Image

ഒരു വോട്ട് വിശേഷം : പി. സീമ

Published on 26 April, 2024
ഒരു വോട്ട് വിശേഷം : പി. സീമ

പൊള്ളുന്ന ചൂടിൽ  ഏറെ നാളുകൾക്കു ശേഷം ഇഷ്ടപ്പെട്ട  "നിന്നെ കിനാവ് കാണും കണ്ണിലാകെ" എന്ന ആടുജീവിതം പാട്ടും കേട്ടു ബൂത്തിൽ തിരക്കെന്നറിഞ്ഞു   വോട്ട് ചെയ്യാൻ പോകാതെ മടി പിടിച്ചിരുന്നു. ഉച്ചക്ക് ശേഷം ആണ് വോട്ടിനു പോയത്. ഒരു ചെറിയ ക്യൂ. കുറെ നേരം നിന്നു... ഇടയ്ക്കൊരു ചെറുമഴ ഒന്ന് ചാറി തൂകി പോയി.  ഇഴഞ്ഞു നീങ്ങിയ ക്യൂവിൽ നിന്നു ബെഞ്ചിലേക്ക് പലരും വിശ്രമിക്കാൻ വേണ്ടി ഇരുന്നു. ഇടയ്ക്ക്  അടുത്തുള്ള ഒരു ഗർഭിണി പെൺകുട്ടി വീർത്ത വയറുമായി വന്നു. "മുന്നിൽ കയറി പൊയ്ക്കോ നീ ഇപ്പോൾ രണ്ടല്ലേ ഞങ്ങൾ ഒന്ന് അല്ലെ ഉള്ളൂ "എന്ന്  ഞാൻ തമാശ പറഞ്ഞു.(അല്ലെങ്കിലും ഗർഭിണികളെ കണ്ടാൽ എനിക്ക് ശ്വാസം മുട്ടും. പിന്നെ അവർ പ്രസവിച്ചാലെ ശ്വാസം നേരെ ആകു )

അപ്പോഴാണ് ബെഞ്ചിൽ ഇരുന്ന ചേച്ചി ഒരു ചരിത്രം പറഞ്ഞത്. വർഷങ്ങൾക്കു മുൻപ് ഇത് പോലൊരു വോട്ട്  ദിവസം..ഇത് പോലൊരു ക്യൂ. ആ ചേച്ചിക്കൊപ്പം അയലത്തെ ഗർഭിണിയും ഉണ്ടായിരുന്നു. ക്യൂ വിൽ തുടരവേ പെൺകുട്ടിക്ക്   ശരീരം മുഴുവനും അസഹ്യമായ ചൊറിച്ചിൽ.

 "ഞങ്ങൾ മൂന്നാലു പേര് പെണ്ണിനെ സമൂലം മാന്തി. അകത്തു കൊച്ച് കിടക്കുവല്ലേ കണക്കില്ലാതെ മാന്താനും പറ്റില്ലല്ലോ."എന്ന് ചേച്ചി പറഞ്ഞു. സാധിക്കുമെങ്കിൽ വേഗം വോട്ട് കുത്തിയിട്ടു പോയി പരിശോധിക്കാൻ   ഓഫീസർ കനിവ് കാണിച്ചു. അവർ വോട്ടു  കുത്തി അപ്പുറത്ത് പോയി ഭംഗിയായി ഞൊറി കുത്തിയ സാരി അഴിച്ചപ്പോൾ   ഞൊറിക്കുള്ളിൽ   സുഖമായി ഇരിക്കുന്നു   വില്ലൻ...ഒരു യമണ്ടൻ ചൊറിയൻ പുഴു.

കേട്ടിരുന്നിട്ടു പോലും ചൊറിയാൻ തോന്നിയത് കൊണ്ടും അകത്തേക്ക് വിളിച്ചത് കൊണ്ടും ബാക്കി കേട്ടില്ല. ""അപ്പൊ  കൂട്ടിൽ ഒരു ചൊറിയൻ പുഴുവിനേം കൊണ്ടു വന്നാൽ ആരും കാണാതെ കുടഞ്ഞിട്ടു ഇടയ്ക്ക്   നല്ലോണം ഒന്ന് ചൊറിഞ്ഞാൽ വേഗം വോട്ടും കുത്തി പോകാം "

എന്ന് കേൾവിക്കാരിൽ ഒരു ചേച്ചി   ഒരു പുതിയ സിദ്ധാന്തം പറഞ്ഞത് കേട്ടാണ് ഞാൻ അകത്തേക്ക് വോട്ടിനു പോയത്.

വേഗം കർമ്മം കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോൾ ആ ചേച്ചി അകത്തു പോയിരുന്നു അത് കൊണ്ടു ബാക്കി കേട്ടില്ല. കുറെ ചൊറിഞ്ഞു മാന്തി ആ ദിവസവും കടന്നു പോയിക്കാണും.  അതങ്ങനെ ആണല്ലോ... ഏത് സമയവും കടന്നു പോകും... ഇങ്ങനെ ഒക്കെ...ഇനിയും വെയിൽ വരും, വർഷം വരും, ഓണം വരും വിഷു വരും വോട്ടും വരും.അന്ന് നിലവിൽ ഉണ്ടെങ്കിൽ വോട്ട് ചെയ്യാം.  ഇന്ന് സർവ്വം ശുഭം മംഗളം.

(അദ്ദേഹം ഒരു ലിഫ്റ്റ് കൊടുക്കൽ പരോപകാരി ആയിട്ടോ എന്തോ ഒരു ലിഫ്റ്റ് കിട്ടി. അത് കൊണ്ടു ഇന്ന് മുച്ചക്ര രഥത്തിൽ കയറിയില്ല. ചുറ്റുവട്ടം നിറയെ വണ്ടികൾ ഉണ്ടെങ്കിലും വണ്ടി ഓടിക്കുന്നവരുടെ സമയം,  അതിലെ ഇരിപ്പിടസൗകര്യം  ഇതൊന്നും അറിയാതെ    ആരോടും കണ്ണും പൂട്ടി ചെന്നു ലിഫ്റ്റ് ചോദിക്കുന്നത് ശരിയല്ല... എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. എന്താ ശരിയല്ലേ?)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക