Image

വൃശ്ചിക കാറ്റുപോലെ ഒരു കുട്ടിക്കാലം  (റോസി തമ്പി) 

Published on 28 April, 2024
വൃശ്ചിക കാറ്റുപോലെ ഒരു കുട്ടിക്കാലം  (റോസി തമ്പി) 

see also: https://mag.emalayalee.com/magazine/apr2024/#page=40

 മുറ്റത്തെ പുളിമരത്തിൽ നിന്ന് മാമ്പാഴങ്ങൾ ( മുഴുവൻ പഴുക്കാത്ത വാഴക്കൂമ്പുനിറത്തിൽ  അകക്കാമ്പ് ഉള്ള പുളി.അതിന് പുളി കലർന്ന മധുരമാണ്) ഉതിരാൻ തുടങ്ങുമ്പോഴാണ് അമ്മായി ചരൽ നിറഞ്ഞ വലിയ മുറ്റം ചാണ മെഴുകിയ കളമാക്കി മാറ്റുക.പുളി പറക്കി വെയിലത്തിടനാണത്. പിന്നെ ആ കളത്തിലാണ് അടുത്ത വർഷക്കാലത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളെല്ലാം ഉണക്കി മൺഭരണികളിലാക്കി അട്ടത്ത് സൂക്ഷിക്കുക. എള്ള്, മുതിര, കപ്പ, തുമര, പയർ, പുളി, ചാമ, കഞ്ഞി പുല്ല്(റാഗി) അങ്ങനെ അങ്ങനെ --- എന്തും ഉണക്കിയെടുക്കുന്നത് ഇവിടെയാണ്. 
  കളം പണി ഒരു ഉത്സവമാണ്. നാലോ അഞ്ചോ ആളുകൾ ഒരുമിച്ച് ചേർന്ന് മുറ്റം ചെത്തിയൊരുക്കുന്നു. വരമ്പ് കൊണ്ട് അതിരിടുന്നു. വെള്ളം ഒഴിച്ച് ചെളിയാക്കി കൊട്ടോടി കൊണ്ട് തല്ലി, കല്പാണി കൊണ്ട് നിരപ്പാക്കി (നിലം ഒരുക്കിയെടുക്കുന്ന ചെറിയ മരസാധനങ്ങൾ ) ഉരകല്ലുകൊണ്ട് മിനുസപ്പെടുത്തി ചിരട്ടക്കരിയും ചാണകവും ചേർത്ത് മെഴുകിയ മുറ്റമാണ് കളം.നല്ല നീളമുള്ള ഈർക്കിളി ചൂലുകൊണ്ട് ചാണക പൊടിയെല്ലാം അടിച്ചു കളഞ്ഞ കളത്തിൽ നല്ല തണുപ്പുള്ള വൃശ്ചിക രാത്രികളിൽ മാമ്പാഴ പുളി നുണഞ്ഞ് മലർന്ന് കിടന്ന് മേഘങ്ങൾ ഒഴിഞ്ഞ നീല ആകാശത്തിലെ നക്ഷത്രങ്ങൾ എണ്ണുക എണ്ണം പഠിച്ചത് ഓർമ്മിക്കാനുള്ള  പതിവായിരുന്നു. ഒരു പത്തു വരെ എണ്ണുമ്പോഴെക്കും പൊടിപറത്തുന്ന വൃശ്ചിക കാറ്റ് വന്ന് എണ്ണം തെറ്റിക്കും. മാലഖക്കുട്ടികളാണ് നക്ഷത്രങ്ങളായി കാണുന്നത് അവർ ഒളിച്ചു കളിക്കുന്നതുകൊണ്ടാണ് എണ്ണം തെറ്റുന്നതെന്ന് എൻ്റെ പരാതിക്ക് മറുപടിയായി അടുത്തു തന്നെ കിടക്കുന്ന അപ്പൻ സമാധാനിപ്പിക്കും.
   ഈ അപ്പൻ തന്നെ ഒരിക്കൽ രാവിലെ മുതൽ ഉച്ചവരെ കനാലിൽ ചാടി കുളിച്ച് മദിച്ചതിന് പൊതിരെ തല്ലിയ സംഭവമുണ്ടായി. ഇന്ന് പട്ടത്ത് അദ്ധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയതാണല്ലോ പ്രാധാന വാർത്ത .കുട്ടികളെ തല്ലി വളർത്തണം എന്ന അഭിപ്രായമൊന്നും ഇല്ലെങ്കിലും എനിക്കും തല്ലു കിട്ടിയിട്ടുണ്ട് ഞാനും എൻ്റെ മക്കളെ തല്ലിയിട്ടുണ്ട്. അപ്പൻ എന്നെ തല്ലിയ പാട് ഇപ്പോഴും എൻ്റെ തുടയിലുണ്ട്. അതിന് തൊണ്ണൂറ്റി മൂന്ന് വയസ്സിൽ രണ്ട് മാസം മുമ്പ് മരിച്ചു പോയ അപ്പൻ്റെ പേരിൽ ആരും സ്വമേധയ കേസ്സ് എടുത്തേക്കരുത്. (പശും ചത്തുമോരിലെ പുളീംപോയി എന്നിട്ടും നാത്തൂന് മുറുമുറുപ്പ് എന്നും പറയും പോലെയാണല്ലേ ഇപ്പോഴത്തെ പീഡന കഥകൾ ) ഇതു രക്ഷയുടെ കഥയാണ്.
  തറവാട്ടിൽ നിന്നു മാറി പുതിയ വീട്ടിലേക്ക് താമസം മാറിയ കാലം. വാഴാനി ഇറിഗേഷൻ കനാലിൻ്റെ വശത്താണ് പുതിയ വീട്.പുതിയ കൂട്ടുകാരെ കിട്ടിയ ആവേശത്തിലായിരുന്നു. 
ഞാനും അനിയനും മാത്രമേ അന്നു വീട്ടിലുള്ളു എനിക്ക് ഏഴും അവന് നാലു വയസ്സു പ്രായം. കാനാൽ വെള്ളത്തിൽ കൂട്ടുകാർക്കൊപ്പംചാടിക്കളിക്കുന്ന ഉത്സാഹത്താൽചാട്ടത്തിന് വേഗത കൂട്ടാൻ അകത്തുനിന്ന് നേരേ ഓടി വന്ന് ചാടാൻ തുടങ്ങി .വെള്ളത്തിൽ നിന്നു കയറുക. അകത്തേക്ക് ഓടുക. വന്ന് വെള്ളത്തിൽ ചാടുക .എകദേശം പല പ്രായത്തിലുള്ള പത്തംഗ കൂട്ടമാണ്.ഉച്ചക്ക് അപ്പൻ കട പൂട്ടിചോറു തരാൻ വരുമ്പോൾ കണ്ട കാഴ്ച വെയിലിലും വെള്ളത്തിലും ചാടി മറിഞ്ഞ് വീടു മുഴുവൻ ചളിയാക്കി ഇട്ടിരിക്കുന്നതാണ്. അപ്പനെ കണ്ടെങ്കിലും അതിനു മുമ്പൊന്നും അടികിട്ടാത്തതു കൊണ്ട് പേടിച്ച് ഓടിയില്ല.മാത്രമല്ല കളി തുടർന്നു.വെള്ളത്തിൽ ചാടി മറിഞ്ഞ് കണ്ണൊക്കെ ചുവന്ന് കലങ്ങിയിരിക്കുന്ന എന്നെ കണ്ടപാടെ അപ്പൻവേലിയിൽ നിന്നിരുന്ന കൊങ്കിണിച്ചെടിയുടെ തണ്ടൊടിച്ച് എൻ്റെ ആ നനഞ്ഞ കിളുന്തു തുടയിൽ പടപടാന്ന് അടി. ആദ്യമായതുകൊണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ അപ്പനെ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ അപ്പൻ തന്നെ തല തുടച്ച് ഉടുപ്പുമാറ്റിച്ചു. അന്ന് രാത്രി വല്ലാതെ പനിച്ചു.പിറ്റന്നാൾ നോക്കിയപ്പോൾ അടിയുടെ പാടുള്ളിടത്തെല്ലാം പോളങ്ങൾ. കാൽ നീരുവന്നു വീർത്തു.അമ്മ കമ്പനിയിൽ പോകാതെ വൈദ്യശാലയിൽ നിന്നു കിട്ടിയ തൈലം കോഴി തൂവ്വൽ കൊണ്ടു പുരട്ടി കക്ഷയവും ഗുളികയും തന്നു അടുത്തിരുന്നു. അപ്പനും സങ്കടമായി. എന്തു ചെയ്യും ഉണങ്ങാൻ ഒരാഴ്ചയെടുത്തു. ആ കുരുക്കൾ പഴുത്ത പാട് ഇപ്പോഴും മാഞ്ഞിട്ടില്ല. ഒരാഴ്ച കഴിഞ്ഞ് സ്കൂളിൽ ചെന്നപ്പോൾ പനിയായിരുന്നു എന്നു മാത്രം പറഞ്ഞു. കാരണം പറഞ്ഞാൽ ടീച്ചറും തല്ലിയാലോ എന്നു കരുതി. പിന്നെ അപ്പന് അധികം തല്ലേണ്ടി വന്നിട്ടില്ല. ആ അടിയുടെ ഓർമ്മ തന്നെ ഞങ്ങൾക്ക് രണ്ടാൾക്കും ധാരാളം.
   പറഞ്ഞു വന്നത് ചെറിയ ശിക്ഷകളിലൂടെ തന്നെയാണ് മനുഷ്യ ശിശുക്കൾ വളരേണ്ടത് എന്നു തന്നെയാണ്.
നല്ല വാക്കു കൊണ്ടു മാത്രം എല്ലാ കുട്ടികളെയും എല്ലായ്പ്പോഴും തിരുത്താനാകില്ല.
നാട്ടിലൊരു ചൊല്ലുണ്ട്
വീട്ടുകാര് തല്ലി വളർത്തിയില്ലെങ്കിൽ നാട്ട് കാര് തല്ലി നന്നാക്കേണ്ടി വരുംന്ന്.
അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ നല്ലതു പരിശീലിപ്പിക്കാൻ അല്പം ശാസനയും ശിക്ഷയും ഉപയോഗിക്കുന്നത് ആവശ്യമാണ്.
വൈകുന്നേരം പ്രാർത്ഥന എത്തിക്കാത്തവർക്ക് വീട്ടിൽ ചോറു വിളമ്പുമായിരുന്നില്ല.
അതൊരു ശീലമായി. നല്ലതോ പൊട്ടയോ എന്നല്ല. ചെറുപ്പത്തിൽ എന്തെങ്കിലും പരിശീലിച്ചാലല്ലേ വലുപ്പത്തിൽ ഒഴിവാക്കാൻ എന്തെങ്കിലും കാണു. ഇന്ന് 50 വയസ്സ് കഴിഞ്ഞവരെല്ലാം വീട്ടീൽ നിന്നും സ്കൂളിൽ നിന്നും അടി കൊണ്ടവരായിരിക്കും. അല്ലേ?
ക്ലാസ് ലീഡറായിരുന്ന ഞാൻ ഒടിച്ചു കൊണ്ടുവരുന്ന വടി കൊണ്ട് എനിക്കു തന്നെ എത്ര അടി കിട്ടിയിരിക്കുന്നു.
ഇപ്പോൾ അതൊക്കെ മധുരമുള്ള ഓർമ്മകളാണ്.
പിന്നെ ബോഡി ഷെയിമിംഗ് എന്നൊന്നും എന്താണെന്ന് അന്ന് അറിയില്ലല്ലോ? ആൺകുട്ടികളും പെൺകുട്ടികളുമുള്ള ക്ലാസിൽ കളിയാക്കലൊക്കെ ക്ലാസ് ഉഷാറാക്കുന്നതിൻ്റെ ഭാഗമായിരുന്നു.
പിന്നീട് ഞാൻ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴും കോളേജിൽ വടിയില്ലാത്തതു കൊണ്ട് അടിച്ചിട്ടില്ല. അത്യാവശ്യം ശിക്ഷയൊക്കെ ഞാനും കൊടുത്തിട്ടുണ്ട്.
ക്ലാസിൽ എണീപ്പിച്ചു നിർത്തുക, പുറത്തു നിർത്തുക, എഴുതിക്കൊണ്ടുവരാൻ പറയുക ,അത്യാവശ്യം കളിയാക്കുക ഇതൊക്കെ ടീച്ചറായ ഞാനും ചെയ്തിട്ടുണ്ട്. അതൊന്നും പക്ഷേ അവർക്കോ എനിക്കോ ആ ഒരു മണിക്കൂർ സമയത്തിനപ്പുറത്തേക്ക് നീണ്ടീട്ടില്ല. പലപ്പോഴും അങ്ങനെയുള്ള കുട്ടികളുമായിട്ടാണ് പിന്നീട് കൂടുതൽ ചങ്ങാത്തം ഉണ്ടായിട്ടുള്ളത്.
പറഞ്ഞു വന്നത് എവിടെയെങ്കിലും ഒരു അദ്ധ്യാപകൻ /അദ്ധ്യാപിക കുട്ടിയെ ശിക്ഷിച്ചു എന്നതിന് ആവശ്യത്തിലധികം മാധ്യമ പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന് കാര്യമായ ഒരു ഗുണവും ഉണ്ടാകില്ല.മറിച്ച് അധ്യാപകരെ തങ്ങളെന്തിന് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടണം എന്ന ചിന്തയിലേക്കാണ് എത്തിക്കുക. അങ്ങനെ രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ അവരുടെ വഴികളിൽ തിരുത്താതിരുന്നാൽ പിന്നെ പോലീസിനു പണി കൂടും. ഒരു സംഭവം കൂടെ പറയാം. രണ്ടു വർഷമായി ശ്രദ്ധയിൽ ഇരിക്കുമ്പോൾ പട്ടണത്തിനു നടുക്ക് ചുറ്റും വിദ്യാലയങ്ങൾ ഉള്ള സ്ഥലമാണിത്. അവിടെവിടെ കൂട്ടമായിമാറി നിന്ന് കൗമാരക്കാരായ കുട്ടികൾ പുകവലിക്കുന്നത് കാണാം.
വല്ലപ്പോഴും എന്താ ത്? എന്നു ചോദിച്ചാൽ തുറിച്ചൊരു നോട്ടമാണ്. ഞങ്ങടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ്. എന്നിട്ട് കുട്ടികളെയും കൊണ്ട് കൗൺസിലിംഗ് സെൻററിൽ നടക്കുക അതാണ് ഇപ്പഴത്തെ ശരി.
  പഴയതെല്ലാം ശരി എന്നല്ല. പാശ്ച ത്യ ലോകത്തെ പോലെ പ്രായപൂർത്തിയായാൽ അവരവർ അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ മതി.
 
  പണ്ടൊരു സുകുത ജപം ഉണ്ടായിരുന്നു.
നല്ല കാലത്തോളം ഭൂമിയിലിരിപ്പാൻ അപ്പനെയും അനസരിക്കുക എന്ന് .
ഇപ്പോഴും അത് ചൊല്ലാറുണ്ട്. അപ്പോഴെല്ലാം വൃശ്ചിക കാറ്റുപോലെ ഒരു കുട്ടിക്കാലം എന്നിലൂടെ കടന്നു പോകുന്നുണ്ട് 

NB. ഈ വൃശ്ചിക കാറ്റ് എന്നത് പാലക്കാട് ചുരം വഴി വന്ന് കരുവന്നൂർ പുഴ വരെയുള്ള ദേശക്കാർക്ക് മാത്രം അനുഭവിക്കാൻ യോഗമുള്ള കാറ്റാണ് .

see PDF below

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക