതായ വില്യം മോൾട്ടിൻ്റെ അസ്ഥികൂടമാണെന്നു സ്ഥിരീകരിച്ചു.

വില്യം മോൾട്ട്, എന്ന നാല്പതുകാരൻ ഒരു മോർട്ട്ഗേജ്, ബ്രോക്കറും ഫ്ലോറിഡയിലെ ലാൻ്റാന ​​നിവാസിയും ആയിരുന്നു. കാണാതാകുന്ന അന്ന്, താൻ ഉടൻ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞ് രാത്രി 9:30 ഓടെ കാമുകിയെ വിളിച്ചിരുന്നു. അന്ന് രാത്രി 11 മണിയോടെ നിശാക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സാക്ഷികൾ വില്യം മോർട്ടിനെ അവസാനമായി കണ്ടത്. എന്തു സംഭവിച്ചു മോൾട്ടിന് എന്ന ചോദ്യത്തിൻ്റെ ഉത്തരമാണിപ്പോൾ കിട്ടിയിരിക്കുന്നത്. അയൽവാസിയുടെ വെറും കൗതുകം ഒരു മാൻ മിസ്സിംഗ് കേസിന് തുമ്പുണ്ടാക്കിയിരിക്കുന്നു. ഇനി കണ്ടെത്തേണ്ടത് എന്തുകൊണ്ട് എങ്ങനെ, തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരമാണ്. അതും വൈകാതെ കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക