Image

ക്യാമ്പസുകളിൽ പ്രതിഷേധം അടങ്ങിയില്ല; രാജ്യമൊട്ടാകെ 800 പേർ അറസ്റ്റിൽ (പിപിഎം) 

Published on 29 April, 2024
ക്യാമ്പസുകളിൽ പ്രതിഷേധം അടങ്ങിയില്ല;  രാജ്യമൊട്ടാകെ 800 പേർ അറസ്റ്റിൽ (പിപിഎം) 

യുഎസ് ക്യാമ്പസുകളിൽ ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങൾ വ്യാപിച്ചതോടെ പോലീസും യൂണിവേഴ്സിറ്റി അധികൃതരും വിദ്യാർഥികളുമായി ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യമായി. ശനിയാഴ്ച ഇരുനൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും അവരുടെ സമരകൂടാരങ്ങൾ പൊളിച്ചു കളയുകയും ചെയ്തു. 

വിയറ്റ്നാം യുദ്ധത്തിനെതിരെ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ പോലെയാണ് ഗാസയിലെ യുദ്ധം നിർത്തണം എന്നാവശ്യപ്പെടുന്ന പ്രകടനങ്ങൾ. ഏപ്രിൽ 18നു കൊളംബിയ യൂണിവേഴ്സിറ്റിയിൽ 108 വിദ്യാർഥികളെ അറസ്റ്റ് ചെയ്തതോടെയാണ് സമരം വ്യാപിച്ചത്. അതിനു ശേഷം രാജ്യത്തിൻറെ പല ഭാഗങ്ങളിൽ ക്യാമ്പസുകളിൽ നിന്ന് 800 വിദ്യാർഥികളെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച്ച അറസ്റ്റ് നടന്നത് പ്രധാനമായും ബോസ്റ്റണിലെ നോർത്ത്ഈസ്റ്റേൺ യൂണിവേഴ്സിറ്റി, ടെംപെയിൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ബ്ളൂമിംഗ്ടണിൽ ഇന്ത്യാന യൂണിവേഴ്സിറ്റി, സെന്റ് ലൂയിസിൽ വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ്. സെന്റ് ലൂയിസ് ക്യാമ്പസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഗ്രീൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജിൽ സ്റ്റീനും ഉൾപ്പെടുന്നു. 

കൊളംബിയ യൂണിവേഴ്സിറ്റിയിലെ സമരപ്പന്തൽ പൊളിക്കാൻ നൽകിയ സമയം കടന്നു പോയിട്ടും ഒന്നും സംഭവിച്ചില്ല. യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികളുമായി ചർച്ചയിലാണ്. 

അറസ്റ്റ് നടന്ന മറ്റു യൂണിവേഴ്സിറ്റികൾ ഇവയാണ്: 

കണക്ടിക്കറ്റിൽ ന്യൂ ഹാവെനിലെ യേൽ. കഴിഞ്ഞ തിങ്കളാഴ്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

മൻഹാട്ടനിലെ ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച ക്യാമ്പസിലെ പ്ലാസ ഏറ്റെടുത്ത വിദ്യാർഥികളെ ഒഴിപ്പിക്കാൻ ഡസൻ കണക്കിന് അറസ്റ്റുകൾ നടത്തി. 

മിനാപോളിസിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ ചൊവാഴ്ച 9 പേരെ അറസ്റ്റ് ചെയ്തു. അവരുടെ സമരപന്തൽ പൊളിച്ചു. അറസ്റ്റ് ചെയ്തവരെ പിന്നീട് യൂണിവേഴ്സിറ്റിയിൽ തിരികെ പ്രവേശിപ്പിച്ചു. 

കൊളംബിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരളിനയിൽ രണ്ടു പേരെ മാത്രം അറസ്റ്റ് ചെയ്തു പ്രശ്നം തീർത്തപ്പോൾ ലോസ് ആഞ്ജലസിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽ ബുധനാഴ്ച 93 പേരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. 

ഓസ്റ്റിനിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ 57 പ്രകടനക്കാരെ അറസ്റ്റ് ചെയ്തു. എന്നാൽ പോലീസ് രേഖകളിൽ പിഴവ് കണ്ടതിനെ തുടർന്നു എല്ലാവരെയും കുറ്റവിമുക്തരാക്കി. 

ബോസ്റ്റണിലെ എമേഴ്സൺ കോളജിൽ ബുധനാഴ്ച രാത്രി സമരക്കൂടാരം പൊളിച്ചപ്പോൾ 118 പേരെ അറസ്റ്റ് ചെയ്തു. 

ഒഹായോ സ്റേറ് യൂണിവേഴ്സിറ്റിയിൽ 16 വിദ്യാർഥികൾക്കു പുറമെ മറ്റു 20 പേരെ കൂടി അറസ്റ്റ് ചെയ്താണ് സമരപ്പന്തൽ നീക്കിയത്. 

അറ്റ്ലാന്റ എംറോയ് യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ച 28 പേരെ അറസ്റ്റ് ചെയ്തു. ബ്ളൂമിംഗ്ടണിൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നു വ്യാഴാഴ്ച 33 പേരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ച പക്ഷെ മറ്റു 23 പേരെ കൂടി അറസ്റ്റ് ചെയ്യേണ്ടി വന്നു. 

ന്യൂ ജേഴ്സിയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്ച കൂടാരം ഉയർത്തിയ രണ്ടു വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കി. സ്റ്റോർസിലെ യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കറ്റിൽ കൂടാരം പൊളിച്ചു, ഒരു വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.

പലസ്തീനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കുന്ന വിദ്യാർഥികൾ ഗാസയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനു ആയുധവും പണവും നൽകുന്നതു നിർത്തണമെന്നു പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുകയും ചെയ്യന്നു.  

Over 800 arrested over campus protests 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക