Image

ടിബറ്റ് പ്രശ്‌നത്തിന് പരിഹാരം ഉയരുന്നുവോ?  ചൈന - ദലൈലാമ പ്രതിനിധി ചര്‍ച്ചയ്ക്കു സാധ്യത

ദുര്‍ഗ മനോജ് Published on 29 April, 2024
 ടിബറ്റ് പ്രശ്‌നത്തിന് പരിഹാരം ഉയരുന്നുവോ?  ചൈന - ദലൈലാമ പ്രതിനിധി ചര്‍ച്ചയ്ക്കു സാധ്യത

ധര്‍മശാലയില്‍ നിന്നുയരുന്നത് പ്രതീക്ഷയുടെ പുതുവെളിച്ചമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 1959ല്‍ അയല്‍ രാജ്യമായ ചൈന ടിബറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. തുടര്‍ന്ന്ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി നടത്തിയ പ്രക്ഷോഭം പരാജയപ്പെട്ടതോടെയാണ് ആത്മീയ നേതാവ് ദലൈലാമയ്‌ക്കൊപ്പം ആയിരങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടുന്നത്.

ടിബറ്റിനെ പിടിമുറുക്കിയ ചൈനീസ് കമ്യൂണിറ്റ് കരങ്ങളില്‍ നിന്നും സ്വാതന്ത്ര്യം എന്നതായിരുന്നു കാലാകാലങ്ങളായി ടിബറ്റന്‍ സമൂഹം രാജ്യാന്തര ലോകത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതും. ടിബറ്റിനെതിരെ ചൈനയുടെ നിലപാടുകള്‍ മനുഷ്യത്വരഹിതവും അക്രമാസക്തവുമായിരുന്നു. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ചെറുതല്ല. അന്ന് ചൈന നിയമവിരുദ്ധമായി നടത്തിയ അധിനിവേശത്തിനിടെ 14 മത് ദലൈലാമയും സംഘവും തീര്‍ത്തും അപകടകരമായ ഒരു പാലായനത്തിനൊടുവിലാണ് ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ എത്തിച്ചേര്‍ന്നത്. പിന്നീട് ഇക്കാലമത്രയും സ്വന്തം നാട് തിരികെ ലഭിക്കാനുള്ള പോരാട്ടത്തിലായിരുന്നു ടിബറ്റുകാര്‍. എന്നാല്‍ ചൈനയുടെ ഉരുക്കുമുഷ്ടിക്കു മുന്നില്‍ അതൊന്നും വിലപ്പോയിരുന്നില്ല.

2002 മുതല്‍ 2010 വരെ ദലൈലാമയുടെ പ്രതിനിധികളും ചൈനീസ് സര്‍ക്കാരും ചേര്‍ന്ന് ഒമ്പതു ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതു ഫലം കണ്ടിരുന്നില്ല. പടിഞ്ഞാറന്‍ ലഡാക്കില്‍ 2020ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ടിബറ്റ് വിഷയം വീണ്ടും ലോകശ്രദ്ധ ആകര്‍ഷിച്ചു. പ്രവാസി ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യ ഇക്കാര്യത്തില്‍ സജീവമായി ഇടപെടാനും തുടങ്ങി. ഇതൊക്കെ ഇപ്പോള്‍ ചൈന കൂടി സമ്മതിക്കുന്ന ചര്‍ച്ചക്കുള്ള കാരണമായി കണക്കാക്കാം.

ദലൈലാമയുടെ മിഡില്‍ വേ നയം അനുസരിച്ച് ടിബറ്റന്‍ ജനതയുടെ സ്വയംഭരണത്തിനായി അവര്‍ വാദിച്ചുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഒരു ചര്‍ച്ചാസാധ്യത ഉരിത്തിരിഞ്ഞിരിക്കുന്നത്.

അപ്പോഴും ഹിമാലയന്‍ മാതൃരാജ്യത്തിന് സ്വയംഭരണാവകാശമെന്ന ടിബറ്റന്‍ ബുദ്ധആത്മീയ നേതാവിന്റെ ദീര്‍ഘകാല ആവശ്യത്തിനോട് ചൈന പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല ദലൈലാമയുടെ പ്രതിനിധികളുമായി മാത്രമേ ചര്‍ച്ച നടത്തൂ എന്നുമാണ് ചര്‍ച്ചയെക്കുറിച്ചുള്ള ചൈനീസ് നിലപാട്. അതായത് ചര്‍ച്ചാവിഷയം ടിബറ്റിന്റെ സ്വയംഭരണം എന്നതിനു പകരം ടിബറ്റിലെ ക്രമീകരണങ്ങള്‍ എന്നായി ചുരുങ്ങും. കൂടാതെ പതിനാലാമത് ദലൈലാമയുടെ പ്രതിനിധികളോടു മാത്രമാകും ചൈന ചര്‍ച്ച നടത്തുക. ഇന്ത്യയുമായി ബന്ധമുള്ള ടിബറ്റന്‍ പ്രവാസ സര്‍ക്കാരുമായിട്ടുള്ള ചര്‍ച്ചയാകും നടക്കുക എന്ന പ്രതീക്ഷയില്‍ നിന്നു പിന്നാക്കം പോയിരിക്കുകയാണിപ്പോള്‍ ചൈന. ടിബറ്റന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഓരോ ചുവടുവയ്പും പ്രധാനമാണ്. അതിനാല്‍ത്തന്നെ ഈ ചര്‍ച്ചയ്ക്കും പ്രാധാന്യമേറെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക