Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നൈനാന്‍ മത്തായി Published on 23 April, 2024
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് ഡേ 2024 ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ മാസം എട്ടാം തീയതി ഫിലാഡല്‍ഫിയയിലെ സെയിന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്  ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ നടക്കും.

മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികളുടെയും അതിനോട് അനുബന്ധിച്ചു പ്രൊവിന്‍സ് വിഭാവനം ചെയ്തിരിക്കുന്ന എല്ലാ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുവാന്‍ ഈ മാസം ഇരുപതാം തീയതി ശനിയാഴ്ച പ്രൊവിന്‍സിന്റെ ചെയര്‍മാന്‍ ശ്രീമതി മറിയാമ്മ ജോര്‍ജിന്റെ സാന്‍ഫോര്‍ഡ് സ്ട്രീറ്റിലുള്ള വസതിയില്‍ വച്ച് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി.  പരിപാടികളുടെ പൂര്‍ണവിജയത്തിനായി നിയോഗിക്കപ്പെട്ട സബ്കമ്മിറ്റികള്‍ അവരവരുടെ റിപ്പോര്ട്ടുകള്‍ യോഗത്തില്‍ സമര്‍പ്പിക്കുകയും ഏകാഭിപ്രായത്തോടെ യോഗം അത് അംഗീകരിക്കുകയും ചെയ്തു.

ജൂണ്‍ എട്ടാം തീയതി വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ അഞ്ച് മണിവരെ ഫിലാഡല്‍ഫിയയിലെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും അഞ്ച് മണിമുതല്‍ എട്ടു മണിവരെ വിവിധ ആര്‍ട്ടിസ്റ്റുകളുടെ കലാസാംസ്‌കാരിക വിരുന്നിനും വേദി സാക്ഷിയാകും. പ്രൊവിന്‍സിന്റെ കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീമതി ഷൈലാ രാജന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ നര്‍ത്തകരുടെ ഡാന്‍സ് ഫെസ്റ്റും ഗായകരുടെ സംഗീത സന്ധ്യയും മറ്റു കലാപരിപാടികളും കോര്‍ത്തിണക്കി കലാസാംസ്‌കാരിക വിരുന്നിനു വര്‍ണ്ണശബളമേകും. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നും പങ്കെടുക്കുന്ന എല്ലാവര്‍ക്കായും ഒരുക്കിയിട്ടുണ്ട്.

പ്രൊവിന്‍സിന്റെ അംഗങ്ങളുടെ ഏകാഭിപ്രായവും ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളും സംഘടനയുടെ വളര്‍ച്ചയെ അനുദിനം സഹായിക്കുന്നുവെന്നും മുന്‌പോട്ടും നിശ്ചയദാര്‍ട്യത്തോടും ശുഭാപ്തിവിശ്വാസത്തോടും ഏറ്റെടുത്തിരിക്കുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് നൈനാന്‍ മത്തായിയും ചെയര്‍മാന്‍ മറിയാമ്മ ജോര്‍ജും യോഗത്തില്‍ എടുത്തു പറഞ്ഞു. മദേഴ്‌സ് ആന്‍ഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികളുടെ ഭാഗമായി സമാഹരിക്കുന്ന തുകയും, ഫിലാഡല്‍ഫിയയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദാരമതികളുടെയും, പ്രൊവിന്‍സിന്റെ മഹാമനസ്‌കരായ അംഗങ്ങളുടയും സംഭാവനകള്‍ കോര്‍ത്തിണക്കി കേരളത്തിലെ നിര്‍ധനരായ യുവതീ യുവാക്കളുടെ വിവാഹം നടത്തികൊടുക്കുവാനുള്ള വലിയ ഒരു കാരുണ്യപ്രവര്‍ത്തനമാണ് പ്രൊവിന്‍സ് 2024-2025 ലേക്ക് ഏറ്റെടുത്തിരിക്കുന്നത്. അവലോകന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രെഷറര്‍ തോമസ്‌കുട്ടി വര്ഗീസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ സംബന്ധിച്ച എല്ലാവര്ക്കും മറിയാമ്മ ജോര്‍ജും കുടുംബവും രുചികരമായ ഭക്ഷണം ഏര്‍പെടുത്തിയതിലുള്ള പ്രത്യേക നന്ദി അറിയിച്ചു. അസിസ്റ്റന്റ്  ട്രെഷറര്‍ ലീലാമ്മ വര്‍ഗീസിന്റെ സമാപന പ്രാര്‍ത്ഥനയോടും അത്താഴവിരുന്നോടും കൂടി യോഗം ഏഴുമണിക്ക് പര്യവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക