Image

പ്രണയം പൂത്തുനിന്ന വഴികൾ ( കാലം പോകെ : അന്നാ പോൾ )

Published on 25 April, 2024
പ്രണയം പൂത്തുനിന്ന വഴികൾ ( കാലം പോകെ : അന്നാ പോൾ )

കാലം കടന്നുപോകുമ്പോൾ ചിലഓർമ്മകൾ പുതിയ മാനങ്ങൾ കൈവരിക്കുന്നു.

ഒരിക്കൽ വേദനിപ്പിച്ചവ പിന്നീട് പുഞ്ചിരിച്ചു കൊണ്ട് ഓർമ്മിക്കാനാവും.

വലിയ സംഭവമെന്നു കരുതിയവ തികച്ചും നിസംഗമായ്ഓർമ്മിക്കാനുമാവും.

എന്റെ ജീവിതത്തിലെ ചില ഓർമ്മകൾ കുറിയ്ക്കട്ടെ... അതിൽ വായനക്കാരനെ ആനന്ദിപ്പിക്കാനോ അമ്പരപ്പിയ്ക്കാനോ പോന്ന കാര്യങ്ങളൊന്നും കണ്ടെന്നു വരില്ല. പുതിയതലമുറയ്ക്കു അവർ പടികടത്തിയ വാക്കുകളും ശൈലികളും ഇഷ്ടപ്പെടണമെന്നില്ല.
ജീവിതത്തിലെ ചില ഓർമ്മകൾ മാത്രം.

ഒരു ചിഹ്നവും അവശേഷിപ്പിയ്ക്കാതെ കടന്നുപോവുന്ന എത്രയോ മനുഷ്യർ... സ്വന്തം സ്വത്വത്തെനിർവ്വചിയ്ക്കാനാവാത്ത ചിലരെങ്കിലുമുണ്ടാവും... അങ്ങനെ ഒരാളാണു ഞാനും. ഞാൻ എന്തായിരുന്നുവെന്ന് എനിയ്ക്കു ഒരിക്കലും നിർവ്വചിക്കാനാവുന്നില്ല ഒരു നല്ല വിദ്യാർത്ഥിനി, ഒരു നല്ല മകൾ,സഹോദരി,ഭാര്യ,അമ്മ.... എനിയ്ക്കറിയില്ല... മാറി മറിയുന്ന ചിന്തകൾ ! പകിട പോലെ മറിയുന്ന മനസ്സ് !! തോന്നലുകൾ... ഒന്നിനോടും ഒരു സ്ഥിരതയില്ലായ്മ... കുറെ പോരായ്മകളുടെ ആകെത്തുകയാണു എന്റെ ജീവിതം... എത്ര സൂര്യോദയങ്ങൾ കടന്നുപോയി... ബാല്യം കൗമാരം യൗവനo, വിവാഹം, കുട്ടികളുടെ ജനനം,വളർച്ച,പഠനം... എല്ലാം എത്ര വേഗം കഴിഞ്ഞു... ആറര പതിറ്റാണ്ടുകൾ....

നാൽപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപ്... ബിരുദ പഠനം കഴിഞ്ഞു നിൽക്കുന്ന ഒരിടവേള.. പ്രഭാത് ട്യൂഷൻ സെന്റർ, അവിടെ ചെലഴിച്ച ദിവസങ്ങൾ.. ദിവസവും നടന്നു തീർത്ത ദൂരങ്ങൾ, ഒരു വർഷത്തോളം നടന്ന ദൂരം ആകെ കണക്കാക്കിയാൽ ഏകദേശം2000 Km.ചിലപ്പോൾ അതിലുമധികം,അഞ്ചു കി.മീ. അങ്ങോട്ടും 5കി.മീ തിരിച്ചുo.ആ യാത്രയിൽ ഞങ്ങൾ പല വിഷയങ്ങൾ  സംസാരിക്കും. വായിച്ച പുസ്തകങ്ങൾ അഭിപ്രായങ്ങൾ ഇഷ്ടപ്പെട്ട എഴുത്തുകാർ... ബസാക്കും രവിയും  അപ്പുക്കിളിയൂo കുഞ്ഞാമിനയും മൈമുനയും എല്ലാം കടന്നുവരും. ചിലപ്പോ സ്വകാര്യ സംഭാഷണങ്ങളുo ചിന്തകളും അഭിലാഷങ്ങളും... വെള്ളപ്പൊക്കത്തിൽ മുട്ടോളം വെള്ളത്തിൽ ഞങ്ങൾക്കു മുന്നിൽ ഓളപ്പാളികളിൽ ഇളകി നീങ്ങുന്ന പകൽചന്ദ്രനോടൊപ്പം
 നടന്നുനീങ്ങിയ ഒരു നിമിഷത്തിലാണ് അതു പറഞ്ഞത് 
' അങ്ങു വരെ നീന്താൻ തോന്നുന്നു '
' എവിടെ വരെ '
' ചക്രവാളം വരെ ''
'ഒന്നിച്ച് ?'


വീട്ടുകാരിടപെടുന്നു, ലളിതമായ ചടങ്ങിൽ വിവാഹം.
നാല് പതിറ്റാണ്ടുകൾ;  മൂന്ന് മക്കൾ.

വൈവിധ്യങ്ങളുടെ കലവറയായ ഇലപ്പച്ചകൾ വേലിത്തലപ്പുകളിൽ പടർന്നു പുഷ്പിച്ചങ്ങനെ കിടക്കുന്ന പേരറിയാത്ത ഗ്രാമപുഷ്പങ്ങൾ,
ടാറിടാത്ത പാതകൾ, ആറ്റുതീരത്തുകൂടിയുള്ള പ്രഭാത സഞ്ചാരം പ്രഭാതിലേയ്ക്ക്. ഓലത്തുമ്പത്ത് കാറ്റിലാടുന്ന കുരുവിക്കൂടുകൾ... തെങ്ങോലത്തുഞ്ചത്തു ഊഞ്ഞാലാടുന്ന ഓലേഞാലികൾ...
മാന്തോപ്പുകളടെ സുഖദമായ ഛായ,കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലുകൾ....ഞാറു നടുന്ന സ്ത്രീകളുടെ  പാട്ടിന്റെ അകമ്പടി,ചിലപ്പോൾ കള പറിക്കുന്ന മറ്റൊരു സംഘത്തിന്റെ ചേലൊത്ത ഈണവുമായി തഴുകി കടന്നുപോവുന്ന കാറ്റ്, മാസങ്ങൾ കഴിയുമ്പോൾ പച്ചപ്പരവതാനികൾ സ്വണ്ണാഭയണിയും.കനംവച്ച കതിരുകളുമായി ഒരു ഗ്രാമകന്യകയുടെ നാണമണിഞ്ഞ് നമ്രശിരസ്കയായികാറ്റിലാടുന്ന നെൽ ചെടികൾ... പിന്നെ വയലുകളിൽ ഉത്സവത്തിന്റെ ആരവo.
കൊയ്തു കറ്റകളടുക്കുന്ന സ്ത്രീകളുടെ തൂവേർപ്പണിഞ്ഞ മുഖങ്ങളിൽ വിരിയുന്ന അത്ഭുതം ആ കാലത്തു ഒരാണും പെണ്ണും സംസാരിച്ചു നടന്നു പോകുന്നതു ഒരു അത്ഭുതക്കാഴ്ചയാണ്... അത്ര പുരോഗമനവും വിശാല വീക്ഷണവും ഗ്രാമങ്ങളിൽ എത്തിയിട്ടില്ല. രണ്ടിടത്തു കടത്തു കടക്കണo പുലിക്കുട്ടിശ്ശേരിയിലെ കടത്തും മുട്ടേ,കടത്തുo,ഒന്നു മീനച്ചിലാറിന്റെ കൈവഴി  പിന്നെ
അധികം വീതിയില്ലാത്ത ഒരിടത്തോട്.

മിക്ക ദിവസങ്ങളിലൂo മറുകരയിൽ വള്ളം കെട്ടിയിട്ട് കടത്തുകാരൻ എങ്ങോ പോയിട്ടുണ്ടാവും.. ആളൊഴിഞ്ഞ കടവിൽ തനിയെ ഇരുന്നു ആരയോ ചീത്ത പറയുന്ന അന്ധനായ ഒരു കുറിയ മനുഷ്യനെ മിക്കപ്പോഴും കാണുമായിരുന്നു.

ഒരു പഴയ പലചരക്കു പീടിക രൂപമാറ്റം വരുത്തി ക്ലാസ്സ് മുറിയാക്കി,നിരപ്പലകകളടുക്കി കുത്തനെ നിർത്തിയിട്ടുള്ള മുൻവാതിൽ. ഓരോ പലകകൾ ഇളക്കി മാറ്റിയെടുത്തു വേണം അകത്തു കടക്കാൻ.. അന്നത്തെ കടകളെല്ലാം അതേ മാതിരിയായിരുന്നു. ഞങ്ങൾ അധ്യാപകർ ആറു പേർ - അന്നത്തെ ഏതൊരഭ്യസ്ത വിദ്യന്റെയും ഇടത്താവളമായ പരലൽ കോളേജ്  -പ്രഭാത്. കോളേജ് ജീവിതത്തിന്റെ ഹാങ് ഓവർ മാറാത്തവരായിരുന്നു ഞങ്ങൾ.


സഹൃദയനും സാഹിത്യകാരനുമായ, നാടക രചനയ്ക്കുള്ള ബസേലിയൻ അവാർഡ് ജേതാവുകൂടിയായ പ്രിൻസിപ്പാൾ തയ്യാറാക്കിയ ഒരു നോട്ടീസിന്റെ പ്പലക്കെട്ട് ഇങ്ങനെ "ഈശ്വരാ എന്റെ കുട്ടി ഒന്നു തോറ്റിരുന്നെങ്കിൽ പ്രഭാതിൽ പഠിപ്പിയ്ക്കാമായിരുന്നു".

രസകരമായ നോട്ടീസുകൾ ഇപ്പോൾ ഓർക്കമ്പോൾ പോലും ചിരി വരും.

ഓരോ നോട്ടീസും ഓരോ സാഹിത്യ സൃഷ്ടിയായിരുന്നു. നോട്ടീസ് നൽകി പിന്നിലെ അങ്ങുതം കലർന്ന ഉച്ചത്തിലുള്ള വായന ആസ്വദിച്ചു ഞങ്ങൾ നടന്നു പോകും.

രാവിലെ 7.30 മുതൽ 9 വരെ പഠന സമയം.
ആവശ്യത്തിനു ബെഞ്ചും ഡെസ്ക്കും ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഇല്ലാ എന്നതായിരുന്നു വാസ്തവം. എന്നാലും കുട്ടികളും ഞങ്ങളും സന്തുഷ്ടരായിരുന്നു.മാസം അവസാനിച്ചാലും ഫീസ് കിട്ടാറില്ല... കുറച്ചുപേർ കൃത്യമായി തരും. അതു കൊണ്ടു തന്നെ ഞങ്ങൾക്കു ശമ്പളവും....... രാവിലെ കട്ടൻ കാപ്പി മാത്രം കുടിച്ചുകൊണ്ടുള്ള ദീർഘദൂര നടത്തം പഠിപ്പിക്കൽ എല്ലാം കഴിയുമ്പോൾ വിശപ്പ് കത്തിയാളും. പാലം കടന്ന് തോടിനക്കരെയുള്ള ചായക്കടയാണു ഏക ആശ്വാസം.ദോശയും പുട്ടും എല്ലാമുണ്ടു്. പൊറോട്ടയും സവാളക്കറിയുമായിരുന്നു ഞങ്ങളുടെ ഇഷ്ട വിഭവം.

ഏതിലയും മധുരിക്കന്ന കാട്ടിൽ മേഞ്ഞു നടക്കുന്ന മേഷ ക്കിടാവിനെപ്പോലെയുള പ്രായം... എനിക്കാണെങ്കിൽ പ്രണയ ലഹരിയിൽ കാഞ്ഞിരവും തേനായിത്തോന്നിയിരുന്ന മനസ്സ്, ഇഷ്ടമുള്ള ആളിന്റെ കൂടെയിരുന്നു കഴിച്ചതു കൊണ്ടായിരിക്കാം അത്രമേൽ രുചി തോന്നിയതു.

പ്രണയലഹരിയിൽ ഉന്മാദിയായിപ്പോയ അർജുനൻ പഴത്തൊലി തിന്നു പഴം മാറ്റിവെക്കുന്നതു കണ്ടു കൃഷ്ണൻ ചിരിയ്ക്കുന്ന ഒരു ഭാഗമുണ്ടല്ലോ... അർജുനന്നെക്കണ്ടു മതിമറന്നു നിന്ന സുഭദ്ര ഇതൊന്നുമറിയാതെ നിൽക്കുന്നുണ്ട്...അതാണു പ്രണയത്തിന്റെ മാസ്മരികത....

രാവിലത്തെ നടത്തം സൂര്യൻ കിഴക്കോട്ടും ഞങ്ങൾ പടിഞ്ഞാറേയ്ക്കും. മടക്കയാത്ര ഉച്ചയോടെ പിറ്റേ ദിവസത്തേക്കള്ള Lesson Preparations,PSC Guide പഠനം ചിലപ്പോൾ കവിത ചൊല്ലൽ പുസ്തക ചർച്ചകൾ.. സിനിമാ ചർച്ചകൾ... അങ്ങനെ തിരക്കിട്ട ദിനങ്ങൾ. ഞാനൊഴികെ അഞ്ചു പേരും പി.എസ്.സി ജയിച്ചു ടോപ് റാങ്കിൽ എത്തി വിവിധ വകുപ്പുകളിൽ ജോലിയും കിട്ടി. ഞാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയായി... മൂന്നു മക്കളുടെ അമ്മയായി... 

അന്നു നടന്ന വഴികളെല്ലാം ഒരിക്കൽക്കൂടിക്കാണണമെന്നു ആഗ്രഹം തോന്നി... ഒരു പാടു നാളത്തെ ആഗ്രഹം, ഒരു ദിവസം .യാത്ര പുറപ്പെട്ടു... സന്തോഷം തിരതല്ലുന്ന മനസ്സുമായി യാത്ര തുടങ്ങി... ഞങ്ങൾ വഞ്ചിയിൽക്കയറി അക്കരെയെത്തിയിരുന്ന നദിയ്ക്കു കുറുകേ പാലം ഉണ്ടായി, ഇടവഴികളെല്ലാം വീതിയുള്ള ഹൈടെക് റോഡുകളായി അതിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു... നടപ്പാതകൾകെട്ടിത്തിരിച്ചിരിക്കുന്ന റോഡിനിരുവശവും നിന്നിരുന്ന മാവുകളും പ്ലാവുകളും ഇലത്തിയും കൂറ്റൻ ആഞ്ഞിലി മരങ്ങളും കടമ്പുകളും എല്ലാം എവിടെപ്പോയി. വയലുകൾ അപ്രത്യക്ഷമായിരിക്കുന്നു. പഴയ കാഴ്ചകൾ തേടുന്ന എന്റെ കണ്ണുകൾക്ക് ഓർമ്മയിലുണ്ടായിരുന്നതൊന്നും കാണാനായില്ല.വഴി മദ്ധ്യേ പക്ഷികളേയും ചെറിയ മൃഗങ്ങളേയുമൊക്കെ മനോഹരമായി സ്റ്റഫു ചെയ്തിരുന്ന, കഥകളിൽ നിന്നിറങ്ങവന്ന രൂപമുള്ള ഏകാകിയായ ഒരു ശില്പിയുണ്ടായിരുന്നു. അയാളുടെ ജോലികൾ കൗതുകത്തോടെ ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു. അയാളുടെ സ്റ്റുഡിയോ ഇരുന്നിടം തിരിച്ചറിയാനായില്ല.മുറുക്കാൻ കടകൾ, സോഡാ നാരങ്ങാ...ഒന്നും എങ്ങും കണ്ടില്ല. പകരം കോഫീ ഹൗസ്, ഉദയാ ഹോട്ടൽ,ശ്രീകൃഷ്ണാ ഹോട്ടൽ ആൻഡ് ബേക്കറി, അന്നാ അലുമിനിയം ... കീടനാശിനി വളക്കടകൾ..

വലിയ കളിവള്ളം കയറ്റി വെച്ച ഒരു വീട്... ആൾ താമസമില്ലാത്ത കുറെ വീടുകൾ... വിദേശങ്ങളിൽ ചേക്കേറിയവരുടേതാകാം... മരത്തിന്റെ അഴികളിട്ട നെടുങ്കൻ വരാന്തയുള്ള തടിയിൽ തീർത്ത ഒരു വീടിന്റെ സ്ഥാനത്ത് ആളൊഴിഞ്ഞു കിടക്കുന്ന വലിയ കോൺക്രീറ്റ് പെട്ടി,
പഴമ തേടിയെത്തിയ എന്റ മണ്ടത്തരമോർത്തപ്പോൾ ചിരിച്ചില്ല. ഒരു നൊമ്പരമെന്നെ വല്ലാതെ അസ്വസ്ഥയാക്കിത്തുടങ്ങി .ആറ്റിറമ്പിനു ഉടയാടയുമായി പടർന്നു നിന്ന ആറ്റുവഞ്ചി പൂക്കൾ എവിടേയും കണ്ടില്ല. വഞ്ചിയും തുഴക്കാരേയും കണ്ടില്ല ശേഷിച്ച വയലുകളിൽ യന്ത്റങ്ങൾ പണിയെടുക്കന്നു.വയലേലകളിൽ കെയ്ത്തിന്റെ ആഹ്ളാദാരവങ്ങളില്ല തമിഴ് നാട്ടിൽ നിന്നെത്തിയ കൊയ്ത്തുയന്ത്രം ഒരു കൂറ്റൻ മൃഗത്തെ പോലെ മുരണ്ടു നീങ്ങുന്നുണ്ട്, ആരെയും കണ്ടില്ല ജലത്തെ കീറിമുറിച്ച്,പുഴയെഅസ്വസ്തപ്പെടുത്തിക്കൊണ്ടു് ഓൺബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ ഇടയ്ക്കിടെ
വലിയ തിരകളുയർത്തി പാഞ്ഞു പോകന്നതു കണ്ടു.മണ്ട പോയ തെങ്ങുകൾ,
അവിടവിടെ കാലത്തിന്റെ അക്ഷരത്തെറ്റുകൾ പോലെ നിൽക്കുന്നു. ഒന്നിന്റെ പള്ളയ്ക്ക് പറ്റി നിൽക്കുന്ന അസ്തമനസൂര്യൻ,ഉയരം കൂറഞ്ഞ ഒട്ടുമാവുകളും ബോൺസായി മരങ്ങളും വീടുകളുടെ മുറ്റം അലങ്കരിക്കുന്നു, ഒട്ടും ഭംഗിതോന്നാത്ത സുഗന്ധമില്ലാത്ത പൂക്കളുമായി ഏതൊക്കെയോ ചെടികൾ ... യാത്രമതിയാക്കി തിരികെപ്പോവാൻ ഞാൻ ശാഠ്യം പിടിച്ചു. നമുക്കു പ്രിയമായതെല്ലാം, കണ്ണിനിമ്പമായിരുന്നതെല്ലാം ഇല്ലാതാക്കി നാടു വികസനക്കുതിപ്പിലാണ്. കടന്നുപോരുന്ന വഴികളൊന്നുo എനിക്ക് മനസ്സിലായില്ല.. പരിചിത മുഖങ്ങളെയും കണ്ടില്ല... ഉള്ളിൽ നിറയുന്ന വ്യസന ഭാരവുമായി , വെറുതേ പുറത്തേയ്ക്കു നോക്കിയിരുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. പകലിന്റെ അവസാനത്തുള്ളി വെളിച്ചവും മാഞ്ഞു കഴിഞ്ഞു. സാന്ധ്യാ കാശത്തിനു കീഴെ കൂടണയാൻ വെമ്പുന്ന പക്ഷിക്കൂട്ടങ്ങൾ പറന്നകലുന്നു ...ശരവേഗത്തിൽ... വിളഞ്ഞു പാകമായ നെൽപ്പാടങ്ങളിൽ നിന്നും തണുത്ത കാറ്റ് വീശിത്തുടങ്ങി,കാറ്റ് തെങ്ങോലകളിൽ നൃത്തം വെയ്ക്കുന്നതും നോക്കിയിരുന്നു. പൊടുന്നനേ ഒരു വീട്,ഇരുട്ടിലും എനിയ്ക്കു കാണാമായിരുന്നു. പായൽ പിടിച്ച് ചുവരുകൾ ഇടിഞ്ഞു വീഴാറായി നിൽക്കുന്നു. ആൾ താമസമില്ലാത്ത,ഇരുളും മൂകതയും കുടിയേറിയ ആ വീട് എനിയ്ക്കറിയാമായിരുന്നു.. അവസാനത്തെ അന്തേവാസിയും മരിച്ചു കഴിഞ്ഞു.അനാഥമായ ആ വീട്.. തലമുറകളില്ലാതെ പോയ ഭാഗ്യഹീനരായ ദമ്പതികൾ!! 
ഞങ്ങൾ ക്ലാസ്സ് നടത്തിയിരുന്ന കെട്ടിടം നിന്ന സ്ഥലം തിരിച്ചറിയാനായില്ല ,എത്ര ശ്രമിച്ചിട്ടും..
. ഇരുട്ടിനു കനമേറിത്തുടങ്ങി.. ഞങ്ങൾ പശിയടക്കിയിരുന്ന ചായക്കടയും കണ്ടില്ല. മീനച്ചിലാറിന്റെ കൈവഴികൾ പലതായി പിരിഞ്ഞ് ഒടുവിൽ ഒത്തുചേർന്നു വേമ്പനാട്ടുകായലിൽ ലയിക്കുന്നു. അതിലൊന്നിന്റെ ഓരത്തെ പുതിയ വഴിത്താരയിലൂടെ ഗതകാല സ്മരണകളുടെ തിരുശേഷിപ്പുകൾ കാണാനിറങ്ങിയ ഞാൻ ഉള്ളിലേയ്ക്കു ആണ്ടിറങ്ങിപ്പോയി.ഓർമ്മകളെ ഉണർത്താതെയിരുന്നു. മനസ്സിൽ തിടം വെച്ചു വളരുന്ന സങ്കടങ്ങളുടെ ഒച്ചയില്ലാത്ത മുഴക്കങ്ങളുമായി ഞാനിരുന്നു.....അഛനും മകനും പറഞ്ഞു ചിരിയ്ക്കുന്നതു കേട്ടു :... അവ ളുറങ്ങിപ്പോയി...... ശരിയാണ്.. അർദ്ധ നിദ്രയിൽ ഞാൻ എന്നോടു ചോദിക്കുകയായിരുന്നു...

"എവിടെന്റെ കിനാക്കൾ വിതച്ചോ -
രിടി മിന്നലുപൂക്കുംവാനം
പച്ചപൈ ചാടി നടക്കും മൃത്തങ്ങാപ്പുല്ലുകളെവിടെ? എവിടെന്റെ തുളസിക്കാടുകൾ 
ഈറൻ മുടി കോതിയ സന്ധ്യകൾ...... 
കറുകപുൽത്തുമ്പത്തമ്പിളി
കളമെഴുതി പാടിയ രാവുകളെവിടെ...?"

Join WhatsApp News
Jayan varghese 2024-04-26 23:17:37
എല്ലാം പോയി. ആധുനിക ശാസ്ത്രം മനുഷ്യാവസ്ഥക്ക് സമ്മാനിച്ച യന്ത്രവൽക്കരണത്തിന്റെ അഴിക്കൂട്ടിൽ വികസന മന്ത്രങ്ങളുടെ മനയോല കൊറിച്ച് പതം വന്ന നാക്കുമായി മനുഷ്യൻ ഒരു കൂട്ടിലിട്ട തത്തയാകുന്നു. അകലെ ആവേശമായി മാടിവിളിക്കുന്ന ചക്രവാളത്തെ അവഗണിച്ചാൽ അകത്തെ പാത്രത്തിൽ വെള്ളവും ആഹാരവും കിട്ടും. നാഗരികതയുടെ യാഗശാലകളിൽ അധർമ്മത്തിന്റെ അശ്വമേധം അഴിച്ചുവിട്ട രതിയുടെ കുതിരക്കുളമ്പടികളിൽ കിരീടം വച്ച് കീഴടങ്ങുന്ന കലയും സാഹിത്യവും. ചിറകിൻ കീഴിലെ സുരക്ഷിതത്വത്തിന്റെ ഇളം ചൂടിൽ നിന്ന് പറന്നകന്ന് ആണവ ഭീഷണിയുടെ അഗ്നിക്കാറ്റിന്‌ തപസ്സിരിക്കാൻ വിധിക്കപ്പെട്ടവരേ വരൂ, ഇളം ചുണ്ടിൽ വിശ്വ സാഹോദര്യത്തിന്റെ ഒലിവിലക്കൊമ്പുമായി മടങ്ങി വരൂ, മാനവീകതയിലേക്ക്; പ്രകൃതിയിലേക്ക്; സ്നേഹത്തിലേക്ക് ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക