Image

പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല-ബാലസാഹിത്യം /നോവല്‍-2)

വര :മറിയം ജാസ്മിന്‍ Published on 28 April, 2024
പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല-ബാലസാഹിത്യം /നോവല്‍-2)

കരുതൽ    

കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാനും, നേഹയും ഒരു ആൺകുട്ടിയുടെ കരച്ചിൽ കേട്ടു. 

വില്ലകളിലേക്ക് ഉള്ള വഴിക്കു മുൻപുള്ള കവാടത്തിന് അരികിൽ ഇടവക പള്ളിയുടെ എതിർവശത്തായി മൂന്നു വീടുകളുണ്ട്. അതിലേതോ വീട്ടിൽ നിന്നാണ് കരച്ചിൽ ഉയർന്നത് എന്ന് ഞങ്ങൾക്ക് മനസിലായി. ഞാൻ പറഞ്ഞു. 

'നമുക്കൊന്നു പോയി നോക്കാം '. 

നേഹ തലകുലുക്കി. ഗേറ്റിൽ ഭാഗ്യത്തിന് സെക്യൂരിറ്റിക്കാരൻ ഭായി  ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കുവാൻ പോയിരിക്കുകയാണെന്നു തോന്നുന്നു.

ഭായി ഉണ്ടെങ്കിൽ ഞങ്ങൾ കുട്ടികളെ ആരെയും  ആ പരിസരത്തേക്ക് അടുപ്പിക്കില്ല. 

ഞങ്ങൾ വഴിയിലൂടെ നടന്നു  ചെന്നപ്പോൾ ഗേറ്റിനോട് ചേർന്നുള്ള ആദ്യത്തെ വീട്ടിൽ നിന്നാണ് കരച്ചിൽ എന്ന് മനസ്സിലായി. കരച്ചിൽ ഇപ്പോൾ  ഏങ്ങലടി  ആയി മാറിയിട്ടുണ്ട്. ഞാൻ  നേഹയോട് പറഞ്ഞു. 

'ഈ വീട് ആയത് കൊണ്ട് നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. അപകടം പിടിച്ച വീടാണിത്.' 

അമ്മ   ഒരിക്കൽ അമ്മമ്മയോട് പറയണത് ഞാൻ കേട്ടിട്ടുണ്ട്‌.

'എന്താ, ആ വീട്ടില് കുറെ കാറും, ആൾക്കാരും ഒക്കെ മിക്കപ്പോഴും വന്നു പോണെ'

അമ്മമ്മ ചോദിച്ചപ്പോൾ അമ്മ, സാറ്റു കളിക്കിടയിൽ അടുക്കളയുടെ കതകിൻ്റെ മറവിൽ ഒളിച്ചു നിൽക്കുന്ന ഞാൻ കേൾക്കാതിരിക്കുവാൻ അടക്കം പറയുന്നത്  കേട്ടതാണ്. 

'ആ, ആർക്കറിയാം. മന്ത്രവാദിയാണെന്ന പറഞ്ഞു കേക്കണെ. വലിയ പണക്കാരും, പദവിക്കാരും ഒക്കെ വന്നു പോണൂന്നു പറയണു. അമ്മ  ഇതിനി ആരോടും പറയണ്ടാട്ടൊ '.

'ആരേലും വരണ കണ്ട നേഹ പറഞ്ഞേക്കണെ' 

അങ്ങനെ പറഞ്ഞ് ഞാൻ ഗേറ്റിനു മുകളിലേക്ക് കയറി. ഞങ്ങളുടെ വഴിയിൽ നിന്നും ഏതാണ്ട് ആറടി ഉയരത്തിലാണ്  ആ വീടിൻ്റെ മതിൽ പൊക്കം.

'അച്ചാച്ച, ശ്രദ്ധിച്ചോളണെ'  

നേഹയ്ക്ക് ഉള്ളിൽ  പേടിയുണ്ടെന്ന് തോന്നുന്നു. ആകെയൊന്ന് നിരീക്ഷിച്ച് ക്യാമറയൊന്നും ഇല്ലെന്ന് ഉറപ്പാക്കി ഞാൻ ആ വീടിൻ്റെ  മതിലിൽ കയറി നിന്നു. 

ഒരു  ബൈക്ക് വരുന്നതിൻ്റെ ശബ്ദം കേട്ട് മതിലിൽ തന്നെ ഒച്ചയില്ലാതെ  ഇരുന്നു. രണ്ടു വീട് അപ്പുറത്തുള്ള മറ്റൊരു വീട്ടിലേക്ക് വന്ന വണ്ടിയാണ്. നേഹ ഗേറ്റിനോട് ചേർന്നുള്ള മതിലിൽ ചാരി നിൽപ്പുണ്ട്.

'നേഹേ ശ്രദ്ധിച്ചോളണെ'. 

'ഓക്കെ '

അവൾ  പറഞ്ഞു. ഏങ്ങലടി കേട്ട മുറി ഞാൻ നിൽക്കുന്നതിൻ്റെ മുൻപിലുള്ളതാണ്. ധൈര്യം സംഭരിച്ച് ഞാൻ ആ വീടിൻ്റെ മൂന്നടി താഴ്ച്ചയുള്ള മുറ്റത്തേക്ക് ചാടി ഇറങ്ങി. 

ആ മുറിയുടെ  അൽപ്പം മാത്രം തുറന്നിട്ടിരുന്ന  ജനാലയിലൂടെ ഞാൻ അകത്തേക്ക് നോക്കി. 

ഏകദേശം എൻ്റെ പ്രായമുള്ള ഒരു  ആൺകുട്ടിയാണ് കരഞ്ഞിരുന്നത്. ഞാൻ ജനാലയിൽ പതുക്കെ മുട്ടി. ആ കുട്ടി എന്നെ കണ്ട് ജനാലയുടെ അരികിലേക്ക് മടിച്ചു മടിച്ചു വന്നു. 

'ഞാനീ ഗേറ്റിന് അപ്പുറമുള്ള ഒരു വില്ലേല് താമസിക്കണ  നേതനാണ്. എൻ്റെ അനീത്തി നേഹ താഴെ ഗേറ്റിൻ്റെ ചോട്ടില് നിക്കണണ്ട്. വലതു  തിരിഞ്ഞ് ഇടതു വശത്തുള്ള അവസാനത്തെ വീട ഞങ്ങടെ.' 

ഞാൻ തുടർന്നു.

'എന്നാ ഇവിടത്തെ പ്രശ്നം. ഞങ്ങള് പുറത്ത് കളിക്കുവാർന്നു. കരച്ചില് കേട്ടിട്ട ഞാനും അനീത്തീം  വന്നത് '. 

എന്നെ വിശ്വാസമായെന്ന് മുഖഭാവം കണ്ടിട്ട് തോന്നിച്ചു. ഞാൻ കാര്യങ്ങൾ ആരാഞ്ഞപ്പോൾ ആ കുട്ടി പറഞ്ഞു. 

'പേര് മുരുകൻ. അമ്മ എന്നെ അപ്പൂന്ന് വിളിക്കും. അച്ഛൻ ഞങ്ങളെ വിട്ടു പോയി വേറൊരു കല്യാണം കഴിച്ചു. സ്വദേശം മൂന്നാർ അടുത്താണ്. ഞങ്ങള് മലയാളം അറിയാവുന്ന തമിഴര. അമ്മ ശെൽവി തേയില തോട്ടത്തിൽ പണിക്കു പോകും.' 

'പണിയില്ലാത്ത ദിവസങ്ങളിൽ വീട്ടിലുണ്ടാകും. അമ്മ ഒരു പരിചയക്കാരൻ വഴി ഈ വീട്ടിൽ കൊണ്ടുവന്ന് ആക്കിയതാണ്.' 

അപ്പു  തുടർന്നു. 

'കൊറച്ചു ജോലിയെ ഒള്ളു. സ്കൂളിൽ ചേർത്തോളാം. എൻ്റെ പേരിൽ അക്കൗണ്ട് തുടങ്ങി എല്ലാ മാസോം 500 രൂപ ബാങ്കിൽ ഇട്ടോളാം.  അങ്ങനെയൊക്കെയായിരുന്നു ഇവിടത്തെ അണ്ണൻ അമ്മയോട് അന്ന് പറഞ്ഞിരുന്നത്.' 

'ബാങ്ക് അക്കൗണ്ട് തുടങ്ങുമെന്ന് പറഞ്ഞത് വെറുതെയായി. ഒരു രൂപ പോലും ഇതുവരെ കൈയ്യിലും തന്നിട്ടില്ല. ഒരു മാസം മുൻപ് പനി പിടിച്ച് കിടന്നിട്ട് ആശുപത്രീല് കൊണ്ടു പോയില്ലാന്ന് മാത്രമല്ല,  പനിയായതിനാൽ ആഹാരവും തന്നില്ല. 

അപ്പു തുടർന്നു.

'ഏതാണ്ട് നാല് മാസം സ്കൂളിൽ വിട്ടു കഴിഞ്ഞപ്പെ,  'നീ, ഇനീം പോണ്ട. ഇവിടത്തെ പണികൾ ചെയ്ത് അക്ക വിഷമിച്ചു' എന്ന് പറഞ്ഞ് നാലാം ക്ലാസിലെ പഠിത്തവും അണ്ണൻ മുടക്കിച്ചു. സെക്കൻ്റ് മിഡ് ടേം പരീക്ഷ അടുത്തിരുന്നു'.  

അപ്പു സങ്കടത്തോടെയാണ് എന്നെ ഇതെല്ലാം പറഞ്ഞു കേൾപ്പിക്കുന്നത്.

'അമ്മ ഇതുവരെ വന്നിട്ടില്ല.  വണ്ടിക്കൂലിക്ക് പൈസ ഒത്തു കാണില്ല. അമ്മ ചെലപ്പോൾ ആരുടേങ്കിലും ഫോണീന്ന് വിളിച്ചിട്ടുണ്ടാകും.' 

'അണ്ണനും, അക്കയും 'ഇവിടെ ഒരു പ്രശ്നമില്ല' എന്ന രീതിയിൽ അല്ലെ സംസാരിക്കൂ. പക്ഷെ, ഫോൺ ഒരിക്കലും എനിക്ക് തന്നിട്ടില്ല.' 

ഒന്നു നിറുത്തിയ ശേഷം അപ്പു  തുടർന്നു.  

'മുറ്റമടിക്കണം. വീട് തുടയ്ക്കണം. തുണികൾ കഴുകണം. കറികൾക്ക് അരിഞ്ഞു കൊടുക്കണം. പാത്രങ്ങൾ കഴുകണം. ടിവി കാണുവാനോ, വായിക്കുവാനോ സമ്മതിക്കില്ല. ഇനി ഏതെങ്കിലും കാര്യം വൈകിയാൽ അന്ന് തല്ല് ഉറപ്പ് '. 

ജീവിതം മടുത്തെന്നാണ് അപ്പു  പറയുന്നത്. എനിക്ക് ആകപ്പാടെ സങ്കടമായി. ഞാൻ പറഞ്ഞു.

'എന്താ ഇപ്പ കുട്ടിക്ക് വേണ്ടത്. ഞങ്ങടെ കൂടെ പോരുന്നോ? ഞാൻ രക്ഷപെടുത്തി അപ്പൂനെ അമ്മയെ ഏൽപ്പിക്കാൻ ശ്രമിക്കാം. നാളെ രാവിലെ അഞ്ചു മണിക്ക് ഞങ്ങള്  മൂന്ന് നാല് ദിവസത്തേക്ക് അമ്മേടെ കോതമംഗലത്തുള്ള വീട്ടിലേക്ക് പോകും. കാറിലാ പോകുന്നത്.' 

'രാത്രി ഇവിടന്ന് ഇറങ്ങി ഞങ്ങടെ കാർപോർച്ചിൽ വന്ന് പതുങ്ങി ഇരിക്കാമെങ്കിൽ ഡിക്കിയിൽ  അമ്മ കാണാതെ ഞങ്ങള് കൊണ്ടു പോകാം. അവിടെ ചെന്നിട്ട് നമുക്ക് അപ്പൂൻ്റെ അമ്മയെ വിളിക്കാം. എന്നിട്ട് എന്തു വേണോന്ന് തീരുമാനിക്കാം.'

എൻ്റെ ആത്മാർത്ഥമായ വാക്കുകളിൽ അപ്പുവിന് വിശ്വാസവും, സംതൃപ്തിയുണ്ടായി എന്നു തോന്നുന്നു.

'ഒത്താ, നിശ്ചയായും ഞാൻ വരും.' 

അങ്ങനെ പറയുമ്പോൾ അവൻ്റെ കലങ്ങിയ കണ്ണുകളിൽ ഒരു തെളിച്ചം ഞാൻ കണ്ടു.

'നിൻ്റെ കള്ളക്കരച്ചില് നിർത്തീല്ലെ. വെക്കം വന്ന് പാത്രങ്ങള് കഴുകിക്കൊ. അല്ലെങ്കി അണ്ണൻ്റെ വക അടി ഇനീം നിനക്ക് കിട്ടും.'   

അക്കയുടെ ഒച്ച അടുക്കള പൊറത്തൂന്ന് കേൾക്കാം. ഞാൻ പറഞ്ഞു.

'ഇനീം നിന്ന ശരിയാവൂല്ല. ഭായി വരും മുമ്പ് ഞങ്ങള് പോട്ടെ. ബാക്കിയൊക്കെ രക്ഷപെട്ടാ അതിനു ശേഷം പറയാം'. 

മതിലു കയറി ഗേറ്റ് ഇറങ്ങി ഞാൻ  നേഹയുടെ കൈ പിടിച്ച് നടക്കുമ്പോൾ സമയം മൂന്നേകാൽ ആയിരുന്നു. ഭക്ഷണം കഴിച്ച് ഭായി ദൂരെ നിന്ന് വരുന്നതു കണ്ട് വില്ലയിലേക്കുള്ള നടപ്പിന് ഞങ്ങൾ ആക്കം കൂട്ടി.

read more: https://emalayalee.com/writer/294

Join WhatsApp News
Baby cheladan 2024-05-01 12:58:05
Very good 👍👍👍
Nixon Sebastian 2024-05-02 10:50:16
Superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക