Image

പിച്ചവച്ച് നടക്കുവാന്‍ ഒരു കൈത്താങ്ങ് - ലൈഫ് ആന്‍ഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

മാത്യുക്കുട്ടി ഈശോ Published on 22 April, 2024
 പിച്ചവച്ച് നടക്കുവാന്‍ ഒരു കൈത്താങ്ങ് - ലൈഫ് ആന്‍ഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

ന്യൂയോര്‍ക്ക്:  ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തില്‍ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത്  അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കില്‍ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം ചില സംഭവങ്ങള്‍ നമ്മുടെ ജീവിതത്തെ ദുഃഖത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നതാകാം. അത് അപ്രതീക്ഷിതമായ ഒരു അപകടത്തിലൂടെയോ, ശരീരത്തെ കാര്‍ന്നു തിന്നുന്ന ഒരു രോഗത്തിലൂടെയോ, അല്ലെങ്കില്‍ ജന്മനാല്‍ സംഭവിക്കുന്നതോ ആകാം. അങ്ങനെ വിധിയുടെ ക്രൂരതയാല്‍ ശരീരത്തിന് അംഗവൈകല്യം സംഭവിച്ച ധാരാളം പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അതില്‍ കാലുകള്‍ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവര്‍ക്ക്  പിച്ചവച്ച് നടക്കുവാന്‍ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകള്‍ നല്‍കുന്നതിനായി നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 'ലൈഫ് ആന്‍ഡ് ലിംബ്'.

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലെ വെട്ടിയാര്‍ എന്ന കൊച്ചു ഗ്രാമത്തില്‍  ജോണ്‍സണ്‍  ശാമുവേല്‍ (റെജി) എന്ന മനുഷ്യ സ്‌നേഹിയുടെ മനസ്സില്‍ ഉദിച്ച ആശയത്തിലൂടെ 2013-ല്‍ സ്ഥാപിതമായതാണ് 'ലൈഫ് ആന്‍ഡ് ലിംബ്' എന്ന സ്ഥാപനം. പ്രസ്തുത സ്ഥാപനത്തിലൂടെ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറിലധികം അംഗവൈകല്യര്‍ക്കാണ് കൃത്രിമ കാലുകള്‍ ലഭിച്ച് ചലനശേഷി തിരികെ കിട്ടുവാന്‍ ഭാഗ്യം ലഭിച്ചത്. കേരളത്തിനുള്ളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി കാലുകള്‍ നഷ്ടപ്പെട്ട  നാനൂറിലധികം ആളുകള്‍ 'ലൈഫ് ആന്‍ഡ്  ലിംബില്‍' കൃത്രിമ കാലുകള്‍ ലഭിക്കുന്നതിന് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഇത്രയും പേര്‍ക്ക് ഉടന്‍ കൃത്രിമക്കാലുകള്‍ നല്‍കുക എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രായോഗികമാണ്. എന്നാല്‍ ഒരു വര്‍ഷം പത്തു പേര്‍ക്ക് വീതം കൃത്രിമ കാലുകള്‍ നല്‍കണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'ലൈഫ് ആന്‍ഡ് ലിംബ്' ക്രമാതീതമായി ലഭിച്ച നാനൂറിലധികം അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹതപ്പെട്ട നൂറു പേര്‍ക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകള്‍ 2024 ഡിസംബര്‍ 14-ന് നല്‍കണമെന്ന പ്രതീക്ഷയോടെ കഠിന പ്രയത്‌നത്തിലാണ്  ഇപ്പോള്‍. 

ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ പതിനേഴാമത്തെ വയസ്സില്‍ വെട്ടിയാര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോണ്‍സണ്‍. പ്രാരംഭ കാലങ്ങളില്‍ ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡില്‍ മൂത്ത സഹോദരന്‍ കുഞ്ഞുമോന്‍ ശാമുവേലിനോടൊപ്പം താമസിച്ച്  മിനിയോള ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ക്വീന്‍സ്  കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ 44 വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ താമസമാക്കി എങ്കിലും ജന്മനാടിനോടുള്ള സ്‌നേഹവും നാട്ടിലുള്ള മറ്റു സ്വന്തക്കാരുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുള്ള താല്‍പ്പര്യവും ജോണ്‍സണിനെയും കുടുംബത്തെയും ഇടയ്ക്കിടെ കേരളം സന്ദര്‍ശിക്കുവാനായി  അമേരിക്കയില്‍ നിന്നും എത്തുവാന്‍ പ്രേരിപ്പിച്ചുരുന്നു. 2011-ല്‍ കടുംബസമേതം കേരളാ സന്ദര്‍ശനത്തിനെത്തിയ ജോണ്‍സണ്‍ നാട്ടിലൂടെയുള്ള  യാത്രക്കിടെ ഒരു കാല്‍ നഷ്ട്ടപ്പെട്ട് ചലന ശേഷിയില്ലാത്ത ഹതഭാഗ്യനായ ഒരു മനുഷ്യനെ കാണുവാനിടയായി. അപ്രതീക്ഷിതമായി നേരിട്ട ഒരു അപകടത്തിലൂടെ അയാളുടെ കാലുകള്‍ നഷ്ടപ്പെട്ട കദനകഥയും അതെ തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും കേട്ടപ്പോള്‍ മുതല്‍ ജോണ്‍സണ്‍  തന്റെ മനസ്സില്‍ വളരെ ദുഃഖഭാരമേറിയാണ് അത്തവണ നാട്ടില്‍ നിന്നും തിരികെ അമേരിക്കയിലേക്ക് വിമാനം കയറിയത്. അന്ന് മുതല്‍ ഇത്തരം കാലുകള്‍ നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി. പിന്നീട് ഇതേപ്പറ്റി ദീര്‍ഘമായി റീസേര്‍ച്ച് നടത്തിയപ്പോള്‍ ജര്‍മ്മന്‍ കമ്പനിയായ ഓട്ടോബൂക് അംഗവൈകല്യം സംഭവിച്ചവര്‍ക്കായി കൃത്രിമ അവയവങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നു എന്ന്  മനസ്സിലാക്കി.

സ്വന്തം സമ്പാദ്യത്തില്‍ നിന്നും പണം സ്വരൂപിച്ചാണ് 17 പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ നല്‍കി 2014-ല്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ജോണ്‍സണ്‍ തിരികൊളുത്തിയതും 'ലൈഫ് ആന്‍ഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നല്‍കിയതും, എല്ലാ വര്‍ഷവും പത്തു പേര്‍ക്കെങ്കിലും കൃത്രിമ കാലുകള്‍ നല്‍കണമെന്ന ആഗ്രഹം  സഫലീകരിക്കുവാന്‍ ശ്രമം തുടങ്ങിയതും.  സ്വന്തം സമ്പാദ്യത്തില്‍ നിന്നും സഹധര്‍മ്മിണി ഷേര്‍ളിയുടെ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചതുമായ  തുകയിലൂടെ അടുത്ത വര്‍ഷം പത്തു പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ നല്‍കുവാന്‍ സാധിച്ചു എന്നത് ആല്മസംതൃപ്തി നല്‍കി. തന്റെ ഇത്തരം കാരുണ്യ പ്രവര്‍ത്തനത്തെ നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ച സ്വന്തം സഹോദരങ്ങളും ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളില്‍ ചിലരും 'ലൈഫ് ആന്‍ഡ് ലിംബ്' -മായി  കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍  തുടങ്ങി. അതോടെ അവരുടെ കൈത്താങ്ങലുകള്‍ കൂടുതല്‍ പേര്‍ക്ക് കൃത്രിമക്കാലുകള്‍ നല്‍കുവാന്‍ പ്രചോദനമായി. സ്വജന്യ കൃത്രിമക്കാലുകള്‍ നല്‍കുന്നത് കേട്ടറിഞ്ഞ  ധാരാളം പേര്‍ അപേക്ഷയുമായി ഈ സ്ഥാപനത്തെ സമീപിച്ചു. പ്രസ്തുത അപേക്ഷകരുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സ്വന്തമായി സാമ്പത്തികം കണ്ടെത്താന്‍ ഈ സ്ഥാപനത്തിന് സാധിക്കാതെ വന്നപ്പോള്‍ സഹായിക്കുവാന്‍ താല്പര്യമുള്ള പൊതുജനങ്ങളില്‍ നിന്നും 'ലൈഫ് ആന്‍ഡ് ലിംബ്' 2018 മുതല്‍ സാമ്പത്തിക സഹായം സ്വീകരിക്കുവാന്‍ തുടങ്ങി. ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് രൂപാ ചിലവുള്ളതിനാല്‍ അമേരിക്കയിലുള്ള സഹായ മനസ്‌കരായ കുറെ  സുഹൃത്തുക്കള്‍ ഒന്നും രണ്ടും മൂന്നും കൃത്രിമ കാലുകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ തയ്യാറായി മുമ്പോട്ട് വന്നു.

 
'ലൈഫ് ആന്‍ഡ് ലിംബ്'-ന്റെ പ്രവര്‍ത്തനങ്ങളിലും കൃത്രിമ കാലുകള്‍ നല്‍കുന്ന ചടങ്ങുകളിലും ഏതാനും വര്‍ഷങ്ങളായി മുഖ്യ അതിഥികളായി പങ്കെടുക്കുന്ന  'കിഡ്‌നി അച്ചന്‍' എന്നറിയപ്പെടുന്ന ഫാദര്‍ ഡേവിസ് ചിറമേല്‍ അച്ചനും, ലോക പ്രശ്സത മന്ത്രികനും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള തിരുവന്തപുരത്തെ 'ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍'  സ്ഥാപകനുമായ  പ്രൊഫ. ഗോപിനാഥ് മുതുകാടും  നല്‍കിയ പ്രചോദനങ്ങളും സ്ലാഖനീയമാണ്. പിന്നീട് നൂറുകണക്കിന് അര്‍ഹതപ്പെട്ടവരുടെ  അപേക്ഷകള്‍  'ലൈഫ് ആന്‍ഡ് ലിംബ്' സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുവാന്‍ തുടങ്ങി. അതില്‍നിന്നും അര്‍ഹതപ്പെട്ട നൂറു പേര്‍ക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകള്‍ 2024 ഡിസംബര്‍ 14-ന് നല്‍കുവാനാണ് പദ്ധതിയിടുന്നത്. നൂറു പേരില്‍ പതിനഞ്ചോളം പേര്‍ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. ഇതിനായി ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളര്‍ ($2,000) വീതമാണ് ചെലവ്. 115 കാലുകള്‍ നല്‍കുന്നതിന് രണ്ടു ലക്ഷത്തി മുപ്പതിനായിരം ഡോളറാണ്  ($230,000) ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്ന കൃത്രിമക്കാലുകള്‍ക്ക് ദീര്‍ഘ നാളത്തെ ഉപയോഗം മൂലം  തേയ്മാനങ്ങളും കേടുപാടുകളും സംഭവിക്കുമ്പോള്‍ അവ റിപ്പയര്‍ ചെയ്തു നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യേണ്ടതായി വന്നു. കാലുകള്‍ നഷ്ടപ്പെട്ട് കൃത്രിമ കാലുകള്‍ വച്ച് നല്‍കുന്ന ചെറിയ കുട്ടികള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വ്യത്യസ്തമായ സൈസിലുള്ള കാലുകള്‍ നല്‍കേണ്ടതും അത്യാവശ്യമാണ്. ആയതിനാല്‍ മാവേലിക്കര വെട്ടിയാറ്റില്‍ ജോണ്‍സന്റെ സ്വന്തമായുള്ള സ്ഥലത്ത് 'ലൈഫ് ആന്‍ഡ് ലിംബ്' സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ ഒരു പ്രോസ്‌തെറ്റിക്‌സ് ക്ലിനിക്ക് 2023 നവംബര്‍ 14-ന് പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കൃതിമക്കാലുകളുടെ റിപ്പയറിങ്ങിനും അതിന്റെ പാര്‍ട്ടുകള്‍ക്കും നല്ല തുക ചിലവാകുമെങ്കിലും അതും ഈ സ്ഥാപനം സൗജന്യമായാണ് നല്‍കുന്നത്.

 
'ലൈഫ് ആന്‍ഡ് ലിംബ്'-ന്റെ  പ്രവത്തന രീതികളെപ്പറ്റിയും കൃതിമക്കാലുകള്‍ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും  അറിയണമെന്ന് താല്പര്യമുള്ളവര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരു ഡിന്നര്‍ നൈറ്റ് സംഘടിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നു.  'ലൈഫ് ആന്‍ഡ് ലിംബ്' സ്ഥാപകനായ ജോണ്‍സണ്‍ ശാമുവേലിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡില്‍ സമീപ പ്രദേശത്തെ 15 സാമൂഹിക-രാഷ്ട്രീയ-സംഘടനാ നേതാക്കളെ ചേര്‍ത്ത്  ഒരു സംഘടനാ സമിതി (Organizing  Committee)  കഴിഞ്ഞ ദിവസം രൂപീകരിച്ചു. 'ലൈഫ് ആന്‍ഡ് ലിംബ്' സ്ഥാപകന്‍ ജോണ്‍സണ്‍ ശാമുവേല്‍,  സെനറ്റര്‍ കെവിന്‍ തോമസിന്റെ അഡൈ്വസറി   കമ്മറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകരുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ,  മാധ്യമ പ്രവര്‍ത്തകനും ലോങ്ങ് ഐലന്‍സ് മാര്‍ത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസ്സോ കൗണ്ടി പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ തോമസ് എം. ജോര്‍ജ് (ജീമോന്‍), വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് മുന്‍ സെക്രട്ടറി ജെയിന്‍ ജോര്‍ജ്,  ഹെഡ്ജ് ബ്രോക്കറേജ്  ഉടമ സജി എബ്രഹാം, ഫൊക്കാന മുന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, വേള്‍ഡ് മലയാളീ കൗണ്‍സില്‍ കമ്മറ്റി അംഗം അജിത് കുമാര്‍, ബ്ലൂ ഓഷന്‍ സൊല്യൂഷന്‍സ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സാബു ലൂക്കോസ്, എക്കോ ചെയര്‍മാന്‍ ഡോ. തോമസ് മാത്യു,  മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. ബേബി സാം ശാമുവേല്‍, പ്രവാസി ചാനല്‍ സി.ഇ.ഓ. സുനില്‍ ട്രൈസ്റ്റാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ കോശി ഉമ്മന്‍ തോമസ്, ഫൊക്കാനാ ട്രെഷറര്‍ ബിജു കൊട്ടാരക്കര,  സാമൂഹിക പ്രവര്‍ത്തക ഡോ. ഷെറിന്‍ എബ്രഹാം എന്നിവരാണ്‌സംഘാടക സമിതി അംഗങ്ങള്‍.

സംഘടനാ ഭാരവാഹികളും സെനറ്റര്‍മാരും ഒത്തുചേര്‍ന്ന്  2024 ഓഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 6-ന്  ബെത്പേജിലുള്ള ദി സ്റ്റെര്‍ലിങ് ബാങ്ക്വറ്റ്‌സ് ഹാളില്‍ (The Sterling Banquets, 345 Hicksville Road, Bethpage, NY 11714)  വച്ച് ഒരു ഡിന്നര്‍ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. അമേരിക്കന്‍ സമൂഹത്തിലുള്ള കാലുകള്‍ നഷ്ട്ടപ്പെട്ടവരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ഏതാനും പേര്‍  തങ്ങളുടെ ജീവിത സാക്ഷ്യവും അനുഭവങ്ങളും പങ്ക് വയ്ക്കുവാന്‍ പ്രസ്തുത ഡിന്നര്‍ മീറ്റിങ്ങില്‍ എത്തിച്ചേരുന്നതാണ്. ജീവിതത്തില്‍ ഇതുപോലുള്ള ദുരിതങ്ങള്‍ അനുഭവിക്കാത്തവര്‍ക്ക് പലരുടെയും ജീവിത പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും തങ്ങള്‍ക്കു ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ മനസ്സിലാക്കുന്നതിനും ഇത്തരം കൂടിവരവ് സഹായകരമാകും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 4-ന്  നടത്തുന്ന ഡിന്നര്‍ മീറ്റിംഗ്  സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു.

 
(1) Ajith Abraham (Kochuz)  -  516-225-2814   (2)   Biju Chacko - 516-996-4611  (3)  Mathewkutty Easow - 516-455-8596  (4) Thomas M. George (Geemon) - 516-288-9027   (5) Jain George - 516-225-7284   (6) Saji Abraham (Hedge) - 516-606-3268    (7)   Paul Karukappillil - 845-553-5671 (8) Ajith Kumar - 516-430-8564  (9) Sabu Lukose - 516-902-4300  (10) Dr. Thomas P Mathew - 516-395 - 8523  (11)  Dr. Baby Sam Samuel - 347-882-8281   (12)  Sunil TriStar - 917-662-1122  (13) Koshy O Thomas - 347-867-1200  (14) Biju Kottarakkara - 516-445-1873  (15)  Dr. Sherin Abraham - 516-312-5849   (16)  Johnson Samuel (Reji) - 646-996-1692.               

Website:  www.lifeandlimbs.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക