Image

ഗവർണർ ഡിസാന്റിസ് കെണിയിലാക്കിയ  അഭയാർഥികൾക്കു 'യു' വിസ കിട്ടി

Published on 24 April, 2024
ഗവർണർ ഡിസാന്റിസ്  കെണിയിലാക്കിയ   അഭയാർഥികൾക്കു  'യു' വിസ കിട്ടി

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 18 മാസം മുൻപ് മാർത്താസ് വിൻയാർഡിലേക്കു 'നാടു കടത്തിയ' അഭയാർഥികൾക്കു ഇനി യുഎസിൽ ജോലി ചെയ്തു ജീവിക്കാം. അവർ കുറ്റകൃത്യത്തിന്റെ ഇരകളാണെന്നു സ്ഥാപിക്കുന്ന യു-വിസ കിട്ടിയെന്നു അഭിഭാഷക റേച്ചൽ സെൽഫ് പറയുന്നു. 

ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്നു ചാർട്ടർ ചെയ്ത ഫ്ലൈറ്റുകളിൽ അവരെ കയറ്റി വിട്ടത് സത്യം പറയാതെ ആയിരുന്നുവെന്നു വിസയ്ക്ക് നൽകിയ അപേക്ഷയിൽ ഈ അഭയാർഥികൾ ചൂണ്ടിക്കാട്ടി. ജോലിയും പാർപ്പിടവും കിട്ടും എന്നാണ് അവരോടു പറഞ്ഞിരുന്നത്. പക്ഷെ ചെന്നിറങ്ങിയത് സമ്പന്നരുടെ കേന്ദ്രമായ മാർത്താസിൽ. 

ഡിസാന്റിസ് 2022 സെപ്റ്റംബറിൽ സംഘടിപ്പിച്ച ഫ്ലൈറ്റിൽ 49 അഭയാർഥികൾ ഉണ്ടായിരുന്നു. അപേക്ഷയിൽ അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു ഈയാഴ്ച അന്വേഷണത്തിൽ തെളിഞ്ഞതായി സേഫ് പറഞ്ഞു.  

യു-വിസ കിട്ടിയാൽ അവർക്കു ജോലി ചെയ്യാം. നാടു കടത്താൻ സാധ്യവുമല്ല. ഫലത്തിൽ നിയമത്തിന്റെ പിന്തുണ ലഭ്യമാവും. 

ഫ്ലോറിഡ വഴി പറന്ന ഫ്ലൈറ്റ് സംഘടിപ്പിച്ചതു താനാണെന്നു ഡിസാന്റിസ് അവകാശപ്പെട്ടതിനു പിന്നാലെ ടെക്സസ് ബക്സാർ കൗണ്ടിയിലെ ഷെരിഫ് ഹവിയർ സലാസർ അതേപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. നികുതി കൊടുക്കുന്നവരുടെ പണമായിരുന്നു ഫ്ലൈറ്റിനു ചെലവഴിച്ചത്. 

തന്റെ കൗണ്ടിയിൽ നിന്നു അഭയാർഥികളെ നുണ പറഞ്ഞു വിമാനത്തിൽ കടത്തിയതിൽ ഡെമോക്രാറ്റായ അദ്ദേഹം രോഷം കൊണ്ടു. അവർ കുറ്റകൃത്യത്തിന്റെ ഇരകളാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂഷണം ചെയ്യപ്പെട്ട അവരെ നുണ പറഞ്ഞാണ് വിമാനത്തിൽ കയറ്റിയത്. ഡിസാന്റിസ് അതൊരു രാഷ്ട്രീയ നാടകമാക്കുകയായിരുന്നു എന്നദ്ദേഹം വാദിച്ചു.

എന്നാൽ അവർ സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്ന് ഗവർണർ മറുപടി പറഞ്ഞു. "അവർക്കു ബക്സാർ കൗണ്ടി വിട്ടു പോകാൻ ഏറെ സന്തോഷമായിരുന്നു. കാരണം അവർ ആരും തിരിഞ്ഞു നോക്കാതെ വീടും തൊഴിലും ഇല്ലാതെ കഴിയുകയായിരുന്നു." 

തന്റെ അന്വേഷണത്തിൽ സഹകരിക്കുന്ന അഭയാർഥികൾക്കു യു-വിസ സലാസർ  സ്ഥിരീകരിച്ചതോടെ അത് ലഭ്യമായി. കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കുന്ന അഭയാർഥികൾക്കു യു-വിസ നൽകാമെന്നു കുടിയേറ്റ വകുപ്പിന്റെ ചട്ടങ്ങളിലുണ്ട്. 

ഒരു വർഷം 10,000 യു-വിസയാണ് യുഎസ് കോൺഗ്രസ് അനുവദിക്കുക. 

ബക്സാർ കൗണ്ടി ഡി എ അന്വേഷണ റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തതിനെ അഭിഭാഷക സേഫ് വിമർശിച്ചു. അന്വേഷണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഫ്ലൈറ്റിൽ അഭയാർഥികളെ കടത്തിയവർക്കെതിരെ നിയമ നടപടിക്കു വകുപ്പുകളുണ്ട്. 

ഫ്ലൈറ്റ് നടത്തിയ വെർട്ടോൾ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെ അഭയാർഥികൾക്കു പരാതി നൽകാമെന്നു ബോസ്റ്റണിലെ ഒരു കോടതി ഈ മാസമാദ്യം വിധിച്ചിരുന്നു. വ്യാജ ന്യായങ്ങൾ പറഞ്ഞു ദുർബലരായ മനുഷ്യരെ കടത്തിക്കൊണ്ടു പോയത് നിയമപരമായി ന്യായീകരിക്കാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 

അഭയാർഥികൾ ലാറ്റിൻ അമേരിക്കയിൽ നിന്നു വന്നു എന്നതു കൊണ്ടാണ് അവരെ കടത്തിയതെന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു. 

Cheated migrants get U-visa eligibility  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക