Image

 ചിരിമന്ത്രവുമായി പവി കെയര്‍ ടേക്കര്‍ 

സ്വന്തം ലേഖകന്‍ Published on 29 April, 2024
  ചിരിമന്ത്രവുമായി പവി കെയര്‍ ടേക്കര്‍ 

ജനപ്രിയ നായകന്‍ ദിലീപ് തന്റെ മുന്‍കാല സിനിമകളിലെ പോലെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുകയാണ് 'പവി കെയര്‍' ടേക്കര്‍ എന്ന ചിത്രത്തിലൂടെ. വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം മലയാളക്കരയൊന്നാകെ ചിരിപ്പിച്ച ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ വഴിയേ തന്നെയാണ് നീങ്ങുന്നത്. അടിമുടി നര്‍മ്മവും പ്രണയവും സെന്റിമെന്റ്‌സും എല്ലാം ചേര്‍ത്ത ദിലീപ് സിനിമകളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എത്തുകയാണ് പവി കെയര്‍ടേക്കറിലൂടെ. ആദ്യാവസാനം ദിലീപിന്റെ വണ്‍മാന്‍ ഷോ എന്നു പറയാവുന്നതരത്തിലുള്ള പ്രകടനം നടത്തിയാണ് അദ്ദേഹം പവിയായി മാറുന്നത്. 

കൊച്ചി നഗരത്തിലെ പ്രമുഖ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറാണ് പവി. പതിനെട്ട് വര്‍ഷത്തോളം ഗള്‍ഫിലായിരുന്ന അയാള്‍ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയതാണ്. കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടോളം ഗള്‍ഫ് നാട്ടിലായിരുന്നതിനാല്‍ തന്നെ നാട്ടിലെ മാറ്റങ്ങളെ കുറിച്ചൊന്നും കാര്യമായ പിടിയില്ല. അങ്ങനെ എന്തെങ്കിലും ഒരു ജോലി വേണമല്ലോ എന്നതിന്റെ പേരിലാണ് പവി കെയര്‍ ടേക്കറായി ഫ്‌ളാറ്റിലെത്തുന്നത്. 

ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ തന്റെ ജോലിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളാണ് പവി. അയാള്‍ എല്ലാ കാര്യങ്ങളും വളരെ സീരിയസ്സായി കാണുന്ന ആളാണ്. പക്ഷേ അയാള്‍ ചെയ്തു വയ്ക്കുന്ന കാര്യങ്ങളെല്ലാം പിന്നീട് വലിയ മണ്ടത്തരങ്ങളായി മാറുകയാണ്. ഇതിന്റെ പേരില്‍ അയാള്‍ക്ക് മറ്റുളളവരില്‍ നിന്നും ഒരുപാട് പഴി കേള്‍ക്കേണ്ടി വരുന്നു. ജീവിതം ഇങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് അയാളുടെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയുടെ അദൃശ്യസാന്നിധ്യം എത്തുകയാണ്. പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

ജനപ്രിയ നായകനെന്ന വിശേഷണം അര്‍ത്ഥവത്താക്കുന്ന പ്രകടനാണ് ദിലീപിന്റേത്. ചിത്രത്തിന്റെ ആദ്യ രംഗങ്ങളിലെല്ലാം ദിലീപ് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. മുമ്പ് ദിലീപിന്റെ എല്ലാ സിനിമകളിലും  നായകന് ഒപ്പത്തിനൊപ്പം നിന്ന് പ്രേക്ഷകനെ ചിരിപ്പിച്ച ഹരിശ്രീ അശോകന്‍, സലിംകുമാര്‍ അങ്ങനെ നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ ദിലീപ് ഒറ്റയ്ക്ക് തന്നെ പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു. അത് വിജയിച്ചിട്ടുമുണ്ടെന്ന് തിയേറ്ററില്‍ ഉയരുന്ന ചിരികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഒന്നും രണ്ടുമല്ല, അഞ്ചു നായിരമാരാണ് ദിലീപിനൊപ്പം ഈ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്. രാധിക ശരത് കുമാര്‍, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാള്‍ട്ടി എന്നിവരും ചിത്രത്തില്‍ മത്സരിച്ചഭിനയിക്കുന്നുണ്ട്.  

അഭിനയത്തിലെന്ന പോലെ സംവിധാന രംഗത്തും തിളങ്ങുകയാണ് വിനീത് കുമാര്‍. രാജേഷ് രാഘവന്റെ ശക്തമായ തിരക്കഥയും ഉളളില്‍ തട്ടുന്ന സംഭാഷണങ്ങളും സിനിമയ്ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. മനസിനെ സ്പര്‍ശിക്കുന്ന അനേകം രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. ഇടവേളയ്ക്ക് ശേഷം റൊമാന്‍സിന്റെ പരിവേഷമണിയുന്ന ദിലീപ് തന്റെ മികച്ച പ്രക്ടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്നു. സമീര്‍ താഹിറിന്റെ ഛായാഗ്രഹണവും മികച്ചതായി. ഒരു കാര്യം ഉറപ്പാണ്. കുടുംബ പ്രേക്ഷകര്‍ക്കിടയിലേക്ക് ചിരിമന്ത്രവുമായി എത്തുകയാണ് ദിലീപ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക