Image

ഇനി നിശബ്ദ പ്രചാരണം; കേരളം നാളെ ബൂത്തിലേക്ക്

രാഷ്ട്രീയ ലേഖകൻ Published on 25 April, 2024
ഇനി നിശബ്ദ പ്രചാരണം; കേരളം നാളെ ബൂത്തിലേക്ക്

കൊടും ചൂട് മറന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. കൊട്ടിക്കലാശത്തിൽ ആവേശം അണപൊട്ടി. ഇന്നു നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട്  ആറു വരെയാണ് വോട്ടെടുപ്പ്. ആർക്കു വോട്ട് ചെയ്യണമെന്ന്   ജനം തീരുമാനിച്ചു കഴിഞ്ഞു. പരമാവധി ആളുകളെക്കൊണ്ട് വോട്ട് ചെയ്യിക്കുക എന്നത് മാത്രമാണ് പ്രവർത്തകർക്ക് ഇനി ബാക്കിയുള്ള ചുമതല.

വികസനവും നേട്ടങ്ങളും പ്രചാരണമാകേണ്ടിടത്ത് ജാതിയും മതവുമായി പ്രചാരണ വിഷയം.പ്രധാനമന്ത്രി തന്നെ നേരിട്ട് വർഗീയത പറഞ്ഞു. അത് പാർട്ടി നേതാക്കളെ  ഏല്പിച്ച് അദ്ദേഹത്തിന് നേട്ടങ്ങൾ പറയാമായിരുന്നു. വികസിത ഭാരതവും മോദിയുടെ ഗ്യാരൻ്റിയുമൊക്കെ തുടക്കത്തിൽ മാത്രമാണു മുഴങ്ങിക്കേട്ടത്.പ്രധാനമന്ത്രിയുടെ പ്രസംഗം ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് ഗുണം ചെയ്തേതേക്കും. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അത് ദൂഷ്യം ചെയ്യും.തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റിയെന്നിരിക്കും. മൂന്നിടത്തും ബി.ജെ.പി. വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് കിട്ടാനാണു സാധ്യത കൂടുതൽ.

ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന പ്രചാരണം ഏറ്റിട്ടില്ല. ഇന്ത്യയിൽ ഏതാണ്ട് 275 മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്നു. സി.പി.എം മത്സരിക്കുന്നത് ഏതാണ്ട് 50 ഇടങ്ങളിൽ മാത്രം . അതിൽ കേരളത്തിലൊഴികെയെല്ലായിടത്തും മത്സരം കോൺഗ്രസ് പിന്തുണയോടെയാണുതാനും.

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വച്ച് ബി.ജെ.പി. പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് മുക്ത കേരളമാണോ സി പി.എം. ലക്ഷ്യം എന്ന രീതിയിലാണ് അവർ കേരളത്തിൽ കോൺഗ്രസിനെ ആക്രമിക്കുന്നത്. രാഹുൽ ഗാന്ധി മുഖ്യ മന്ത്രിയെ വിമർശിച്ചതോടെ മുഖ്യമന്ത്രി ആക്രമണം കടുപ്പിച്ചു. ഒടുവിൽ പ്രിയങ്ക ഗാന്ധിയും മുഖ്യനെതിരെ തിരിഞ്ഞു.ഈ ഏറ്റുമുട്ടൽ യു.ഡി.എഫിനു ഗുണം ചെയ്യുമെന്ന ചിന്ത ഉടലെടുത്തപ്പോഴാണ് രാഹുൽ ഗാന്ധിയുടെ രക്തത്തെ ചോദ്യം ചെയ്തുകൊണ്ട് ഏറ്റവും തരംതാണ വിമർശം ഇടതു നേതാവ് ഉയർത്തിയത്.അതിനെ തള്ളിപ്പറയേണ്ട മുഖ്യമന്ത്രി പകരം  ന്യായീകരിച്ചു. സംഗതി കൈവിട്ടു പോയി എന്നു മനസ്സിലാക്കിയാണ് പാർട്ടി സെക്രട്ടറി ഡി.എൻ.എയ്ക്ക് രണ്ടു വ്യാഖ്യാനങ്ങളുമായി രംഗപ്രവേശം ചെയ്തത്.

രാഹുലിൻ്റെ രക്തത്തെ ചോദ്യം ചെയ്ത സി.പി.എം. നേതാവ് , രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധിക്കും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം മറന്നുപോയി. സംഭവം നിഷ്പക്ഷ വോട്ടർമാരിൽ വലിയ ചലനമാണു സൃഷ്ടിച്ചിരിക്കുന്നത്. എതിരാളികൾക്കെതിരെ  ഉപയോഗിക്കുന്ന ഭാഷയ്ക്ക് മാന്യത വേണമെന്ന് സി.പി.എം. മുൻ എം.പി. സമ്പത്ത് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ഇതൊക്കെ തിരിച്ചറിഞ്ഞുതന്നെയാണ്.ഈ തിരിച്ചറിവ് മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.

സി.പി.എമ്മിൻ്റെ താരപ്രചാരകൻ മുഖ്യമന്ത്രി തന്നെ. പക്ഷേ, അവർ വോട്ട് തേടിയപ്പോൾ  ഏറ്റവും അധികം ചോദ്യം ഉയർന്നതും വിമർശനം ഉണ്ടായതും  മുഖ്യമന്ത്രിക്കെതിരെയാണെന്നത് വസ്തുതയാണ്.
കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം വടകരയിലും തൃശൂരിലും തിരുവനന്തപുരത്തുമാണ്. അതിൽ രണ്ടിടത്ത് ത്രികോണ മത്സരമാണ്. കണ്ണൂർ, പാലക്കാട്, ആലത്തൂർ, ചാലക്കുടി , പത്തനംതിട്ട ,മാവേലിക്കര മണ്ഡലങ്ങളിൽ തുടക്കത്തിൽ എൽ.ഡി.എഫിനു മുൻതൂക്കമുണ്ടായിരുന്നു. പ്രചാരണം സമാപിച്ചപ്പോൾ യു.ഡി.എഫ്.ഒപ്പത്തിനൊപ്പമോ അതിലപ്പുറമോ എത്തി.
കാസർകോട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങൾ യു.ഡി..എഫ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ബി.ജെ.പിക്ക് മൂന്നാമതൊരിക്കൽ കൂടി അധികാരം കിട്ടിയാൽ ഇന്ത്യയുടെ മതേതര അടിത്തറ തകരുമെന്നു വിശ്വസിക്കുന്നവർ, അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അതിനു തടയിടാൻ കോൺഗ്രസിനു പരമാവധി സീറ്റ് ലഭിക്കണമെന്നു ചിന്തിക്കും.ഇവിടെ നഷ്ടം ഇടതുപക്ഷത്തിനാണ്.
ബി.ജെ.പിയോട് പൊതുവെയും പ്രധാന മന്ത്രിയോട് പ്രത്യേകിച്ചും മൃതു സമീപനം പുലർത്തിയിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലും അടുത്ത കാലത്തെ പ്രസംഗങ്ങൾ ആശങ്കയുയർത്തിയിട്ടുണ്ട്.
ചുരുക്കിപ്പഞ്ഞാൽ വർഗീയതയും വ്യക്തിഹത്യയും ഇത്രയധികം ഉയർന്നു കേട്ടൊരു പൊതു തിരഞ്ഞെടുപ്പ് പലരുടെയും ഓർമയിൽ പോലുമില്ല.അതിലുപരി ഇന്ത്യയിൽ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ ശക്തിപ്പെടുന്നതായി വിദേശ രാജ്യങ്ങളിൽ ചിലത് ആശങ്കപ്പെട്ടു. ഇത്തരം വിമർശനങ്ങൾ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാം. പക്ഷേ, ഇത്തരം ചർച്ചകൾ ഒഴിവാക്കപ്പെടാൻ എല്ലാവരും ശ്രദ്ധിച്ചാലേ രാജ്യത്ത് ജനാധിപത്യം നിലനിൽക്കൂ.അതിനു ശക്തമായ പ്രതിപക്ഷം വേണം. കേരളം ചിന്തിക്കുന്നത് അങ്ങനെയായിരിക്കും.

ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എം. തരംതാണ വിമർശനങ്ങളുമായി ഇറങ്ങുമ്പോൾ, അവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണോയെന്ന് വോട്ടർ ചോദിച്ചെന്നിരിക്കും. ചിഹ്നവും ദേശീയ പാർട്ടി പദവിയും നില നിർത്താനുള്ള പോരാട്ടത്തിൽ സി.പി.എം നേരിടുന്നത് കനത്ത വെല്ലുവിളി തന്നെ.മറിച്ച് കേരളത്തിൽ  കോൺഗ്രസിൻ്റെ പോരാട്ടം റെക്കോർഡ് തേടിയും. ബി.ജെ.പിക്കാകട്ടെ, ഇക്കുറി അക്കൗണ്ട് തുറന്നില്ലെങ്കിൽ പിന്നെ ഉടനെയെങ്ങും /രക്ഷയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക