Image

അമ്മ ( കവിത : അന്നാ പോൾ )

Published on 26 April, 2024
അമ്മ ( കവിത : അന്നാ പോൾ )

കാടകങ്ങളിലെ വന്മരങ്ങൾ പോലെയാണു
ഓരോ വീടകങ്ങൾക്കും അമ്മമാർ..
ഒരു വ്യത്യാസം മാത്രം :
വന്മരങ്ങൾ ഇല്ലാതെയാകുമ്പോൾ
ആ ശൂന്യതയിലേക്കു പ്രകാശം കടന്നുവരും

അമ്മമാർ മടങ്ങിപ്പോകുമ്പോൾ
വീടകങ്ങളിൽ നിന്നും
പ്രകാശവും അമ്മയ്ക്കൊപ്പം ഇറങ്ങിപ്പോകും
പതിയെ പതിയെ വീടിനെ
സ്നേഹ നിരാസങ്ങളുടെ
ഇരുട്ടു വിഴുങ്ങും 
വന്മരങ്ങൾ ആഴത്തിൽ വേരുകൾ പടർത്തി
മണ്ണിനെ ചുറ്റിവരിഞ്ഞു പിടിക്കും പോലെ
അമ്മമാർ സ്നേഹംകൊണ്ടു് മക്കളെയെല്ലാം ചുറ്റിവരിഞ്ഞു ചേർത്തുപിടിക്കും ;

മരങ്ങളും
അമ്മമാരും ഇല്ലാതെയാവുമ്പോൾ 
ചുറ്റിവരിഞ്ഞു പിടിക്കാൻ ആരുമില്ലാതെ

പല വഴിയായി അകലങ്ങളിലേക്കു
പോകുന്നു.. ഹൃദയങ്ങളും നമ്മളും.

ചേർത്തുപിടിക്കാൻ വേരുകളില്ലാതെ
മണ്ണടരുകൾ ക്രമേണ അവയുടെ ഇടം
വിട്ടുപോകുന്നു.

ചേർത്തുനിർത്താ നന്മയില്ലാതെ
ഇരുളിലേയ്ക്കു തെറിച്ചു വീണ പക്ഷികളെപ്പോൽ
നമ്മൾ..... അന്തേവാസികൾ വിടൊഴിയും
പിന്നീട് എപ്പോഴെങ്കിലും അതിഥികളെപ്പോലെ 
ആ ചില്ലകൾ തേടി വന്നേക്കാം
മടങ്ങാനായി മാത്രം...

ഇന്ന് ഉണ്ടായിരുന്നെങ്കിൽ 100 വയസ്സുള്ള ഒരു വോട്ടറായി എന്റെ കൈയ്യും പിടിച്ചു വന്നുവോട്ടുരേഖപ്പെടുത്തുമായിരുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക