Image

എസ്. ജാനകി-ഗൃഹാതുരമായ ഒരതിശയം (എസ്. ശാരദക്കുട്ടി)

Published on 25 April, 2024
എസ്. ജാനകി-ഗൃഹാതുരമായ ഒരതിശയം (എസ്. ശാരദക്കുട്ടി)

എസ്.ജാനകി എനിക്ക് എന്നും വസന്തം പൊഴിക്കുന്ന ഒരു കല്പവൃക്ഷമാണ്. കാതിനരികിലൂടെ മൂളിപ്പാഞ്ഞു നടക്കുന്ന എന്‍റെ ഭൂതകാലമാണ്. തെളിവായി ഒരനുഭവമുണ്ട് എനിക്ക് വിവരിക്കാൻ .
മോഹന്‍ദാസെന്ന ബുദ്ധിയുള്ള ചെറുപ്പക്കാരനാണ് പുതിയ ഒരു സിനിമാവബോധം എനിക്ക് ഉണ്ടാക്കിത്തന്നത്. ഡിഗ്രി പഠന കാലത്തെ എന്‍റെ കൂട്ടുകാരി അനിതയുടെ സഹോദരന്‍. ചേട്ടന്‍റെ സിനിമാഭ്രാന്തിനെ കുറിച്ച് അവള്‍ വാചാലയാകുമായിരുന്നു. അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ജോണ് എബ്രഹാമും പവിത്രനും ഒക്കെയാണ് മലയാളത്തിലെ മികച്ച സംവിധായകരെന്നും അവരുടെ സിനിമകള്‍ മാത്രമാണ് യഥാര്‍ഥസിനിമകള്‍ എന്നുമുള്ള ചേട്ടന്‍റെ വിശ്വാസങ്ങളെ കുറിച്ച് പറഞ്ഞു പറഞ്ഞാണ് ഞാനും അക്കാലത്തെ നവസിനിമകളിലേക്ക് പതിയെ അടുക്കുന്നത്.
 മോഹന്‍ദാസിനോട് ഉള്ളില്‍ തോന്നിയ അടുപ്പം ബഹുമാനവും ആരാധനയായി വളര്‍ന്നു. ചേട്ടനെ കുറിച്ച് അനിത സംസാരിക്കുമ്പോള്‍  അയാളുമായി കുറേ നേരം സംസാരിച്ചിരിക്കണം എന്ന് ഞാൻ  ഉള്ളില്‍ ആഗ്രഹിച്ചു തുടങ്ങി. അന്നത്തെ സാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ ആ ചെറിയ ഒരാഗ്രഹം പോലും അത്യാഗ്രഹമായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. എന്നിട്ടും ഒരുച്ചക്ക് ഞാന്‍ മോഹന്‍ദാസിനെ നേരില്‍ കണ്ടു.
 അനിതയുടെ പിറന്നാളിന് അവളെ കാണാന്‍ മോഹന്‍ദാസ്‌ കോളേജ്ഹോസ്റ്റലില്‍ എത്തി. ഞാന്‍ ക്ലാസ്സ്‌ കട്ട് ചെയ്ത് ഒരു നോട്ട്ബുക്ക്‌ വാങ്ങാന്‍ എന്ന മട്ടില്‍ ഹോസ്റ്റലില്‍ ചെല്ലുന്നു. ഹോസ്റ്റലിലെ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന കസേരയില്‍ ഇരിക്കുന്ന കണ്ണട വെച്ച ചെറുപ്പക്കാരന്‍ മോഹന്‍ദാസ്‌ ആണെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവും ഉണ്ടായില്ല.   അറിയാത്ത മട്ടില്‍ ഞാന്‍ ഓടിക്കയറി അനിതയുടെ മുറിയിലേക്ക് പോയി. അനിത പറഞ്ഞു ചേട്ടന്‍ വന്നു താഴെ ഇരിപ്പുണ്ട്.  ഞങ്ങള്‍ ഒരുമിച്ചു താഴേക്കിറങ്ങി . അനിത എന്നെ പരിചയപ്പെടുത്തി. ഞാന്‍ മിണ്ടാതെ ചിരിച്ചു.
ചേട്ടന്‍ കൈയ്യിലിരുന്ന പൊതി അനിതയുടെ കയ്യില്‍ കൊടുത്തു. അന്നുച്ചക്ക് കോട്ടയം അനുപമയില്‍  സിനിമക്ക് പോകുന്നുണ്ട് . വാര്‍ഡന്‍റെ അനുവാദം വാങ്ങി വന്നാല്‍ കൊണ്ടുപോകാം എന്ന് മോഹന്‍ദാസ്‌ പറഞ്ഞു.  കൂട്ടുകാരിക്കും വരാം എന്ന് വളരെ സ്വാതന്ത്ര്യത്തോടെയും മാന്യമായ ഒരു ഗൌരവത്തോടെയും ചേട്ടൻ പറഞ്ഞു. പക്ഷേ അതിനൊന്നും ഉള്ള ധൈര്യം എനിക്കില്ലായിരുന്നു. അവള്‍ ആ പൊതി അഴിച്ച്‌ എന്നെ കാണിച്ചു. കുറേ കാസറ്റുകള്‍ ഒരുമിച്ചടങ്ങിയ ഒരു പാഴ്സല്‍ ആയിരുന്നു അത്. പാഴ്സല്‍ എന്‍റെ കയ്യില്‍ തന്നിട്ട് അവള്‍ ചേട്ടനുമൊത്ത് പുറത്തേക്ക് പോയി.
ഞാന്‍ കാസറ്റുകള്‍ ഓരോന്നായി നോക്കി. എല്ലാം എസ്.ജാനകിയുടെ പാട്ടുകള്‍. അനിതയുടെ പാട്ടുഭ്രമവും ജാനകിയുടെ പാട്ടുകളോടുള്ള ആരാധനയും എനിക്കും അറിയാമായിരുന്നു. അനിതയെക്കൊണ്ടാണ് ഞങ്ങള്‍ ക്ലാസ്സിലെ ഉച്ച നേരങ്ങളില്‍ മലയാളം പാട്ടുകള്‍ പാടിച്ചിരുന്നത്..
 ആ കാസറ്റില്‍ കണ്ട പാട്ടുകള്‍ ഓരോന്നായി ഞാന്‍ വായിച്ചു നോക്കി. താമരക്കുമ്പിളല്ലോ മമ ഹൃദയം, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, നിദ്ര തന്‍ നീരാഴി, ലോകം മുഴുവന്‍ സുഖം പകരാനായ്‌, ഇരു കണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ.. എല്ലാം ഞാന്‍ പ്രത്യേകം പറഞ്ഞ് എനിക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്തത് പോലെ.
ക്ലാസിനു ശേഷം വൈകിട്ട് അനിത വരുന്നത് വരെ ഞാന്‍ ഹോസ്റ്റലില്‍ കാത്തു നിന്നു. ചേട്ടന്‍ കോളേജിനു വാതില്‍ക്കല്‍ അവളെ ഇറക്കി വിട്ടിട്ട് മടങ്ങിപ്പോയിരുന്നു. ഞാന്‍ കാസറ്റ് അടങ്ങിയ പൊതി അവളെ ഏല്‍പ്പിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു “ഇത് ചേട്ടന്‍ ശാരിക്ക് വേണ്ടി കൊണ്ടുവന്നതാണ് ഞാന്‍ പറഞ്ഞ് ചേട്ടനറിയാം നിന്‍റെ പാട്ടുഭ്രാന്ത്. ചേട്ടന് പാടാന്‍ അറിയില്ലെങ്കിലും ഉള്ളില്‍ നിറയെ പാട്ടാണ്”. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒറ്റ നോട്ടത്തില്‍ വിടര്‍ന്നു പോയ ഒരു പൂവ് പോലെയായി ഞാന്‍. അന്ന് ഞാന്‍ ആദ്യമായി യുവതിയായി.
“ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍..
എങ്ങനെ ഞാന്‍ പാടണം നിന്‍
സങ്കല്പം പീലി വിടര്‍ത്താന്‍...”
ഈ വരികളുടെ അര്‍ഥം അന്നാണ് എനിക്ക് ശരിയായി മനസ്സിലായത്‌. യൗവ്വനത്തിന്റെ എല്ലാ ഭ്രമങ്ങളും അന്ന് ഞാന്‍ അറിഞ്ഞു. പാട്ടുകളായ പാട്ടുകളെല്ലാം എനിക്ക് വേണ്ടിയാണ് എഴുതപ്പെട്ടതെന്ന് തുളുമ്പിപ്പോയി.
“വെള്ളാരം കല്ല്‌ പെറുക്കി ഞാനന്നൊരു
വെണ്ണക്കല്‍ കൊട്ടാരം കെട്ടി
ഏഴു നിലയുള്ള കൊട്ടാരക്കെട്ടില്‍
വേഴാമ്പല്‍ പോലെയിരുന്നു
രാജകുമാരനെ കാണാന്‍.”
എന്‍റെ വീട്ടില്‍ അന്ന് ടേപ്പ്റെക്കോഡര്‍ ഉണ്ടായിരുന്നില്ല. സങ്കടമായി. ഈ പാട്ടുകള്‍ എനിക്ക് വേണ്ടി ഒരാള്‍ കരുതിയവയാണ്. എന്നെ എനിക്ക് അടക്കാനായില്ല.  ഇത് കേള്‍ക്കാതെ ഉറങ്ങാനും കഴിയില്ല.  എസ്. ജാനകിയുടെ ശബ്ദം അന്ന് മുതല്‍ എന്‍റെ മാത്രം ശബ്ദമായി. ജാനകി പാടിയതെല്ലാം എന്‍റെ മോഹങ്ങളായി.
 തൊട്ടടുത്ത വീട്ടിലെ ചാന്ദിനി ചേച്ചിക്ക് അന്ന് ടേപ്പ്റെക്കോഡര്‍ ഉണ്ട്. അവരുടെ യേശുദാസ്‌ ഭ്രമം ആ നാട്ടില്‍ പ്രസിദ്ധമാണ്. ഊണിലും ഉറക്കത്തിലും ചേച്ചി യേശുദാസിനെ കേട്ടുകൊണ്ടിരുന്നു. യേശുദാസിന് വേണ്ടി അവര്‍ വഴിപാടുകള്‍ കഴിക്കുമായിരുന്നു. ചേച്ചിയുടെ സാരികള്‍ സൂക്ഷിക്കുന്ന അലമാര തുറക്കുമ്പോള്‍ അതില്‍ യേശുദാസിന്‍റെ മുഴുനീളചിത്രം ഒട്ടിച്ചു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ചെന്നാല്‍ പാട്ട് കേള്‍ക്കാം. ചാന്ദിനി ചേച്ചിയുടെ വീട്ടില്‍പോയാണ് അക്കാലത്ത് ഞാന്‍ സിനിമാ മാസികകള്‍ വായിച്ചിരുന്നത്. തമിഴ്‌ വായിക്കാന്‍ പഠിച്ചതും അവിടെ നിന്നാണ്. കുമുദവും ആനന്ദവികടനും വായിച്ച് തമിഴ്‌ പഠിച്ചു. സിന്ദൂരപ്പൂവേ എന്ന പാട്ടിന്‍റെ വരികള്‍ തമിഴില്‍ എഴുതിയെടുത്തത് എന്‍റെ നോട്ട്ബുക്കില്‍ ഉണ്ടായിരുന്നു.
പക്ഷേ ഈ കാസറ്റ് എവിടെ നിന്നു കിട്ടി എന്ന് ചേച്ചി ചോദിച്ചാല്‍ എന്ത് പറയണം? കള്ളം പറയേണ്ട ആവശ്യം അന്ന് വരെ ഉണ്ടായിട്ടില്ലല്ലോ. അന്നല്ലേ ഞാന്‍ കാമുകി ആയത്?   ആദ്യത്തെ തലോടല്‍ അതായിരുന്നില്ലേ? അമ്മയോട് ചേച്ചി പറയില്ലേ ഞാന്‍ കുറേ കാസറ്റ്കള്‍ കൊണ്ടു ചെന്നകാര്യം? അന്ന് ഒരു പെണ്‍കുട്ടിക്ക് ഇതൊന്നും എളുപ്പമുള്ള കാര്യങ്ങളല്ല. ചേച്ചിയുടെ ടേപ്പ്‌ റെക്കോഡറില്‍ ഇത്രയും പാട്ടുകള്‍ ഒരുമിച്ചു കേള്‍ക്കുവാന്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് കഴിയുമോ? ആ പൊതിക്കുള്ളില്‍ഒരു പ്രണയലേഖനത്തിന്‍റെ രഹസ്യം ഉള്ളതായി ഞാന്‍ ഭയന്നു.
ചാന്ദിനി ചേച്ചിക്ക് പ്രണയിനിയുടെ രഹസ്യങ്ങള്‍ പിടി കിട്ടും. ചേച്ചി പാട്ടുകളുടെ ആളല്ലേ? ഞാന്‍ വീട്ടില്‍ ചെന്ന് പുസ്തകങ്ങള്‍ മുറിയില്‍ വെച്ച് കാസറ്റ് ഒരു സിനിമാ മാസികക്കുള്ളില്‍ ഒളിപ്പിച്ച് നേരെ പുറത്തിറങ്ങി. “ചായ പോലും കുടിക്കണ്ട പെണ്ണിന് സിനിമാമാസിക വായിച്ചാല്‍ മതി. ഈ ചാന്ദിനിയാ അവളെ ഇങ്ങന സിനിമാഭ്രാന്തി ആക്കുന്നത്” അമ്മ ദേഷ്യപ്പെട്ടു. ചാന്ദിനിചേച്ചിയെ ആരും ഒന്നും പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഞാന്‍ കള്ളിയെ പോലെ പടിയിറങ്ങി ചന്ദ്രാലയത്തില്‍ ചെന്നു. തഞ്ചത്തില്‍ കാസറ്റ് ചേച്ചിയെ ഏല്‍പ്പിച്ചു. “ചേച്ചീ ഈ പാട്ടൊക്കെ ഒന്ന് കേള്‍ക്കണം . എസ്. ജാനകിയുടെ നല്ല പാട്ടുകളാണ്. ചേച്ചിക്ക് വേണ്ടി ഞാന്‍ ഒരു കൂട്ടുകാരിയോട് പറഞ്ഞ് റിക്കോര്‍ഡ് ചെയ്യിച്ചതാണ്.” ചേച്ചിക്ക് സന്തോഷമായി.
കോട്ടയത്ത് അന്ന് ഏറ്റവും നവീനമായ രീതിയില്‍ വസ്ത്രങ്ങള്‍ തുന്നുന്നത് ചാന്ദിനി ചേച്ചി ആയിരുന്നു. ചേച്ചിക്ക് നല്ല തിരക്കും ആയിരുന്നു. സന്തോഷത്തോടെ കാസറ്റ് വാങ്ങിയിട്ട് “ഞാന്‍ പിന്നീട് കേള്‍ക്കാം. ഇപ്പോള്‍ നല്ല തിരക്കാണ്. നല്ല സെലെക്ഷന്‍ ആണല്ലോ. കൂട്ടുകാരിയോട് നന്ദി പറയണം” എന്നൊക്കെ ചേച്ചി പറഞ്ഞു. ഞാന്‍ അബദ്ധത്തില്‍ പെട്ടത് പോലെയായി. ഇതെങ്ങനെ തിരിയെ വാങ്ങും? കുറേ നേരം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് ഞാന്‍ വീട്ടിലേക്കു മടങ്ങി.
“എങ്ങനെയടക്കും ഞാന്‍ എങ്ങനെയൊതുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും.....”.
“പൂവും ശലഭവും അകലെയിരുന്നാല്‍
പൂമ്പൊടിയെന്തിനു പൂവില്‍”
“ഞാനൊന്ന് നോക്കിയപ്പോള്‍ മണിമാരന്‍ തന്‍റെ
കണ്ണിന്‍റെ മണികളിലോണക്കളി”
ഞാന്‍ എസ്.ജാനകിയായി.
ഭൂമിയേയും സ്വര്‍ഗ്ഗത്തെയും എന്‍റെ ശബ്ദത്തില്‍ ഞാന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഒരു ഹൃദയത്തിന്‍റെ സ്പന്ദനം മറ്റൊരു ഹൃദയത്തെ തൊടുന്നതായി ഞാനറിഞ്ഞു. സ്വയം പാടുന്ന പാട്ടില്‍ പ്രണയം നിറഞ്ഞു.  
മോഹന്‍ദാസിന്‍റെ വിവാഹം തീരുമാനിച്ചുവെന്നും വരുന്ന ആറാം തീയതിയാണ് കല്യാണമെന്നും അനിത പിറ്റേന്ന് പറഞ്ഞു. പാവപ്പെട്ട വീട്ടിലെ, അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ സ്വന്തം തീരുമാനപ്രകാരം മോഹന്‍ദാസ്‌ സ്വീകരിക്കുകയായിരുന്നു. ആ വിവരം പറയുവാനാണ് അവളെ അന്ന് പുറത്തേക്ക് കൊണ്ട് പോയതെന്നും അവള്‍ പറഞ്ഞു.
ആറാം തീയതിയായി. ഞാന്‍ മോഹന്‍ദാസിന്‍റെ വിവാഹത്തിനു പോയി. വധു, രൂപം കൊണ്ട് അയാള്‍ക്ക്‌ ഇണങ്ങുന്ന പെണ്‍കുട്ടിയായി എനിക്ക് തോന്നിയില്ല. പക്ഷേ അവളുടെ കണ്ണുകളില്‍ നിറയെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. മോഹന്‍ദാസ്‌ അന്ന് ഹോസ്റ്റലില്‍ വെച്ച് കണ്ട അതേ സ്നേഹനിര്‍ഭരമായ മുഖത്തോടെ എന്നെ നോക്കി. എന്നെ പരിചയപ്പെടുത്തിക്കൊണ്ട് അയാള്‍ വധുവിനോട് പറഞ്ഞു ‘പാട്ടുഭ്രാന്തിയാണ്’. വാല്‍സല്യത്തോടെ എന്‍റെ തലയില്‍ തൊട്ടു. പിന്നീടും അനിയത്തിയുടെ പിറന്നാള്‍ ദിവസങ്ങളില്‍ സ്ഥിരമായി മോഹന്‍ദാസ്‌ എനിക്ക് എസ് ജാനകിയുടെ പാട്ടുകള്‍ എത്തിച്ചു കൊണ്ടിരുന്നു. ഒരു കുറിപ്പ് പോലും അതില്‍ ഉണ്ടാവില്ല
“അങ്ങില്‍ നിന്നറിഞ്ഞു ഞാന്‍ പൂര്‍ണ്ണമാമാത്മാവിങ്കല്‍
തിങ്ങിടുമനുഭവം പകരും കലാശൈലി”
  പിന്നീട് ഞാന്‍ വേറെ കോളേജില്‍ ചേരുകയും അനിതയുടെ വിവാഹം കഴിയുകയും ചെയ്തതോടെ വിവരങ്ങള്‍ ഒന്നും അറിയാതായി. പാട്ടുകള്‍ വരാതെയായി. ഞാൻ പുതിയ ലോകത്തായി. മോഹന്‍ദാസും .  
ഒരിക്കല്‍ മറ്റൊരു കൂട്ടുകാരിയുടെ വിവാഹത്തിന് മാവേലിക്കരയില്‍ പോകേണ്ടി വന്നു. അവിടെയാണ് അനിതയുടെ വീട്. ആ വീട്ടില്‍ പോകാന്‍ വല്ലാതെ ഞാനാഗ്രഹിച്ചു. കല്യാണത്തിനു എല്ലാവരും ഉണ്ണാന്‍ കയറിയ സമയത്ത് ഞാന്‍ അനിതയുടെ വീട്ടിലേക്കു ചെന്നു.
  മിനി മുൻ വശത്തെ മുറിയുടെ വാതിൽക്കൽ നിന്നിരുന്നു. ജീവിതം അവളെ വല്ലാതെ മാറ്റിയിരിക്കുന്നു. നിറവും വണ്ണവും കൂടിയിരിക്കുന്നു. സമൃദ്ധമായ തലമുടി അഴിഞ്ഞു കിടക്കുന്നു. മനസ്സിലാകാത്ത മട്ടില്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ പറഞ്ഞു ‘അനിതയുടെ കൂട്ടുകാരി.അന്ന് കല്യാണത്തിനു പരിചയപ്പെട്ടിരുന്നു’. അവര്‍ തീരെ പിടിക്കാത്ത ഒരു ഭാവം കാണിച്ചുവോ?  എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന മോഹന്‍ദാസ്‌ അനന്തതയിലേക്ക് എന്നത് പോലെ നോക്കി  ഇരിപ്പുണ്ടായിരുന്നു. ചെറിയ കാലയളവ് ഒരാളെ ഇത്രയ്ക്കു മാറ്റിക്കളയുമോ? ഞാന്‍ അത്ഭുതപ്പെട്ടു. അനിതയുടെ അമ്മ അകത്ത് നിന്നിറങ്ങി വന്നതും മിനി പുറത്തേക്കിറങ്ങിപ്പോയി.
 മോഹന്‍ദാസിന്റെ ജീവിതവുമായി മിനിക്കു തീരെ പൊരുത്തപ്പെടാന്‍ ആകുന്നില്ലെന്നും അവള്‍ തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്നും അമ്മ പറഞ്ഞു. മോഹന്‍ദാസിന് ഓര്‍മ്മക്കുറവ് ഉണ്ടെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘പഴയ പാട്ടുകള്‍ വെച്ച് കൊടുത്താല്‍ മാത്രം അല്പം ആഹാരം കഴിക്കും. ഇല്ലെങ്കില്‍ ഇങ്ങനെ മാനം നോക്കിയിരിക്കും.’ മോഹന്‍ദാസിനെ ഓര്‍മ്മയിലേക്ക് തിരിയെ കൊണ്ടു വരാന്‍ എനിക്ക് കഴിയും എന്നെനിക്ക് ഒരു പൊട്ടബുദ്ധിയിൽ തോന്നി. പക്ഷേ മിനിയുടെ മുഖം എന്നെ അധീരയാക്കി. അപ്പോഴാണ്‌ പെട്ടെന്ന് മിനി പറഞ്ഞത്,
ഞങ്ങള്‍ തമ്മില്‍ ചേരില്ല. പക്ഷേ അത് ഞങ്ങളുടെ രണ്ടാളുടെയും കുറ്റമല്ല.”.
വിവേകമുള്ള ഒരു സ്ത്രീയെ പോലെ മിനി സംസാരിച്ചപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. . ഞാന്‍ മിനിയുടെ കയ്യില്‍ പിടിച്ചതും അവള്‍ എന്‍റെ തോളില്‍ ചാരിക്കിടന്നു ശബ്ദമുണ്ടാക്കാതെ കരഞ്ഞു. എന്‍റെ കൈകള്‍ ഞെരിയുന്നത് പോലെ അവള്‍ അമര്‍ത്തി പിടിച്ചു. അനിതയാണ് അവള്‍ എന്ന് തോന്നി എനിക്ക്. കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അവള്‍ പെട്ടെന്ന് പെട്ടിയില്‍ നിന്ന് ഒരു പാട്ടെടുത്ത് പ്ലെയറില്‍ ഇട്ടു.  എസ് ജാനകിയുടെ ശബ്ദം.
“ദേഹമെന്ന കൂട്ടില്‍ വാഴും
മോഹമെന്ന കുഞ്ഞിപ്പക്ഷി..” എസ്. ജാനകിയുടെ ശബ്ദം മിനിയുടെ തേങ്ങലിൽ ഞാൻ കേട്ടു.
ഞാന്‍ ധൈര്യപൂര്‍വ്വം ആ കരം പിടിച്ചു. പരസ്പരം ആശ്വസിപ്പിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ ദൈവത്തിന്‍റെ കരങ്ങള്‍ തന്നെയാകും.  മോഹന്‍ദാസ്‌ എന്നെ നോക്കി.
അയാളുടെ അമ്മ, മിനിയെ കുറിച്ച് പറഞ്ഞത് ഞാന്‍ മറന്നു. മിനി കെട്ടിപ്പിടിച്ചു കരഞ്ഞതും മോഹന്‍ദാസിന്‍റെ മുഖത്ത് നിറഞ്ഞ ശാന്തതയും എന്നോട് മറ്റെന്തൊക്കെയോ കഥകൾ ആണ് പറഞ്ഞത്.
 പ്രതിസന്ധികളില്‍ എങ്ങനെയും പിടിച്ചു നില്‍ക്കാനുള്ള മിനിയുടെ കരുത്തിനെ ഞാന്‍ സ്നേഹിച്ചു. മോഹന്‍ദാസിന് ഇഷ്ടമുള്ള പാട്ടുകള്‍ അവള്‍ പ്രത്യേകം തെരഞ്ഞെടുത്ത് അടുക്കി വെച്ചിരിക്കുന്നത് എനിക്ക് ആശ്വാസമായി. ഞാന്‍ ബാഗില്‍ കരുതിയിരുന്ന കാസറ്റുകള്‍ ആ മേശപ്പുറത്ത് വെച്ചു. ചില്ല്, ചാമരം തുടങ്ങിയ സിനിമകളിൽ എസ്.ജാനകി പാടിയ  ഗാനങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. മിനിയുടെ കണ്ണുകൾ സ്നേഹവും നന്ദിയും ഇടകലര്‍ന്ന് ഒരു അഴിമുഖം പോലെ ചുവന്നു കലങ്ങി നിറയുന്നത് ഞാന്‍ കണ്ടു. അവിടെ നില്‍ക്കാന്‍ എനിക്ക് പിന്നെ കഴിയുമായിരുന്നില്ല. എന്ത് കൊണ്ട് ഇങ്ങനെയൊക്കെ എന്നൊന്നും ഞാന്‍ ആലോചിച്ചില്ല. എന്ത് കൊണ്ടോ ചില ജീവിതങ്ങള്‍ ഇങ്ങനെ എന്ന് സമാധാനിച്ചു ഞാന്‍ പടിയിറങ്ങുമ്പോള്‍
“ഇനിയും വനിയില്‍ പൂവുകള്‍ പലതും
വിരിയും കൊഴിയും പൂങ്കാറ്റില്‍” അകത്ത് നിന്ന് ആ ശബ്ദം.
മോഹന്‍ദാസ്‌ ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് ഓര്‍മ്മയിലേക്ക് തിരിയെ വരികയും ജോലിക്ക് പോകാന്‍ തുടങ്ങുകയും ചെയ്തതായി പിന്നീട് അറിഞ്ഞു. മിനി എനിക്കെഴുതി, നിങ്ങളുടെ വരവും എസ്. ജാനകിയുടെ പാട്ടും ചേട്ടന് ജീവിക്കാന്‍ പ്രേരണ നല്‍കി എന്ന് തോന്നുന്നു. മിനിയുടെ കത്ത് എന്‍റെ കണ്ണുനീരില്‍ കുതിര്‍ന്നില്ലാതെയായി. ഇത്ര സ്നേഹത്തോടെ എന്നെ ഒരാളും കരുതിയിട്ടുണ്ടാവില്ല. ഇത് ആനന്ദത്തിന്‍റെ മുഹൂര്‍ത്തമാണോ? തീവ്രവേദനയുടെയോ?
കരഞ്ഞു കരഞ്ഞു കരള്‍ -
തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ -
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
 മുകളിലെക്കുയര്‍ത്തുന്നത് പോലെ തന്നെ മുള്‍മെത്തയിലേക്ക് എറിയാനും ഉള്ള സ്നേഹത്തിന്‍റെ കഴിവിനെ കുറിച്ച് ഞാന്‍ ആലോചിച്ചു പോയി. ഞങ്ങളെ രണ്ടാളെയും ആനന്ദിപ്പിച്ചതും വേദനിപ്പിച്ചതും ജീവിപ്പിച്ചതുമായ അനശ്വര നാദമേ..ഗൃഹാതുരമായ ഒരതിശയമാണ് നിങ്ങള്‍.
എസ്. ജാനകിക്ക് പിറന്നാളാശംസകൾ

എസ്. ശാരദക്കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക