Image

കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം ചരിത്രം കുറിച്ചു 

മനോജ് മാത്യു Published on 23 April, 2024
കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം ചരിത്രം കുറിച്ചു 

വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ   സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനു  കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു)   യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അധികം വിധികർത്താക്കളും നൂറിൽ പരം  സഹായികളുമായി  മുന്ന് ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു  സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസി യിൽ അരങ്ങേറിയത്.

ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നും പരിസര സ്റ്റേറ്റുകളിൽ നിന്നുപോലും കുട്ടികൾ മത്സരിക്കാൻ എത്തി. മുപ്പതു ഇനങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. വിജയികളിൽ ആയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

2007- 08-ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെടുന്നു  എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു   സ്കൂൾ കലോത്സവത്തെ പോലെ ആയത്    വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് . 

ഓരോ കുട്ടിയിലെയും പ്രതിഭ  കണ്ടെത്തി അവ  വികസിപ്പിക്കാൻ  അവസരം ഒരുക്കുക എന്നതാണ് കെഎജിഡബ്ല്യുവിന്റെ ലക്‌ഷ്യം.   നമ്മുടെ ചില കുട്ടികൾ വളരെ അധികം കഴിവുകൾ ഉള്ളവരാണ്.    അവരിൽ  ഒളിഞ്ഞിരിക്കുന്ന സർഗാത്മകത   കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നത് കൂടിയാണ് ഈ ടാലെന്റ്റ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ പങ്കെടുത്ത മിക്ക കുട്ടികളും ഒന്നിന് ഒന്ന് മെച്ചമായി അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. 

നമ്മുടെ ഓരോ കുട്ടികളിലും പലതരത്തിലുള്ള കഴിവുകളുണ്ട്.  അത് ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണെങ്കിൽ അവരെ നല്ല കലാകാരന്മാരും കലാകാരികളും ആക്കി മാറ്റുവാൻ നമുക്ക് കഴിയും. അവർക്ക്  വിപുലമായ വേദി ഒരുക്കുവാൻ   കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും   വിജയികളെയും  പങ്കെടുത്തവരെയും  അഭിനന്ദിക്കുന്നതായും  പ്രസിഡന്റ് സുഷ്‌മ  പ്രവീൺ അറിയിച്ചു.

സെക്രട്ടറി ആശാ ഹരിദാസിന്റെ നേതൃത്വത്തിൽ വോളൻ്റിയർമാരുടെ ഒരു വലിയ സംഘം ഈ വർഷത്തെ മത്സരം വൻ വിജയമാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചു . ഈ വർഷത്തെ ടാലെന്റ്റ് കമ്മിറ്റി അംഗങ്ങളായ   രാജീവ് ജോസഫ് , അനിത കോരാനാഥ് , അരുൺ മോഹൻ , സ്നേഹ അരവിന്ദ് , സ്വപ്ന മനക്കൽ , ശാലിനി നമ്പ്യാർ , ജോസി ജോസ് , അബ്ജ അരുൺ , ആഷ്‌ലിൻ ജോസ്, അപർണ പണിക്കർ , ജീജ രഞ്ജിത്ത്  എന്നിവരുടെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു .  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് സുഷ്‌മ  പ്രവീൺ അറിയിച്ചു.

പ്രമുഖ കമ്മ്യൂണിറ്റി ലീഡേഴ്‌സ് പങ്കെടുത്ത  പരിപാടിയിൽ  ഫൊക്കാന , ഫോമാ , വേൾഡ് മലയാളീ കൗൺസിൽ , KCSMW , കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളിൽ നിന്നും നിറ സാനിദ്യവും ഉണ്ടായിരുന്നു .

ജ്യോത്സ്ന , ഫ്രാങ്കോ , നന്ദു കൃഷ്ണമൂർത്തി , അഭിരാമി , റോഷൻ (ഐഡിയ സ്റ്റാർ സിങ്ങർ) ലക്ഷ്മി ഗോപാല സ്വാമി  തുടങ്ങി   വളരെ അധികം വിശിഷ്‌ട വ്യക്തികൾ ആശംസകൾ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക